go

മാപ്രാണം കൊലക്കേസ്: മുഖ്യപ്രതി പിടിയിൽ

thrissur-evidence-collection-with-sanjay
സഞ്ജയിനെ കൊലപാതകം തെളിവെടുപ്പിന് എത്തിച്ചപ്പോൾ.
SHARE

ഇരിങ്ങാലക്കുട ∙ ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. മാപ്രാണം വർണ തിയറ്റർ നടത്തിപ്പുകാരനായ ഇരിങ്ങാലക്കുട നെടുപുരയ്ക്കൽ സഞ്ജയ് (45) ആണ് അമല ആശുപത്രി പരിസരത്തു പിടിയിലായത്. കൊലപാതകത്തിനു ശേഷം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ മുങ്ങിനടന്ന പ്രതി കീഴടങ്ങാനെത്തുന്നതിനിടെയാണ് സിഐ പി.ആർ. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

13ന് രാത്രി പന്ത്രണ്ടരയോടെയാണ് വർണ തിയറ്ററിനു പുറകിൽ താമസിക്കുന്ന വാലത്ത് രാജൻ വെട്ടേറ്റ് മരിച്ചത്. സിനിമ കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ വീട്ടിലേക്കുള്ള റോഡിൽ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാജന്റെ മകളുടെ ഭർത്താവ് വിനുവുമായി പ്രതി സഞ്ജയ് തർക്കത്തിലേർപ്പെട്ടിരുന്നു. മൂന്നു സഹായികളുമായി രാജന്റെ വീട്ടിലെത്തിയ സഞ്ജയ് ആക്രമിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതി യാത്രയ്ക്കിടെ ഉപേക്ഷിച്ച കാ‍ർ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.തെളിവെടുപ്പിനായി സഞ്ജയിനെ മാപ്രാണത്തു രാജന്റെ വീട്ടിലെത്തിച്ചപ്പോൾ കടുത്ത ജനരോഷമുയർന്നു. സ്ത്രീകളടക്കം പ്രദേശവാസികൾ പ്രതിക്കു നേരെ ആക്രോശവുമായെത്തി. രാജന്റെ ബന്ധുവായ യുവാവ് പ്രതിക്കു നേരെ കയ്യേറ്റശ്രമവും നടത്തി. പൊലീസ് പണിപ്പെട്ടാണ് ജനത്തെ നിയന്ത്രിച്ചത്.

കൂട്ടുപ്രതി ഊരകം കൊടപ്പുള്ളി മണികണ്ഠൻ (25) നേരത്തെ പിടിയിലായിരുന്നു. രാപ്പാൾ കള്ളായിൽ അനീഷ് (തക്കുടു), പാഴായി കൊപ്പാട്ടിൽ ഗോകുൽ എന്നിവർക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.എസ്. സുബിന്ത്, എം.പി.മുഹമ്മദ് റാഫി, എഎസ്ഐ ബാബു, സീനിയർ സിപിഒ ജെനിൻ, സിപിഒമാരായ ജോസഫ്, ഷെഫീർ ബാബു, എ.കെ.മനോജ്, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama