go

പറന്നടുത്ത് പക്ഷികൾ; പ്രശ്നമായി ഒരു ദേശം

thrissur-well-roof
അയ്നിക്കാട് തുരുത്തിൽ പക്ഷിക്കാഷ്ഠം വീഴാതിരിക്കാനായി കിണറിനു മുകളിൽ മേൽക്കൂര നിർമിച്ചപ്പോൾ.
SHARE

തൃശൂർ∙ കിണറുകൾ മേൽക്കൂരയിട്ടു മൂടിയിരിക്കുന്നു. മാവിൽ മുകളിൽ വലിയ ബിസ്കറ്റ് ടിന്നുകൾ കൂട്ടിക്കെട്ടി തൂക്കിയിട്ടിരിക്കുന്നു. എവിടെയും അപ്പൂപ്പൻ താടിപോലെ പറന്നു നടക്കുന്ന തൂവലുകൾ. ദേശാടന പക്ഷികളെ കാണാൻ വരുന്നവർക്ക് അയനിക്കാട് എന്ന തുരുത്ത് നല്ല കാഴ്ചയാണ്. എല്ലാ മരങ്ങളിലും നിറയെ നീർക്കാക്കകളും കൊക്കുകളും മറ്റു ദേശാടന പക്ഷികളും. വൈകിട്ടു ചേക്കേറുന്നതും രാവിലെ പുറത്തു പോകുന്നതും കാണാനും കേൾക്കാനും രസമാണ്.  കിളികളുടെ ശബ്ദം സംഗീതം പോലെ എല്ലായിടത്തും നിറയും.

thrissur-tins
അയ്നിക്കാട് തുരുത്തിൽ പക്ഷികളെ ശബ്ദമുണ്ടാക്കി ഓടിക്കാനായി മരത്തിൽ കെട്ടിയിട്ട ടിന്നുകൾ.

ചിറ്റിലപ്പള്ളിയിൽ നിന്നു തിരിഞ്ഞുപോയാൽ എത്തുന്ന തുരുത്താണിത്. എന്നാൽ ഇവിടെ ജീവിക്കുന്നവരുടെ ദുരിതം ഒരിക്കലും പറന്നകലുന്നില്ല. ആയിരക്കണക്കിനു പക്ഷികളാണു കാലങ്ങളായി ചേക്കേറിയിരിക്കുന്നത്. രാവിലെയും സന്ധ്യക്കും മഴപോലെ പക്ഷിക്കാഷ്ടം വീണുകൊണ്ടിരിക്കും. പക്ഷികൾ ചത്തുവീഴുകയും ചെയ്യും. വീടുകളുടെ മേൽക്കൂരകൾ വെളുത്ത നിറമായിരിക്കുന്നു. ഭദ്രകാളി ക്ഷേത്രത്തിന്റെ മേൽക്കൂര ചുവപ്പായിരുന്നത് ഇപ്പോൾ വെളുപ്പാണ്. പക്ഷി ശല്യം സഹിക്കാനാകാതെ വലിയ ആലിന്റെ കൊമ്പുകൾ  മുറിക്കേണ്ടിവന്നു. 

മാവിൽ നിറയെ മാങ്ങയുണ്ടാകുമെങ്കിലും എല്ലാം പക്ഷികാഷ്ടത്തിൽ കുളിച്ചാണു താഴെ വീഴുക. വെള്ളം മലിനമായതോടെ എല്ലാ കിണറിനും മേൽക്കൂര പണിതിട്ടുണ്ട്. എന്നിട്ടും പ്രശ്നമാണ്. ചെറിയൊരു മഴ പെയ്താൽ‌ ഭൂമി വെളുത്ത പേസ്റ്റ് വീണതുപോലിരിക്കും. സഹിക്കാനാകാത്ത ദുർഗന്ധവും. അന്തരീക്ഷത്തിൽ എപ്പോഴും തൂവലുകൾ പറന്നുകൊണ്ടിരിക്കും. പലർക്കും അലർജിയുണ്ട്. ആസ്തമപോലുള്ള അസുഖം വന്നാൽ ഗതികേടുതന്നെ. മരങ്ങൾക്കു മുകളിൽ വലിയ ബിസ്കറ്റ് ടിന്നുകൾ കെട്ടിത്തൂക്കി പല തവണ വലിച്ചു കുലുക്കി ശബ്ദമുണ്ടാക്കും. മിക്ക ദിവസവും പടക്കം പൊട്ടിക്കും. ശല്യം സഹിക്കാതെ വന്നാൽ ഗുണ്ടും വാണവും കത്തിക്കും.

32 പട്ടികജാതി കുടുംബങ്ങളാണ് ഇവിടെയുള്ളത്. ദുരിതത്തിനിടയിലും അവർ പക്ഷികളെ ഒരിക്കൽപ്പോലും ഉപദ്രവിച്ചിട്ടില്ല. ഇവരെ പുനരധിവസിപ്പിച്ച് തുരുത്തു സർക്കാർ ഏറ്റെടുത്തു പക്ഷി ഗ്രാമമാക്കാൻ മുൻപ് അന്നത്തെ കലക്ടർ ആലോചിച്ചിരുന്നു. പക്ഷികളെ ഓടിച്ച് നാട്ടുകാരെ രക്ഷിക്കുക എളുപ്പമല്ല. പറന്നുപോകാത്ത ദുരിതവുമായി അവർ ജീവിക്കുന്നു. അനിൽ അക്കര എംഎൽഎയുടെ സഹായത്തോടെ അടാട്ട് നിന്ന് തുരുത്തിലേക്ക്  റോഡ് നിർമിക്കുന്നു എന്നതു മാത്രമാണ് അടുത്ത കാലത്തുണ്ടായ ആശ്വാസം.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama