go

ഉസ്താദ് വസീം ഖാൻ തൃശൂരിൽ

Thrissur News
ഉസ്താദ് വസീം അഹമ്മദ് ഖാൻ
SHARE

തൃശൂർ ∙ രാഗധാരി എന്ന വിശേഷണത്തെ സമ്പന്നമാക്കുന്ന ആലാപന ശൈലി, വശ്യമധുരമായ ശബ്ദധാര. സംഗീതജ്ഞരുടെയും സംഗീതപ്രേമികളുടെയും സ്വപ്ന വിഹായസായ കൊൽക്കത്തയ്ക്കു ആ സംഗീതം എന്നും ആവേശവും ആഘോഷവുമാണ്. അനുഗ്രഹീതമായ ആ സംഗീതത്തിന് ഇന്ന് ഇന്ത്യയൊട്ടാകെ ജനപ്രിയമായ ഒരുപേരുണ്ട്. സാക്ഷാൽ ഉസ്താദ് വസീം അഹമ്മദ് ഖാൻ. ആഗ്ര ഖരാനയിലെ 17–ാം തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ യുവഗായകൻ.  ദക്ഷിണേന്ത്യയിലെ ആദ്യ വലിയ പൊതുപരിപാടി എന്ന സവിശേഷതയോടെ ഉസ്താദിന്റെ സംഗീതക്കച്ചേരി ഇതാദ്യമായി തൃശൂരിനു സ്വന്തമാകുകയാണ്. 21നു 5.30നു റീജനൽ തിയറ്ററിലാണ് കച്ചേരി.

വാഹ്, ഉസ്താദ്...വരൂ

Thrissur News

ആറാംവയസിലെ മൂളിപ്പാട്ടിൽ തന്നെ സംഗീതാഭിരുചിയുടെയും പ്രതിഭവിലാസത്തിന്റെയും മാറ്റ് തിരിച്ചറിഞ്ഞ മുത്തച്ഛൻ ഉസ്താദ് അട്ടാഹുസൈൻ ഖാന്റെ ശിക്ഷണത്തിലാണു കുട്ടി വസീം പാടിത്തെളിയുന്നത്. പിതാവ് നസീം അഹമ്മദ് ഖാനും അമ്മാവൻ ഷാഫി അഹമ്മദ് ഖാനും ആ കനൽ പത്തരമാറ്റിലേക്ക് ഊതിത്തെളിച്ചു. പിന്നീടങ്ങോട്ട് സംഗീതവേദികൾ കണ്ടത് ഈ ഇളമുറക്കാരന്റെ ഉദയമായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒട്ടേറെ വേദികളിൽ ആ ശബ്ദഗാംഭീര്യം സംഗീതകുതുകികളെ  ആശ്ലേഷിച്ചു കടന്നുപോയി. 20–ാം നൂറ്റാണ്ടിന്റെ ഏറ്റവും മഹാനായ ഹിന്ദുസ്ഥാനി ഗായകനായി കണക്കാക്കപ്പെടുന്ന ഉസ്താദ് ഫയാസ് ഖാന്റെ സംഗീതശുദ്ധി പരിപാലിക്കുന്ന ഉസ്താദ് വസീം അഹമ്മദ് ഖാന് ആരാധകരേറെയാണ്.

ഗർജിക്കുന്ന ഖരാന

ഹിന്ദുസ്ഥാനി സംഗീതത്തിലെ പഴക്കമുള്ളതും പ്രബലവുമായ ആഗ്ര ഖരാനയ്ക്കു വിശേഷണങ്ങൾ ഒത്തിരിയാണ്. പരുക്കനായത്, ആദിമമായത്, തുറന്ന സിംഹഗർജ്ജനം പോലെയുള്ളത്, ആണുങ്ങളായ സംഗീതകാരന്മാർക്കു മാത്രമുള്ളത്...കുരച്ചുകൊണ്ട് ഓടിയടുക്കുന്ന വേട്ടനായയുടെ ഭാവമാണതിനെന്നു പോലും കൽപിക്കപ്പെട്ടിട്ടുണ്ട്. സംഗീതകൃതികളുടെ സമ്പന്നത, അനുഗ്രഹീത ഗായകരുടെ ധാരാളിത്തം, ആലാപനരീതികളിലെ വൈവിധ്യം തുടങ്ങിയ വൈശിഷ്ട്യങ്ങളും ഏറെ. ആഗ്ര ഖരാനയുടെ ഉപജ്ഞാതാവായി ഗണിക്കപ്പെടുന്നത് ദേവഗിരിയിലെ (ഇന്നത്തെ ദൗലതാബാദ്) കൊട്ടാരം സംഗീതജ്ഞനായ നായക് ഗോപാലാണ്. 

വിചിത്രമായ ഉടമ്പടിഗീതം

1307ൽ അലാവുദീൻ ഖിൽജി ദേവഗിരി ആക്രമിച്ചു കീഴടക്കി. അനശ്വരനായ അമീർഖുസ്രുവിന്റെ ഉപദേശപ്രകാരം ഖിൽജി തോറ്റ രാജാവിനോട് ഉന്നയിച്ചത് വിചിത്രമായ ഒരേയൊരാവശ്യം: ‘കൊട്ടാര ഗായകനായ നായക് ഗോപാലിനെ തരുകയാണെങ്കിൽ രാജ്യം തിരികെ തരാം’! അങ്ങനെ ഗോപാലിനെ ഡൽഹിയിലെത്തിച്ചു. 

സ്വാഗതമോതി സംഗീതനഭസ്

കേരളത്തിലെ പൊതുവേദിയിൽ പാടുന്നു എന്ന വസീം അഹമ്മദ് ഖാന്റെ ഫെയ്സ്ബുക് കുറിപ്പിനു ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രമുഖ സംഗീതജ്ഞരും ആസ്വാദകരും നൽകിയത് വൻ സ്വീകരണമാണ്. ചുരുക്കം ചില കൺസർട്ടുകൾ ഒഴിവാക്കിയാൽ ഉസ്താദിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ വലിയ പൊതുപരിപാടി എന്ന സവിശേഷത സാംസ്കാരിക തലസ്ഥാനമായ തൃശൂരിനു സ്വന്തമാണ്. റീജനൽ തിയറ്ററിലെ സംഗീതക്കച്ചേരിക്കു പുറമേ മെഹ്ഫിൽ സമ്പ്രദായത്തിൽ (ചേംബർ മ്യൂസിക്) പ്രത്യേക ആലാപനവും ഉണ്ടാകും. തിരഞ്ഞെടുത്ത സദസ്സിനു മുന്‍പിൽ 22നു പറപ്പൂരിലെ ഒരു വീട്ടിൽ 9നു പ്രഭാതരാഗങ്ങളും 6.30നു സായാഹ്ന രാഗങ്ങളും ഉസ്താദ് ആലപിക്കും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama