go

പ്രായത്തിന്റെ ചോരത്തിളപ്പെന്നു പറഞ്ഞ് എല്ലാവരും കളിയാക്കി, വല്ലാത്തൊരു വിന്റേജ് പഹയൻ!

thrissur-vintage-bikes
വിന്റേജ് വാഹനങ്ങൾക്കൊപ്പം അരുൺ ചേലൂർ.
SHARE

ത‍ൃശൂർ∙ കോളജിൽ പഠിക്കുന്ന പയ്യന് ഒരു മോഹം; വിന്റേജ് വണ്ടികൾ സ്വന്തമാക്കണം. പ്രായത്തിന്റെ ചോരത്തിളപ്പെന്നു പറഞ്ഞ് എല്ലാവരും കളിയാക്കി. ആദ്യം കണ്ട സ്വപ്നമല്ലേ, വിട്ടുകളയാൻ കഴിയുമോ? അങ്ങനെ അരുൺ ചേലൂർ എന്ന കോളജ് ബോയ് ആ സ്വപ്നത്തിന്റെ പുറകേ പോയി. അങ്ങനെ സ്വന്തമാക്കിയത് 12 വിന്റേജ് വണ്ടികൾ.... ചുരുങ്ങിയകാലം കൊണ്ട്. തൃശൂർ കോട്ടപ്പുറം റോഡിലെ വീട്ടിലുണ്ടാവും മിക്കവാറും ഈ വാഹനങ്ങളെല്ലാം.

thrissur-cars
അരുണിന്റെ വിന്റേജ് കാർ ശേഖരത്തിൽ നിന്ന്.

∙ദുൽഖർ വിത്ത് ആർഡി 350

ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിലെ ദുൽഖർ കഥാപാത്രം ഉപയോഗിക്കുന്ന ആർ‍ഡി 350 ബൈക്ക്  2007 മുതൽ അരുണിന്റെ കയ്യിലുണ്ട്. പിന്നെയും ഏഴുവർഷം കഴിഞ്ഞാണു ബാംഗ്ലൂർ ഡേയ്സ് സിനിമ വരുന്നത്.പി ജി പഠനകാലത്താണ്, വണ്ടി വാങ്ങുന്നെങ്കിൽ അത് വിന്റേജ് വണ്ടി തന്നെ എന്നു തീരുമാനിക്കുന്നത്. അതിനുള്ള പണം കണ്ടെത്താനായി പിന്നെയുള്ള ശ്രമം. 2005ലെ പിജി പഠനത്തിനു ശേഷം, ചില പാരലൽ കോളജുകളിൽ അധ്യാപകനായി ജോലി ചെയ്തു.   

അങ്ങനെ വാങ്ങിയ ആദ്യ വണ്ടിയാണ് യമഹയുടെ ആർഡി 350.പിന്നീടുസ്വന്തമാക്കിയ വണ്ടികളാണ് യെസ്ഡി 350, രാജ്ദൂത് സൂപ്പർഡി, രാജ്ദൂത് ബോബി, യെസ്ഡി റോഡ് കിങ്ങ്250, എൻഫീൽഡ് ഫ്യൂറി, ആർഡി 350, ബിഎസ്എ ബാൻഡാം ഡി1, ആർഎക്സ്‌സെഡ് ഫൈവ് സ്പീഡ്, സുസുകി ടിഎസ്250ആർ, ഫിയറ്റ് 1100 എലഗന്റ്, ഡബ്ല്യു 110 ഫിൻടെയിൽ,ഡബ്ല്യു123 240ഡി മെഴ്സിഡസ് ബെൻസ് എന്നിവ.

thrissur-vintage-bike

∙യെസ്ഡി 350

യെസ്ഡി 350 ട്വിൻ വണ്ടിയാണ് അരുണിന്റെ ശേഖരത്തിലെ മറ്റൊരു കൗതുകക്കാഴ്ച. 350സിസി എന്നതിലുപരി ട്വിൻ സിലിണ്ടർ  അപൂർവം. (ജാവയാണ് ആദ്യം ഇത്തരത്തിലുള്ള വണ്ടികൾ പുറത്തിറക്കിയത്. തുടർന്ന് കമ്പനി യെസ്‍ഡി എന്നു പുനർനാമകരണം ചെയ്തു. ഇപ്പോൾ വീണ്ടും ജാവ എന്നു പേരുമാറ്റി വണ്ടികൾ പുറത്തിറക്കിത്തുടങ്ങി.)

thrissur-bike

∙രാജ്ദൂത് ബോബി

1978 ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് സിനിമയാണ് ബോബി. ഋഷി കപൂറും ഡിംപിൾ കബാഡിയയും തകർത്തഭിനയിച്ച ആ സിനിമ പോലെത്തന്നെ ഋഷി കപൂർ ഉപയോഗിച്ച ബൈക്കും ആരാധകരുടെ മനം കവർന്നു. രാജ്ദൂത് ജിടിഎസ് 175 എന്നാണ് വണ്ടിയുടെ യഥാർഥ പേരെങ്കിലും രാജ്ദൂത് ബോബി എന്ന പേരിലാണ് പിന്നീട് ഈ ബൈക്ക് അറിയപ്പെട്ടത്.

∙ഫ്യൂറിയും എക്സ്പ്ലോററും

എൻഫീൽഡ് ഫ്യൂറി എന്ന ബൈക്കിന്റെ 1987 മോഡലാണ് അരുണിന്റെ കയ്യിലുള്ളത്. സൺഡാപ് കെഎസ് 175 എന്ന പേരിൽ അറിയപ്പെടുന്ന ജർമനിയിലെ വാഹനമായിരുന്നു ഇത്. സൺഡാപ് കമ്പനി പൂട്ടിയതോടെ അവരുടെ യന്ത്രസാമഗ്രികൾ എൻഫീൽഡ് ഇന്ത്യ വാങ്ങിച്ചു. തുടർന്ന് അവർ ചെന്നൈയിലെ റാണിപ്പേട്ട് എന്ന സ്ഥലത്ത് എൻഫീൽഡ് ബൈക്ക് നിർമാണശാല ആരംഭിച്ചു.

എൻഫീൽഡിന്റെ സിൽവർ പ്ലസ്, എക്സ്പ്ലോറർ, മൊഫ തുടങ്ങി അന്നു പുറത്തിറങ്ങിയ വണ്ടികളുടെ കൂട്ടത്തിലാണ് എൻഫീൽഡ് ഫ്യൂറിയും വരുന്നത്. റാണിപ്പേട്ടിലെ ആ ഫാക്ടറി പോലും ഇപ്പോൾ നിലവിലില്ല. ഇതിനൊപ്പം ഇറങ്ങിയ മറ്റൊരു ബൈക്കാണ് എൻഫീൽഡ് എക്സ്പ്ലോറർ. 50 സിസിയുള്ള ഈ വണ്ടി മോപ്പഡ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

thrissur-car

∙പഴക്കത്തിനെത്ര പഴക്കം?

1950 മോഡൽ ബിഎസ്എ ബാൻഡാം ഡി1 ബൈക്കാണ് അരുണിന്റെ ശേഖരത്തിലെ ഓൾഡ് മെംബർ. 125 സിസിയുള്ള 2 സ്ട്രോക് മോട്ടോർ ബൈക്കാണിത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഇംഗ്ലിഷ് മോഡൽ. ബിഎസ്എ ബാൻഡാം ഡി1, യുദ്ധ ആവശ്യങ്ങൾക്കായി ബ്രിട്ട‌ിഷ് ആർമി  നിർമിച്ചിരുന്ന ഈ വണ്ടി ലൈറ്റ്‌വെയ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുന്നു.  

∙ഗോഡ്സ് ഓൺ ലോഡ്സ്

ഗോഡ്സ് ഓൺ ലോഡ്സ് എന്ന പേരിലാണ് കേരള ആർഡി350 ക്ലബ് പ്രവർത്തിക്കുന്നത്. 2013 മുതൽ അരുൺ ഈ ക്ലബ്ബിന്റെ പ്രസിഡന്റ് ആണ്. എല്ലാ വർഷവും മീറ്റുകൾ സംഘടിപ്പിക്കും.  ഏകദേശം 200 അംഗങ്ങൾ ഈ ക്ലബ്ബിലുണ്ട്.

∙ഫിയറ്റ് 1100 എലഗന്റ്

പണ്ടു വളരെ വ്യാപകമായ വണ്ടിയായിരുന്നു ഫിയറ്റ് 1100 എലഗന്റ്.  ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത 1957 ഫിയറ്റ് മോഡലാണ് അരുണിന്റെ കയ്യിലുള്ളത്. 1960 നു ശേഷം ഇന്ത്യയിൽ പ്രീമിയർ പത്മിനി എന്ന പേരിൽ ഈ വണ്ടി പുറത്തിറങ്ങി.

∙പരിചരണം ദുഷ്കരം

വിന്റേജ് വണ്ടികളുടെ പരിചരണം ഏറെ ദുഷ്കരമാണ്. സ്പെയർ പാർട്സ് കിട്ടാൻ പ്രയാസമാണ്. ബൈക്കുകളുടെ സ്പെയർ പാർട്സ് ലഭിക്കാൻ കാറുകളെ അപേക്ഷിച്ച് താരതമ്യേന എളുപ്പമാണ്. എന്നാലും, കോയമ്പത്തൂർ, തമിഴ്നാട്, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണു ബൈക്കുകളുടെ സ്പെയർ പാർട്സ് വാങ്ങുക. അല്ലെങ്കിൽ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണു പതിവ്.

ഓൺലൈൻ സംവിധാനങ്ങൾ വന്നത് സ്പെയർ പാർട്സ് വാങ്ങുന്നത് എളുപ്പമാക്കിയിട്ടുണ്ട്. എന്നാൽ പണിയറിയാവുന്ന വർക്‌ഷോപ്പുകൾ ഇല്ലാത്തതും പ്രശ്നമാണ്.  ഇൻഷുറൻസ് വലിയൊരു കടമ്പയാണ്. എമിഷൻ ടെസ്റ്റ് പാസാക്കുക എളുപ്പമല്ല. കോയമ്പത്തൂരിലെ കർപഗം സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയാണ് അരുൺ. ഭാര്യ അഞ്ജലിയും മകൾ പാർവതിയുമടങ്ങുന്നതാണ് അരുണിന്റെ കുടുംബം. തൃപ്രയാർ പെരിങ്ങോട്ടുകര ചേലൂർ മനയാണു തറവാട്.

3 സുഹൃത്തുക്കൾ, 3 ‘സിനിമാതാരങ്ങൾ

‘എന്ന് നിന്റെ മൊയ്തീൻ’ സിനിമയിൽ ഉപയോഗിച്ച വണ്ടിയാണ് ഡബ്ല്യു 110 ഫിൻടെയിൽ. സിനിമയുടെ കലാസംവിധായകനിൽ നിന്നാണ് അരുൺ 1967 മോഡൽ വണ്ടി സ്വന്തമാക്കിയത്.  ‘വല്ല്യേട്ടൻ’ എന്ന സിനിമ ഷൂട്ട് ചെയ്തത് അരുണിന്റെ തറവാട്ടിലാണ്. ആ സിനിമയിലേതു പോലെ തന്നെയാണ് ഇപ്പോഴും ആ എട്ടുകെട്ട് സൂക്ഷിച്ചിരിക്കുന്നത്. 1928ൽ ചെന്നൈയിൽ നിന്നു വാങ്ങിയ ഫോഡ് കാർ ആണ് അരുണിന്റെ വാഹനപ്രിയത്തിന്റെ പട്ടികയിലെ ഒന്നാം നമ്പറുകാരൻ.

അരുണിന്റെ സുഹൃത്തായ ആനന്ദ് ലാലിന്റെ കയ്യിലാണ് ‘ആറാം തമ്പുരാൻ’ എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച ബെൻസ് കാറുള്ളത്. 1983 മോഡൽ ഡബ്ല്യു123 240ഡി മെഴ്സിഡസ് ബെൻസാണ് ആനന്ദിന്റെ കയ്യിലുള്ളത്. ‘ഓം ശാന്തി ഓശാന’യിൽ ഉപയോഗിച്ച കോണ്ടസ കാറാണ് ഇരുവരുടെയും പൊതുസുഹൃത്തായ കുരിയച്ചിറ സ്വദേശി പോളിന്റെ കയ്യിലുള്ളത്. അങ്ങനെ 3 സുഹൃത്തുക്കൾ ചേർന്നു സ്വന്തമാക്കിയത് 3 സൂപ്പർഹിറ്റ് സിനിമകളിൽ തലയെടുപ്പോടെ തിളങ്ങിയ വണ്ടികൾ.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama