go

നഗരത്തിലെ റോഡുകൾ: മെക്കാഡം–ടൈൽ പ്ലാനുമായി ഭരണപക്ഷം

thrissur-corporation
SHARE

തൃശൂർ∙ കുഴികളിൽ വീർപ്പുമുട്ടുന്ന നഗരത്തിലെ പ്രധാന റോഡുകൾ മെക്കാ‍ഡം ടാർ ചെയ്തും ടൈൽ വിരിച്ചും മിന്നിക്കുമെന്നു ഭരണപക്ഷം. ഇതിനായുള്ള അജൻഡ കൗൺസിൽ അംഗീകരിച്ചു. സംഗതി കേൾക്കാൻ കൊള്ളാമെന്നും തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പ്രഖ്യാപനമാണെന്നും വിമർശിച്ച പ്രതിപക്ഷം തൽക്കാലം നിലവിലെ കുഴികൾ മഴയില്ലാത്ത ദിവസങ്ങളിൽ താൽക്കാലികമായെങ്കിലും നന്നാക്കണമെന്ന് ആവശ്യപ്പെട്ടു.

ആറുമാസത്തിനകം 60% പണി പൂർത്തിയാക്കുമെന്നു ഭരണപക്ഷം പറഞ്ഞപ്പോൾ ഫണ്ടിനെക്കുറിച്ചായി ചോദ്യം. ഏതുവിധത്തിലും ധനസമാഹരണം നടത്തുമെന്നു മേയർ അജിത വിജയൻ പറഞ്ഞു. പ്ലാൻ ഫണ്ട്, ഓൺ ഫണ്ട്, എംഎൽഎ-എംപി ഫണ്ട് എന്നിവ സ്വരൂപിക്കും. വേണ്ടിവന്നാൽ കടമെടുക്കുമെന്നും മേയർ പ്രഖ്യാപിച്ചു.അതേസമയം, തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പ്രഖ്യാപനമാണിതെന്നു വിമർശിച്ച പ്രതിപക്ഷത്തോട് അത് അങ്ങനെത്തന്നെയാണെന്നു വർഗീസ് കണ്ടംകുളത്തി പറഞ്ഞു.

അടുത്തെങ്ങാൻ നടക്കുമോ? 

അടുത്തൊന്നും നടക്കാനിടയില്ലാത്ത പ്രഖ്യാപനം മാത്രമാണിതെന്ന് മുൻ മേയർ രാജൻ പല്ലൻ ആരോപിച്ചു. 2020-21 സാമ്പത്തിക വർഷത്തെ ഫണ്ട് എടുത്താണ് ടാറിങ് നടത്താമെന്നു പറയുന്നത്. ഒന്നര വർഷം കഴിയാതെ പണികൾ നടക്കില്ലെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഡിവിഷനുകളിലേക്കുള്ള ഫണ്ട് എടുത്ത് പൊതുവികസനത്തിന് ഉപയോഗിക്കാനാകില്ലെന്നും ജനങ്ങളോടു പറഞ്ഞുനിൽക്കാൻ പാടാണെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി നിലപാടെടുത്തു. 

റോഡുകളുടെ ദയനീയാവസ്ഥ മാറ്റാതെ മെക്കാഡം ടാറിങ് നടത്തുമെന്ന് പറഞ്ഞ് പരിഹസിക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേൽ പറഞ്ഞു. മുൻ ഭരണസമിതി ദിവാൻജിമൂല മേൽപാലത്തിനുവേണ്ടി ആറുകോടി രൂപ കെട്ടിവച്ചത് ക്രമവിരുദ്ധമാണെന്നു ആക്ഷേപിച്ചവർ ഒന്നും നോക്കാതെ പിഡബ്ല്യുഡി റോഡുകൾക്കുവേണ്ടിയും ഫണ്ട് ചെലവിടാൻ തീരുമാനിച്ചെന്ന് എ.പ്രസാദ് ആരോപിച്ചു.

പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. ശ്രീനിവാസനെ യോഗത്തിലെത്തിക്കാനാകാത്തത് ഭരണകക്ഷിക്ക് മോശമാണ്. കമ്മിറ്റി മരിച്ചെങ്കിൽ വേറെ സംവിധാനമുണ്ടാക്കണം. ശ്രീനിവാസനെ വിലക്കിയിരിക്കുകയാണോ എന്നും ചോദ്യമുയർന്നു.

ചാണകം മെഴുകൽ

പ്രഖ്യാപനം കേൾക്കാൻ രസമുണ്ടെങ്കിലും റോഡിൽ പലയിടത്തും നടത്തുന്ന അറ്റകുറ്റപ്പണി ചാണകം മെഴുകുന്നതു പോലെയാണെന്നും ലാലി ജയിംസ് വിമർശിച്ചു. കുണ്ടും കുഴിയുമുള്ള റോഡുകളിൽ വീണ് ഒട്ടേറെപ്പേരാണ് അപകടത്തിൽ പെടുന്നതെന്ന് ബിജെപിയിലെ എം.എസ്.സമ്പൂർണ പറഞ്ഞു.

മെക്കാ‍ഡം ടാറിങ്ങിൽ നിന്ന് അയ്യന്തോൾ അടക്കമുള്ള മേഖലയെ ഒഴിവാക്കിയത് കോൺഗ്രസ് കൗൺസിലർമാർ കൂടുതലുള്ള പ്രദേശമായതിനാലാണോയെന്ന പ്രതിപക്ഷ ചോദ്യത്തിന് മെക്കാഡം ടാറിങ്ങിന് അഞ്ചര മീറ്ററെങ്കിലും വീതിയുള്ള റോഡു വേണമെന്നതിനാലാണ് എല്ലാ ഡിവിഷനിലും അതിനു കഴിയാത്തതെന്നു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷീബ ബാബു മറുപടി നൽകി.

വനിതാ പ്രതിപക്ഷം നടുത്തളത്തിൽ

നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാന് എതിരായ പരാമർശത്തിൽ വിശദീകരണത്തിന് അവസരം നൽകാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് വനിതാ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതു ബഹളത്തിനിടയാക്കി. മുൻ നഗരാസൂത്രണ കമ്മിറ്റി ചെയർമാൻ ഷീന ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവർ മേയറെ സംസാരിക്കാൻ അനുവദിച്ചില്ല.

ഷീന അധ്യക്ഷയായിരിക്കെ ഫയലുകൾ വച്ചു താമസിപ്പിച്ചെന്നു സിപിഎമ്മിലെ സതീശ്ചന്ദ്രൻ ആക്ഷേപിച്ചിരുന്നു. അതിനു വിശദീകരണം നൽകാൻ എഴുന്നേറ്റ ഷീനയെ മേയർ വിലക്കി. ഇതോടെ വനിതാ അംഗങ്ങൾ നടുത്തളത്തിലിറങ്ങി. അപ്പോഴും പ്രതിപക്ഷത്തെ അനൈക്യം പ്രകടമായി.

ലാലൂർ സ്റ്റേഡിയം: ചീഫ് സെക്രട്ടറിയുടെ നടപടി തള്ളി ഭരണപക്ഷം

ലാലൂരിലെ സ്‌പോർട്‌സ് സ്റ്റേഡിയം നിർമാണം നിർത്തിവയ്ക്കാനുള്ള ചീഫ്‌ സെക്രട്ടറിയുടെ നിർദേശത്തിനെതിരെ ആഞ്ഞടിച്ചു ഭരണപക്ഷം. ലാലൂരിൽ സ്റ്റേഡിയം നിർമാണം തടഞ്ഞു ചീഫ്‌ സെക്രട്ടറി കത്തയച്ച വിഷയം ജോൺ ഡാനിയലാണ് ഉന്നയിച്ചത്. ഇങ്ങനെ നിരോധന ഉത്തരവ് ഇറക്കിയിട്ടില്ലെന്നു പറഞ്ഞ വർഗീസ് കണ്ടംകുളത്തി ചീഫ് സെക്രട്ടറിയുടെ നിർദേശം അംഗീകരിക്കില്ലെന്നു പറഞ്ഞു. 

അധികാരവും ധൈര്യവുമുണ്ടെങ്കിൽ 24 മണിക്കൂറിനകം നിർമാണം നിർത്തിവയ്പിക്കട്ടെ. സർക്കാർ ഉത്തരവനുസരിച്ചാണ് സ്റ്റേഡിയം നിർമാണത്തിനു തീരുമാനിച്ചത്. മറിച്ചുള്ള തീരുമാനത്തെ ഇടതുമുന്നണി അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. 

മാലിന്യത്തിൽ നിന്നു വൈദ്യുതിയുണ്ടാക്കാനുള്ള പദ്ധതിക്ക് ആവശ്യമായ സ്ഥലം വിട്ടുനൽകാൻ കോർപറേഷൻ ഒരുക്കമാണെന്നും കണ്ടംകുളത്തി പറഞ്ഞു. ലാലൂരിൽ സ്റ്റേഡിയം പണിയുന്നത് നിർത്തി വീണ്ടും മാലിന്യപ്ലാന്റ് ആക്കാനുള്ള നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ എ.പ്രസാദ് പ്രമേയം അവതരിപ്പിച്ചു. പാലിയേക്കര ടോൾ പ്ലാസയിൽ ജനങ്ങളുടെ യാത്രാസ്വാതന്ത്യം ലംഘിക്കരുതെന്ന ജോൺ ഡാനിയലിന്റെ പ്രമേയവും അംഗീകരിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama