go

കുഞ്ഞുണ്ണി സ്മാരകം യാഥാർഥ്യമാവുന്നു

Thrissur News
കവി കുഞ്ഞുണ്ണിയുടെ വലപ്പാട്ടെ അതിയാരത്തെ തറവാട്ട് വളപ്പില്‍ പൂര്‍ത്തിയായ സ്മാരകം.
SHARE

തൃപ്രയാർ ∙ കവി കുഞ്ഞുണ്ണിയുടെ സ്മാരകം യാഥാർഥ്യമാകുന്നു. തിങ്കളാഴ്ച 10.30 ന് വലപ്പാട്ടെ കവിയുടെ തറവാടായ അതിയാരത്ത് വീട്ടുവളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്മാരകം നാടിന് സമർപ്പിക്കും.വീട്ടുകാർ നൽകിയ അഞ്ച് സെന്റ് സ്ഥലത്ത് 2000 ചതുരശ്ര മീറ്ററിൽ പൂർത്തിയായ സ്മാരകത്തിന് സർക്കാരിന്റെ 25 ലക്ഷവും പഞ്ചായത്തിന്റെ 13 ലക്ഷവും എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് നാല് ലക്ഷവും ചെലവഴിച്ചു. സ്മാരക മന്ദിരത്തിൽ ആരംഭിക്കുന്ന ലൈബ്രറി സംസ്ഥാനത്തെ ആദ്യമായ ബാലസാഹിത്യ ഗവേഷണ ലൈബ്രറിയായി മാറ്റുമെന്ന് സംഘാടകർ പറഞ്ഞു. 

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ലൈബ്രറി ഉദ്ഘാടനം ചെയ്യും. സ്മാരകം രൂപകൽപ്പന നടത്തിയവരെയും നിർമാണം നടത്തിയവരെയും  സംസ്ഥാന കായകൽപ അവാർഡ് നേടിയ തൃത്തല്ലൂർ ഗവ. പ്രാഥമിക ആരോഗ്യകേന്ദ്രത്തെ ആദരിക്കലും നടത്തുമെന്ന് ഗീതഗോപി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. സുഭാഷിണി, സി.കെ. ബിജോയ്, വി.ആർ. ബാബു, പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് എന്നിവർ അറിയിച്ചു.

സ്മാരകത്തിനായി കാത്തത് 10 വർഷം 

തൃപ്രയാർ ∙ ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് കവി കുഞ്ഞുണ്ണിയുടെ സ്മാരകം യാഥാർഥ്യമാകുന്നത്.കവിയുടെ വിയോഗത്തിന് ശേഷം 13 വർഷവും കഴിഞ്ഞു. സ്മാരക നിർമാണത്തിന് മുൻ സർക്കാരുകൾ തുടക്കം കുറിച്ചിരുന്നു. രണ്ടു തവണ സംഘാടക സമിതികൾ രൂപീകരിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ വിവാദത്തിനൊപ്പം സ്മാരകം നിർമിക്കുന്ന സ്ഥലത്തെ നീർത്തട പ്രശ്നവും തടസമായി. ഇതിനിടെ രണ്ട് സംഘാടക സമിതികളും രാജിവച്ചതോടെ സ്മാരക നിർമാണം അനിശ്ചിതത്വത്തിലായി.സ്മാരകം നിർമാണം വൈകുന്നതിൽ കവിയുടെ കുടുംബാംഗങ്ങൾ പ്രതിഷേധമറിയിച്ചിരുന്നു.

തീരമേഖലയിലെ സാമൂഹിക രംഗത്തെ ഗാന്ധിതീരം ഫൗണ്ടേഷൻ പ്രവർത്തകർ കർമസമിതി രൂപീകരിച്ച് സ്മാരക നിർമാണത്തിനായി മുന്നോട്ടു വന്നു. ഇതിനെത്തുടർന്ന് ഗീതഗോപി എംഎൽഎയുടെ നേതൃത്വത്തിൽ ഗാന്ധിതീരം പ്രവർത്തകരും  മന്ത്രി എ.കെ. ബാലനുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് സ്മാരക നിർമാണം യാഥാർഥ്യത്തിലെത്തുന്നത്. എംഎൽഎ നിയമസഭയിൽ സബ്മിഷൻ കൊണ്ടുവന്നു. നീർത്തട ഭൂമിയെന്ന വിവാദം ഒഴിവാക്കാൻ സ്മാരകത്തിന് താഴെ ഭാഗം താമരക്കുളമാക്കി സംരക്ഷിച്ചിട്ടുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama