go

വരുന്നു മൂന്നാം സബ്‌വേ

thrissur-mo-road-subway
എംഒ റോഡിൽ നിർമാണം പുരോഗമിക്കുന്ന സബ്‌വേ.
SHARE

തൃശൂർ ∙ സ്വരാജ് റൗണ്ടിലും സീബ്രാ ലൈനുകളിലും വാഹനാപകടങ്ങൾ പതിവായപ്പോഴാണ് തൃശൂർ കോർപറേഷൻ ആദ്യമായി നഗരത്തിനു ഭൂഗർഭ നടപ്പാത (സബ്‌വേ–അടിപ്പാത) സമ്മാനിച്ചത്.സ്വരാജ് റൗണ്ടിലെ തിരക്കേറിയ 2 സ്ഥലങ്ങളിൽ റോഡ് കുറുകെ കടക്കാൻ ഇതു സഹായിച്ചു.എന്നാൽ എളുപ്പവഴിക്കു റോഡിലൂടെ തന്നെ മറുവശം കടക്കുന്ന പ്രവണതയ്ക്കു ഇന്നും കുറവില്ല.ഒരു വരി (വൺവേ) മാത്രം ഗതാഗതമുള്ള സ്വരാജ് റൗണ്ടിൽ വേഗ നിയന്ത്രണമില്ലാതെ വരുന്ന വാഹനങ്ങൾക്കു മുൻപിലൂടെ ജീവൻ കയ്യിൽ പിടിച്ച് ഓടുന്നത് ഒഴിവാക്കാൻ സബ്‌വേ ഏറെ സഹായിക്കും.

thrissur-subway
എംഒ റോഡ് ജംക്‌ഷനിലെ സബ്‌വേ

മുനിസിപ്പൽ സബ്‌വേ

മുനിസിപ്പൽ ഓഫിസ് (എംഒ) റോഡിൽ നിർമിക്കുന്ന സബ്‌വേയുടെ നിർമാണം അന്തിമഘട്ടത്തിൽ. മാർച്ചിൽ നിർമാണം ആരംഭിച്ച സബ്‌വേ അടുത്ത മാസം തുറന്നു നൽകാനാണ് കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. അമൃത് പദ്ധതിയിലുൾപ്പെടുത്തി 1.53 കോടി രൂപയാണ് നിർമാണത്തിനായി വകയിരുത്തിയത്. എംഒ റോഡിലെ ഗതാഗതക്കുരുക്കും യാത്രക്കാർക്ക് റോഡ് കുറുകെ കടക്കാനുള്ള പ്രയാസവും സബ്‌വേ വരുന്നതോടെ ഒഴിവാക്കുമെന്നാണു പ്രതീക്ഷ.

കോർപറേഷൻ നടത്തിയ സർവേയിൽ പ്രതിദിനം ആയിരത്തഞ്ഞൂറോളം ആളുകളാണ് റോഡ് കുറുകെ കടക്കുന്നതായാണ് കണ്ടെത്തിയത്. നേരത്തെ ബാറ്റ ജംക്‌ഷനിൽ സബ്‌വേ നിർമിച്ചപ്പോൾ എംഒ റോഡിനെകൂടി ബന്ധിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നു.എന്നാൽ സ്വരാജ് റൗണ്ടിലെ ഗതഗാതം തടസപ്പെടുമെന്നതിനാലാണ് അന്ന് പദ്ധതി ഒഴിവാക്കിയത്.ടൈൽ വിരിക്കലും പെയിന്റ് ജോലികളും ഉടൻ തുടങ്ങും.

കുരുക്ക് ഒഴിവാക്കാം

സ്വരാജ് റൗണ്ടിൽ നിന്ന് എംഒ റോഡിലേക്കു തിരിയുന്ന ഭാഗത്തിനു സമീപമായി തന്നെയാണ് നിലവിൽ സീബ്രാ ലൈനും വരിച്ചിരിക്കുന്നത്. ഇതിനാൽ വളവു തിരിഞ്ഞു വരുന്ന വാഹനങ്ങൾ ആളുകൾ റോഡിലൂടെ കടക്കുന്നതു കണ്ട് പെട്ടെന്നു നിർത്തുന്നത് അപകടകാരണമാകുന്നുണ്ട്. കൂടാതെ വളവിൽ വാഹനങ്ങൾ നിർത്തുന്നതിനാൽ പിന്നിൽ വരുന്ന വാഹനങ്ങളുടെ നിര തന്നെ ഉണ്ടാകാറുണ്ട്. ഇത് സ്വരാജ് റൗണ്ടിൽ ഗതാഗത കുരുക്കിന് പലപ്പോഴും കാരണമാകുന്നുണ്ട്.

thrissur-paramekavu-subway
പാറമേക്കാവ് സബ്‌വേ

പാറമേക്കാവ് സബ്‌വേ

പാറമേക്കാവ് ക്ഷേത്ര പരിസരത്തെത്തുന്ന കാൽനടയാത്രക്കാർക്കു റോ‍ഡു കുറുകെ കടക്കാൻ ഒരു ഓണ സമ്മാനമായി കിട്ടിയതാണ് ക്ഷേത്രത്തിനു മുൻപിലെ സബ്‌വേ. ടൈൽസ് പതിച്ച, ‘രാജകുമാരി ഗ്രാനൈറ്റ്’ പാകിയ ‘പാതാള വഴി’ ഒട്ടേറെ യാത്രക്കാർ ഉപയോഗിക്കാറുണ്ട്. സ്വരാജ് റൗണ്ടിലെ ചീറിപ്പായുന്ന വാഹനങ്ങളെ പേടിക്കാതെ നാട്ടുകാർക്കു സമാധാനത്തോടെ പാറമേക്കാവിൽ നിന്നു തേക്കിൻകാട് മൈതാനിയിലേക്കു കടക്കാൻ ഈ സബ്‌വേ സഹായിക്കും.

നഗരവാസികൾ ‘പാറമേക്കാവ് സബ്‌വേ’ എന്നാണ് ഈ അടിപ്പാതയെ വിളിക്കുന്നത്. പാറമേക്കാവ് അടിപ്പാതയിലെ 21 ചവിട്ടുപടി കയറിയിറങ്ങിയാൽ റോഡിന്റെ മറുപുറത്തെത്താം. ജില്ലാ ആശുപത്രി ജം‌ക്‌ഷൻ മുതൽ സപ്‌ന ജം‌ക്‌ഷൻ വരെയുള്ള ഭാഗത്തെ യാത്രക്കാർക്ക് ഈ കുറുക്കുവഴി പ്രയോജനപ്പെടുത്താം.

thrissur-subway-mo-road
എംഒ റോഡിലെ സബ്‌വേയുടെ ജയ്ഹിന്ദ് മാർക്കറ്റിലേക്കുള്ള കവാടം

എംഒ റോഡ് ജംക്‌ഷൻ സബ്‌വേ

സ്വരാജ് റൗണ്ടിൽ എംഒ റോഡ് ജംക്‌ഷനിലും സബ്‌വേയുണ്ട്. ‌തേക്കിൻകാട് മൈതാനിയിൽ തെക്കേഗോപുര നടയ്ക്കു മുൻപിൽ വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച അടിപ്പാതയും യാത്രകാർക്കു പ്രയോജനം ചെയ്യും. എംഒ റോഡിലേക്ക് പ്രവേശിക്കുന്ന സ്വകാര്യ ബസുകളും തിരികെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും ഉൾപ്പെടെ വലിയ വാഹനത്തിരക്കാണ് ഈ ജംക്‌ഷനിൽ ആനുഭവപ്പെടാറുള്ളത്.

ഇവിടെ റോഡ് മുറിച്ച് കടക്കാൻ പോലും വളരെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ സബ്‌വേ സുഗമ യാത്രയും സുരക്ഷിതത്വവും നൽകും.ജയ്ഹിന്ദ് മാർക്കറ്റിലും തൃശൂർ കോർപറേഷൻ ഓഫിസും മുൻസിപൽ സ്റ്റാൻഡിലേക്കും തേക്കിൻകാട് മൈതാനിയിൽ നിന്നു ഈ അടിപ്പാത കടന്നെത്താം.

അമലനഗർ സബ്‌വേ

ജനത്തിരക്കേറിയ അമലനഗർ സെന്ററിൽ അപകടങ്ങൾ കുറയ്‌ക്കാനാണു സബ്‌വേ നിർമിച്ചത്. സെന്ററിൽ വാഹനാപകടങ്ങൾ വർധിച്ചതോടെ സബ്‌വേ വേണമെന്ന ആവശ്യമുയർന്നു. പല സംഘടനകളും സമരവുമായി രംഗത്തെത്തിയിരുന്നു. സബ്‌വേ വന്നതോടെ നാലുവരി പാത റോഡ് കുറുകെ കടക്കുന്നത് യാത്രക്കാർക്ക് എളുപ്പമായി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama