go

ലിഫ്റ്റ് പണിയും; നടപടി ഉടനെന്ന് കലക്ടർ എസ്. ഷാനവാസ്

thrissur-shanavas
എസ്. ഷാനവാസ്
SHARE

തൃശൂർ∙ കലക്ടറേറ്റിൽ ലിഫ്റ്റ് നിർമിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നു കലക്ടർ. മുൻപ് ചില ശ്രമങ്ങൾ നടന്നെങ്കിലും ഫലവത്തായിട്ടില്ല. കലക്ടറേറ്റിൽ മുകൾ നിലയിലുള്ള ഓഫിസുകളിലെത്തുന്ന ജനങ്ങളും ജീവനക്കാരും ഏറെ പാടുപെടുന്നുണ്ട്. ഇതു പരിഹരിച്ചേ പറ്റൂ. എത്രയും വേഗം ലിഫ്റ്റ് നിർമിക്കും– കലക്ടർ എസ്. ഷാനവാസ് പറഞ്ഞു. 

കലക്ടറേറ്റിൽ പടികൾ കയറാനുള്ള പ്രയാസത്തെപ്പറ്റി ‘കലക്ടറേറ്റ് കയറ്റം കഠിനം’ എന്ന തലക്കെട്ടിൽ മെട്രോ മനോരമ വാർത്ത നൽകിയതിനെ ത്തുടർന്നാണു നടപടി.1956ൽ നിർമിക്കപ്പെട്ട കലക്ടറേറ്റ് കെട്ടിടത്തിൽ 63 വർഷം കഴിഞ്ഞിട്ടും ലിഫ്റ്റോ റാംപോ ഇല്ലാത്ത സ്ഥിതിയാണ്. പഞ്ചായത്തിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ഓഫിസുകൾ മൂന്നാം നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പെൻഷൻ പറ്റിയവരടക്കം പലപ്പോഴും എത്തുന്നത് വളരെ പാടുപെട്ടാണ്. 60 പടികൾ കയറിയും 60 പടികൾ ഇറങ്ങിയുമാണ് ഇവർ കാര്യങ്ങൾ നടത്തുന്നത്. 

അംഗപരിമിതരായ ധാരാളം ജീവനക്കാർ മൂന്നാം നിലയിൽ അടക്കം ജോലി ചെയ്യുന്നുണ്ട്. അറുപതിലേറെ ഓഫിസുകളിലായി 2500 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട് കലക്ടറേറ്റ് കെട്ടിടത്തിൽ. ഇവരൊക്കെയും പല നിലകളിലേക്ക് സ്റ്റെപ്പുകൾ കയറിയാണ് സീറ്റിലെത്തുന്നത്.  രണ്ടുനിലയുള്ള കണ്ണൂർ കലക്ടറേറ്റിൽ പോലും ലിഫ്റ്റുണ്ട്. മൂന്നാം നിലയിൽ ജോലി ചെയ്യുന്ന അംഗപരിമിതയായ ഉഷയ്ക്ക് സ്റ്റെപ്പ് കയറിയെത്താൻ 15 മിനിറ്റാണ് എടുക്കുന്നത്.

കലക്ടറേറ്റ് പടികയറ്റത്തിൽ വലഞ്ഞ് കൂടുതൽ ജീവനക്കാർ

കലക്ടറേറ്റിലെ കഠിനമായ പടികയറ്റത്തിൽ വലഞ്ഞ സർക്കാർ ഉദ്യോഗസ്ഥർ വേറെയും. മൂന്നാം നിലയിലെ വിദ്യാഭ്യാസ ഡയറക്ടർ ഓഫിസിൽ ജോലി ചെയ്തിരുന്ന അംഗപരിമിതയായ ടൈപ്പിസ്റ്റ് ഷൈലജ ഒരു വർഷത്തോളം ഈ സ്റ്റെപ്പുകൾ കയറിയിറങ്ങിയാണു ജോലി ചെയ്തത്. ഇതു കഷ്ടപ്പാടായതോടെ താഴത്തെ നിലയിലുള്ള എഇഒ ഓഫിസിലേക്കു ട്രാൻസ്ഫർ വാങ്ങി.

കോടതി സമുച്ചയവും അനുബന്ധ ഓഫിസുകളും കലക്ടറേറ്റ് കെട്ടിടത്തിലായിരുന്ന കാലത്ത് ഇവിടെ ലോ അസിസ്റ്റന്റ് ആയി ജോയിൻ ചെയ്ത അജിത് രാജ് വീൽചെയർ മുകളിലത്തെ നിലയിലേക്കു കൊണ്ടുപോകാനാവാതെ പ്രയാസപ്പെട്ടു. ഒടുവിൽ ശിരസ്തദാർ താഴേക്കിറങ്ങി വന്നാണ് നിയമന ഉത്തരവ് വാങ്ങി റജിസ്റ്ററിൽ ഒപ്പിടുവിച്ചത്. അരനൂറ്റാണ്ടിലേറെയുള്ള കലക്ടറേറ്റ് ചരിത്രത്തിൽ ഈ ദുരിതം അനുഭവിച്ചു ജോലിചെയ്തു വിരമിച്ചവരും ധാരാളം.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama