go

കാർ കുളത്തിലേക്കു മറിഞ്ഞ് ദമ്പതികൾ മരിച്ചു

thrissur-car-accident-death-at-vaniyambara
ദേശീയപാതയിൽനിന്നു കുളത്തിലേക്കു കാർ മറിഞ്ഞ് മരിച്ച ഷീലയും ബെന്നി ജോർജും.
SHARE

വാണിയമ്പാറ (തൃശൂർ) ∙ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ വാണിയമ്പാറയിൽ കാർ കുളത്തിലേക്കു മറിഞ്ഞു ദമ്പതികൾ മരിച്ചു. വൈറ്റില കേലൂ‌രിൽ 9/25 സി.വില്ല നമ്പർ 5 ലെ ബെന്നി ജോർജ് (53) , ഭാര്യ ഷീല (46) എന്നിവരാണു മരിച്ചത്. ഡ്രൈവർ വൈറ്റില സ്വദേശി ശശി കർത്ത അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയോടു ചേർന്നു ബാരിക്കേഡില്ലാത്ത കുളത്തിലേക്കാണു കാർ വീണത്. കോയമ്പത്തൂരിൽനിന്നു തൃശൂർ ഭാഗത്തേക്കു പോയ കാർ ഇന്നലെ പുലർച്ചെ രണ്ടിനാണ്  20 അടി താഴ്ചയിലേക്കു മറിഞ്ഞത്. 

മുൻപിലുണ്ടായിരുന്ന ചരക്കുലോറി അപ്രതീക്ഷിതമായി വശം മാറിയപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നു ഡ്രൈവർ പറഞ്ഞു.ഇവിടെ റോഡിന്റെ വശത്ത് ഒരടി ഉയരത്തിൽ തിണ്ട് കെട്ടിയിട്ടുണ്ട്. ഈ തിണ്ടിൽ  ഇടിച്ച കാർ പല തവണ മറിഞ്ഞു കുളത്തിലേക്കു വീഴുകയായിരുന്നു. കാർ പൂർണമായും വെള്ളത്തിൽ മുങ്ങി. പുറത്തു കടന്ന ഡ്രൈവർ കുളത്തിലുണ്ടായിരുന്ന ഒരു  മരത്തിൽ പിടിച്ച് അര മണിക്കൂറോളം അലറി വിളിച്ച ശേഷമാണു നാട്ടുകാരെത്തി രക്ഷിച്ചത്. റോഡിനോടു ചേർന്ന കുളത്തിന്റെ ഭാഗം നികത്തിയാണു റോഡുണ്ടാക്കിയത്. 

വാഹനങ്ങൾ കുളത്തിലേക്കു വീഴുന്നതു തടയാനായി ഇവിടെ ഇരുമ്പു ബാരിക്കേഡുകളോ മറ്റു തടസ്സങ്ങളോ ദേശീയ പാത അതോറിറ്റി സ്ഥാപിച്ചിട്ടില്ല. മതിയായ വെളിച്ചവും സിഗ്നലുകളുമില്ലെന്നു തദ്ദേശ വാസികൾ ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുമുണ്ട്. കോടതി ഉത്തരവിട്ടിട്ടും ഇവ സ്ഥാപിച്ചിട്ടില്ല. കേസിൽ  കക്ഷി ചേരണമെന്ന ആവശ്യം സംസ്ഥാന സർക്കാരും അംഗീകരിച്ചില്ല.അപകടസമയം ദമ്പതികൾ ഉറക്കത്തിലായിരുന്നെന്നു ഡ്രൈവർ പറഞ്ഞു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന കാർ കരയ്ക്കു കയറ്റിയ ശേഷം 4.30നാണ്  ഷീലയുടെ മൃതദേഹം കാറിൽനിന്നു കണ്ടെടുക്കാനായത്. 

സ്കൂബ ടീമിന്റെ തിരച്ചിലിനു ശേഷം 6.30ന് ബെന്നിയുടെ മൃതദേഹം കണ്ടെത്തി.മോട്ടിവേഷൻ ട്രെയിനറായ ബെന്നി ജോർജ് എറണാകുളം പനമ്പിള്ളി നഗറിൽ സക്സസ് അൺലിമിറ്റഡ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.  എറണാകുളം ഡിസ്ട്രിക് 3201 സെക്രട്ടറിയും  റോട്ടറി കൊച്ചിൻ വെസ്റ്റ് അംഗവുമാണ്. ടാറ്റാ ഡോകോമിലെ മുൻ ഉദ്യോഗസ്ഥയാണ് മടക്കത്താനം കണ്ടിരിക്കൽ കുടുംബാംഗമായ ഷീല. റോട്ടറി ഡിസ്ട്രിക്റ്റ് സെക്രട്ടറിയേറ്റ് അംഗവുമാണവർ.  മൃതദേഹങ്ങൾ ഇന്നു രാവിലെ എട്ടുമുതൽ 10.30 വരെ  പനമ്പിള്ളി നഗറിലെ റോട്ടറി ബാലഭവനിൽ പൊതുദർശനത്തിനു വയ്ക്കും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama