go

പോക്സോ ബോധവൽക്കരണവേദി; മൈക്കെടുത്ത് പോക്സോ കേസ് പ്രതി, അമ്പരന്ന് ഡിജിപിയും സംഘവും...

thrissur-kunje-ninakai-programme
കുട്ടികൾക്കെതിരായ അതിക്രമം തടയാൻ പൊലീസ് നടപ്പിലാക്കുന്ന ‘കുഞ്ഞേ നിനക്കായ്’ പദ്ധതിയുടെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്തു നടന്ന സമ്മേളനത്തിൽ മൈക്ക് കൈവശപ്പെടുത്തിയ യുവാവിനോട് കാര്യങ്ങൾ ചോദിച്ചറിയുന്ന സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര.
SHARE

തൃശൂർ ∙ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനുള്ള പോക്സോ നിയമ ബോധവൽക്കരണ പരിപാടിക്കിടെ മൈക്കിലൂടെ പരസ്യവിമർശനം നടത്തി പോക്സോ കേസിലെ പ്രതി. 62 ദിവസം ജയിൽവാസം അനുഭവിച്ച കോതമംഗലം പുതുക്കുടിയിൽ ജോമറ്റ് ജോസഫാണ് നാടകീയമായി വേദിക്കരികിലെത്തി വിമർശനമുന്നയിച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്റ ഉൾപ്പെടെയുള്ളവർ സദസ്സിലിരിക്കെയാണ് അപ്രതീക്ഷിത സംഭവം.

‌പരിപാടിയുടെ അവതാരക സദസ്യരുടെ പ്രതികരണം തേടുന്നതിനിടെ ജോമറ്റ് സദസ്സിന്റെ പിൻഭാഗത്തു നിന്നു നടന്നെത്തി മൈക്ക് ചോദിച്ചുവാങ്ങി. ‘എനിക്കു നിങ്ങളോട് ചിലതെല്ലാം പറയാനുണ്ട്. ഇതൊന്നും നടക്കാൻ പോകുന്ന കാര്യമല്ല. 62 ദിവസം ജയിലിൽ കിടന്നശേഷം എത്തിയതാണ് ഞാൻ. ഇങ്ങനെയൊരു പരിപാടി നടക്കുന്ന വിവരം ഫെയ്സ്ബുക്കിലൂടെയാണ് അറിഞ്ഞത്..’ മൈക്കിലൂടെ ജോമറ്റ് വിളിച്ചുപറയുന്നതു കേട്ട് ഡിജിപിയും ഡിഐജിയും അടക്കമുള്ളവർ അമ്പരന്ന് മുഖാമുഖം നോക്കി.

ഉടൻ കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര ജോമറ്റിനരികിലെത്തി മൈക്ക് വാങ്ങി. ‘തനിക്കു ചിലതു പറയാനുണ്ടെന്ന്’ ജോമറ്റ് ആവർത്തിച്ചപ്പോൾ ‘എല്ലാറ്റിനും പരിഹാരമുണ്ടാക്കാം’ എന്ന മറുപടിയോടെ കമ്മിഷണർ തന്നെ ഇയാളെ സദസ്സിൽ നിന്നു പുറത്തേക്കു കൊണ്ടുപോയി. മറ്റ് പൊലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. താൻ നിരപരാധിയാണെന്നും നീതി തേടി ഡിജിപിയെ കാണാനെത്തിയതാണെന്നും പോക്സോ കേസിൽ നിന്നു തന്നെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും പൊലീസിനോട് ജോമറ്റ് പറഞ്ഞു. എന്നാൽ, കുറ്റവിമുക്തനാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama