go

കലക്ടറേറ്റ് കയറ്റം കഠിനം

Thrissur News
ആർടി ഓഫിസ് അംഗപരിമിതർക്കായി മാസത്തിലൊരിക്കൽ താഴത്തെ നിലയിൽ ലേണേഴ്സ് ടെസ്റ്റിനു സൗകര്യമൊരുക്കാൻ നിവേദനം നൽകാനെത്തിയ ഓൾകേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ അംഗങ്ങളായ ബിജുവിനേയും വിജീഷിനേയും ഒന്നാം നിലയിലെ കലക്ടറുടെ ചേംബറിലേക്കു സുഹൃത്തുക്കൾ വീൽചെയറോടെ എടുത്തു കയറ്റുന്നു. ചിത്രം: മനോരമ
SHARE

തൃശൂർ∙ വീൽചെയറിൽ ജീവിക്കുന്ന വിജീഷും ബിജുവും ഇന്നലെ കലക്ടറെ കാണാനെത്തി. മുച്ചക്രവാഹനവും മറ്റും ഓടിക്കുന്ന ഇവരുടെ ആവശ്യം ഇതായിരുന്നു: രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന ആർടിഓഫിസിലെത്തി ലേണേഴ്സ് ടെസ്റ്റ് എഴുതാനോ ലൈസൻസ് നേടാനോ കഴിയുന്നില്ല... കലക്ടറേറ്റിലെത്തിയപ്പോഴാണു ബുദ്ധിമുട്ട് അറിഞ്ഞത്. എങ്ങനെ കലക്ടറെ കാണും? 20 പടികയറിയാൽ മാത്രമേ കലക്ടറുടെ ചേംബറിനു മുന്നിലെത്താനാകൂ. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ വീൽചെയറിന്റെ നാലറ്റത്തും പിടിച്ചു ചുമന്നുകയറ്റി. ജീവിതത്തിന്റെ ഭാരം പേറുന്നവരാണു ഭിന്നശേഷിക്കാർ. സർക്കാർ ഓഫിസുകൾ അവർക്ക് ഉപയോഗപ്രദമാക്കി മാറ്റണമെന്ന നിർദേശം നിലനിൽക്കെ ജില്ലയുടെ ഭരണസിരാകേന്ദ്രത്തിലാണു ജീവനക്കാരും ഇടപാടുകാരും കഷ്ടപ്പെടുന്നത്.

Thrissur News
കലക്ടറേറ്റിലെ ജോലികഴിഞ്ഞ് എല്ലാവരും പോയശേഷം പാടുപെട്ടു പടിയിറങ്ങി വരുന്ന അംഗപരിമിതരായ ഉഷയും ലക്ഷ്മിയും.

ഓൾകേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ അംഗങ്ങൾ കൂടിയാണു വീൽചെയറിൽ കലക്ടറെ കാണാനെത്തിയ ബിജു ചേറ്റുപുഴക്കാരനും വി.വി. വിജീഷും. ആർടിഒ ഓഫിസ് താഴത്തേക്കു മാറ്റാനായില്ലെങ്കിലും മാസത്തിലൊരിക്കൽ അംഗപരിമിതർക്കായി ലേണേഴ്സ് ടെസ്റ്റും മെഡിക്കൽ  പരിശോധനയും കലക്ടറേറ്റ് കെട്ടിടത്തിന്റെ താഴെ നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇവരുടെ ദുഃസ്ഥിതി അറിഞ്ഞ കലക്ടർ എസ്. ഷാനവാസ് ഉടൻ ആർടിഓഫിസ് അധികൃതരെ വിളിച്ചു വരുത്തി. പരിഹാര സാധ്യതകൾക്കു നടപടിയെടുക്കണമെന്നു നിർദേശിച്ചു. താഴെ നിന്ന് അറിയിച്ചിരുന്നെങ്കിൽ ഇറങ്ങിവരാമായിരുന്നെന്നും കലക്ടർ പറഞ്ഞു.

ലിഫ്റ്റ് പോലുമില്ലാത്ത കലക്ടറേറ്റോ?

തൃശൂർ കലക്ടറേറ്റാണ് ലിഫ്റ്റോ റാംപോ ഇല്ലാത്ത ഒരു പക്ഷേ, കേരളത്തിലെ ഏക കലക്ടറേറ്റ് കെട്ടിടം. 1956ൽ നിർമിച്ചതാണു മൂന്നുനിലയുള്ള ഈ കെട്ടിടം. പക്ഷേ, ഇതുവരെ ഒരു ലിഫ്റ്റ് നിർമിച്ചിട്ടില്ല. ഇത്രയും കാലം അംഗപരിമിതർ അടക്കമുള്ള ജീവനക്കാർ മൂന്നാം നിലയിലെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലും ജില്ലാ പഞ്ചായത്ത് ഡയറക്ടർ ഓഫിസിലും അടക്കം കയറി ഇറങ്ങിയിരുന്നത്. ഇപ്പോഴും ദുരിതം നിശബ്ദമായി സഹിച്ച്  പടികൾ ദിവസേന കയറുന്നവർ ധാരാളം. മൂന്നാം നിലയിലെ വിദ്യാഭ്യാസ ഓഫിസിൽ ജോലി ചെയ്തിരുന്ന ജീവനക്കാരി നടകയറ്റം മടുത്ത് ഒടുവിൽ താഴത്തെ നിലയിലുള്ള മറ്റൊരു വിദ്യാഭ്യാസ ഓഫിസിലേക്കു സ്ഥലം മാറ്റം വാങ്ങി. പ്രായമായവരടക്കം ഒട്ടേറെപ്പേർ ദിവസേന ഈ ഓഫിസുകളടക്കം കയറിയിറങ്ങുന്നു. കാര്യം നടക്കാതെ വന്നാൽ പലദിവസം, പലതവണ. ട്രഷറി താഴത്തെ നിലയിലായതിനാൽ ജീവനക്കാർ ചിലപ്പോൾ പലതവണ ഈ സ്റ്റെപ്പുകൾ ഇറങ്ങേണ്ടി വരും. ഒന്നു കയറി ഇറങ്ങുമ്പോൾ മൊത്തം 120 പടികളാണു ചവിട്ടേണ്ടി വരിക.

ലോട്ടറി ഓഫിസ് എന്ന കഠിനപരീക്ഷണം

കലക്ടറേറ്റ് കെട്ടിടത്തിലെ ഏറ്റവും വലിയ ശിക്ഷാകേന്ദ്രം ലോട്ടറി ഓഫിസാണ്. ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം കഴിക്കുന്ന അംഗപരിമിതരിൽ നല്ലൊരു ശതമാനം പേരും കാഴ്ച, ചലന വൈകല്യമുള്ളവരാണ്. ഇവർ കലക്ടറേറ്റിന്റെ നിലകൾ കയറിയാണു ലോട്ടറി ഓഫിസിലെത്തുന്നത്. ഇത്തരക്കാർക്ക് താഴെ ടിക്കറ്റ് നൽകാനും മറ്റും സംവിധാനമൊരുക്കിയിരുന്നെങ്കിലും പലപ്പോഴും ഫലപ്രദമല്ലെന്നു ലോട്ടറി ഏജന്റുമാർ തന്നെ പരാതിപ്പെടുന്നു.

കാലിയായ താഴത്തെ നില

കലക്ടറേറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നു കോടതികൾ കോടതിസമുച്ചയത്തിലേക്കു മാറ്റിയെങ്കിലും ഇവിടെ കാലിയായി കിടക്കുന്ന മുറികളിലേക്കു പല ഓഫിസുകളും മാറ്റിയിട്ടില്ല. ലോട്ടറി ഓഫിസിന്റെ ജോലി താഴത്തെ നിലയിൽ ഒരുവർഷത്തിലേറെയായി ഇഴഞ്ഞു നീങ്ങുകയാണ്. ഹോമിയോ ഡിഎംഒ ഓഫിസിന് താഴത്തെ നിലയിൽ വിശാലമായ മുറി അനുവദിച്ചെങ്കിലും ഇപ്പോഴും ലാലൂരിലെ സ്വകാര്യ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വാടക കൊടുത്തു കഴിയുകയാണ്. കുറച്ച് ഓഫിസുകൾ ഇവിടേക്കു മാറ്റുന്നതുകൊണ്ടു മാത്രം പരിഹാരമില്ല. ഒരു ലിഫ്റ്റ് നിർമിക്കുകയാണ് ഏറ്റവും എളുപ്പമുള്ള വഴി. റാംപ് നിർമിക്കുന്നത് ചിലപ്പോൾ ചെലവേറും.

കാഴ്ചയ്ക്കൊരു വീൽചെയർ

കലക്ടറേറ്റ് കെട്ടിടത്തിൽ ഒരു വീൽചെയറുണ്ട്. ഇതു സ്മാരകം പോലെ വെറുതെ വച്ചിരിക്കുകയാണ്. ഈ വീൽചെയറിന് ഉപയോഗം വരണമെങ്കിൽ വീൽചെയറിൽ രോഗിയെ ഇരുത്തി ജീവനക്കാർ തന്നെ ചുമക്കണം.

ജീവനക്കാർക്കുമുണ്ട് ദുരിതങ്ങൾ!

‘‘വയ്യാത്ത കാലുമായി ചവിട്ടുന്നത് 120 പടികൾ’’

ഒരു കാൽ പൂർണമായി തളർന്ന ഉഷയ്ക്കു കലക്ടറേറ്റിന്റെ മൂന്നാം നിലയിലെ തന്റെ ഓഫിസ് വരെ എത്ര പടികളുണ്ട് എന്നത് കാണാപ്പാഠമാണ്. 60 പടികൾ കയറണം. 60 എണ്ണം ഇറങ്ങണം. ഇടയ്ക്ക് ട്രഷറിയിലോ മറ്റോ പോകണമെങ്കിൽ 240 തവണ പടികളുമായി മല്ലടിക്കണം.

? പടികളുടെ എണ്ണം എങ്ങനെ ഇത്ര കൃത്യമായി ഓർത്തിരിക്കുന്നു?

അതിനൊരു കാരണമുണ്ട്. പടി എണ്ണിക്കയറുമ്പോൾ കയറാനുള്ളവയുടെ എണ്ണം കുറഞ്ഞുവരുന്നത് അറിയാമല്ലോ. ആ ഒരു ഊർജത്തിലാണു കയറുന്നത്.  കലക്ടറേറ്റ് പടിയിൽ നിന്നു മൂന്നാംനിലയിലെ സീറ്റിലെത്താൻ പത്തുമുതൽ 15  വരെ മിനിറ്റ് വേണം. ഇറങ്ങാനും.  വർഷം 15 ദിവസം ഉഷ ലീവിലാണ്. കാലിന്റെ ചികിൽസയ്ക്കുവേണ്ടിയാണിത്. ‍ഡോക്ടർ പലവട്ടം പറഞ്ഞു. ഈ ജോലി ഉപേക്ഷിക്കാൻ. ഉപജീവനത്തിനുള്ള പോരാട്ടമായതിനാൽ ജോലി കളയാനാവില്ലെന്നു പേരാമംഗലം മൈലാമൂട്ടിൽ ഉഷ മോൺസി പറയുന്നു. ഫെയർകോപ്പി സൂപ്രണ്ട് ലക്ഷ്മിയും ശാരീക പ്രശ്നങ്ങളെ മറകടന്നാണ് നടകയറുന്നത്. മുൻപൊരിക്കൽ അന്നത്തെ കലക്ടറോട് ഈ ബുദ്ധിമുട്ടു പറഞ്ഞതാണ്. ഇപ്പോഴും നടപടിക്കു കാത്തിരിക്കുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama