go

‘മഴയില്ലാ ചിറാപ്പുഞ്ചിയും താർ മരുഭൂമിയിലെ മഴയും’– 100 ഡെയിസ് ഓഫ് ഫ്രെഡി

thrissur-fedry-blue-city
ഫ്രെഡിയുടെ സെല്‍ഫി. പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ ബ്ലൂ സിറ്റി
SHARE

മണ്ണുത്തി ∙ കശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യ മുഴുവൻ കണ്ടു തീർക്കണമെന്നു മോഹിച്ചാണ് ഇരുപത്തിനാലുകാരൻ ഫ്രെഡി വീടുവിട്ടിറങ്ങിയത്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് യാത്ര പുറപ്പെട്ടു. കൃത്യം 100 ദിവസത്തെ യാത്ര. ബൈക്കിലും കാറിലും ലോറിയിലും ട്രെയിനിലും ബസിലും മുൻകൂട്ടി തയാറെടുപ്പുകളില്ലാത്ത കറക്കം, കയ്യിൽ പൈസയില്ല. ഉണ്ടായിരുന്നതു മലയാളവും ഇംഗ്ലിഷും അത്യാവശ്യം ഹിന്ദിയും.

തോളിൽ സ്ലീപിങ് ബാഗും കുറച്ചു മരുന്നുകളും ചെറിയ ടെന്റും. ഒപ്പം മൊബൈൽ ഫോണും. ഇന്ത്യയെ കണ്ട് എത്താൻ ഇതു തന്നെ ധാരാളമെന്നു ഫ്രെഡി പറയുന്നു. കണ്ണാറ ചീനികടവ് പേഴുംകാട്ടിൽ പോളിന്റെയും സോണിയുടെയും മകൻ ഫ്രെഡി പോൾ (24) 100 ദിവസത്തെ രാജ്യ സഞ്ചാരത്തിനു ശേഷം കഴിഞ്ഞ ദിവസമാണു വീട്ടിൽ തിരിച്ചെത്തിയത്.

thrissur-fedry-darjeeling
ഹിമാചലിലെ ഡാർജലിങ് റെയിൽവേ സ്റ്റേഷനിൽ

അവധി ഇല്ല; ജോലി രാജി

മെട്രോ റെയിൽവേയുടെ അഗ്നി സുരക്ഷാ ജോലികൾ ഏറ്റെടുത്തിരുന്ന കരാർ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഫ്രെഡി. രാജ്യ സഞ്ചാരത്തിനു 2 മാസത്തെ അവധി ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ജോലി രാജിവച്ചു. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 15ന് ഒരു രൂപ പോലും എടുക്കാതെ പ്രയാണം തുടങ്ങി. ആദ്യം സുഹൃത്തിന്റെ ബൈക്കിൽ കയറി ദേശീയ പാതയിലെത്തി. തുടർന്നു തമിഴ്നാട്ടിലേക്കു പോകുകയായിരുന്ന ചരക്ക് ലോറിക്കു കൈ കാണിച്ചു.

കോയമ്പത്തൂരും സേലവും കടന്നു ബെംഗളൂരുവിലെത്തി. 2 ദിവസം ബെംഗളൂരുവിലും 2 ദിവസം തെലങ്കാനയിലും താമസിച്ചു. പിന്നെ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഹിമാചൽപ്രദേശ്, ബിഹാർ, യുപി. എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന ജില്ലകളിലും സമീപ പ്രദേശങ്ങളിലുമാണു കൂടുതലും സഞ്ചരിച്ചത്. റെയിൽവേ സ്റ്റേഷനുകളിലും പെട്രോൾ പമ്പുകളിലും പട്ടാള ക്യാംപുകളിലും റോഡരികിലും രാത്രികൾ കഴിച്ചു കൂട്ടി. ക്ഷേത്ര പറമ്പുകളിലും പള്ളികളിലും ആരാധനാലയങ്ങളിലും ഭക്ഷണം കഴിച്ചു താമസിച്ചു.

thrissur-fedry-sikkim
സിക്കിം അതിർത്തിയിലെ പ്രവേശന കവാടത്തിനു മുൻപിൽ ഫ്രെഡി

മഴയില്ലാ ചിറാപ്പുഞ്ചിയും താർ മരുഭൂമിയിലെ മഴയും 

പഴയ പാഠപുസ്തകത്തിൽ വർഷം മുഴുവൻ മഴ പെയ്യുന്ന ചിറാപ്പുഞ്ചിയുടെ കാലാവസ്ഥയെക്കുറിച്ചു പഠിച്ചിരുന്നു. എന്നാൽ ചിറാപ്പുഞ്ചിയിൽ 2 ദിവസം നിന്നിട്ടും മഴ കണ്ടില്ല. തണുപ്പ് മാത്രം.  പിന്നീടാണ് അറിഞ്ഞത് ചിറാപ്പുചിയുടെ പേര് സുഹറ എന്ന് മാറ്റിയിരിക്കുന്നു. താർ മരുഭൂമിയിൽ ടെന്റിൽ ഉറങ്ങുന്നതിനിടെയാണു രാത്രിയിൽ ശക്തമായ മഴ പെയ്തത്. കാറ്റിൽ ടെന്റ് തകരുമെന്നു പേടിച്ചാണ് നേരം വെളുപ്പിച്ചത്.

thrissur-fedry-kutch-rosy-park
1- ഫ്രെഡി ഗുജറാത്തിലെ കച്ചിൽ. 2-ഹിമാചലിലെ റോസൻ പാർക്കിൽ

ഹാപ്പി ബർത്ത്ഡേ @ ഹരിദ്വാർ

ഒക്ടോബർ 11ന് പിറന്നാൾ ദിനത്തിൽ ഫ്രെഡി ഹരിദ്വാറിൽ ആയിരുന്നു. കയ്യിലുണ്ടായിരുന്ന ആപ്പിൾ മുറിച്ചാണ് പിറന്നാളാഘോഷിച്ചത്. ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം അരുണാചലിലെ സിറോ ഗ്രാമമായിരുന്നു. അവിടെ ചെന്നപ്പോൾ കാർണിവൽ നടക്കുകയായിരുന്നു. വിദേശികളും മലയാളികളും എല്ലാം എത്തിച്ചേർന്ന ഉത്സവ രാത്രി.

പക്ഷേ ടിക്കറ്റ് എടുക്കാതെ ഉള്ളിൽ കയറാൻ കഴിയാത്തതിനാൽ പുറത്തുനിന്ന് ആഘോഷം കണ്ടു തൃപ്തിപ്പെടേണ്ടിവന്നു.  അരുണാചൽപ്രദേശിലെ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ തിരികെ പോരാനുള്ള ടിക്കറ്റും രണ്ടു ദിവസത്തേക്കുള്ള ഭക്ഷണപ്പൊതിയും തന്നു.

നാഗാ നെൽകൃഷി

നാഗാലാൻഡിലെ കൊഹിമയിൽ എത്തിയപ്പോൾ ഭക്ഷണവും താമസവും അന്വേഷിച്ചലഞ്ഞ് ജൈവ കൃഷി ഫാം കണ്ടെത്തി. എത്ര ദിവസം വേണമെങ്കിലും ജോലി ചെയ്യാം. ഭക്ഷണവും താമസവും ലഭിക്കും. ഉടൻ ജോലിയിൽ കയറി. അവിടെ നെൽകൃഷി പ്ലാസ്റ്റിക് ട്രേകൾ നിരത്തിയാണ്. വെള്ളപ്പൊക്കം വന്നാൽ കൃഷി സ്ഥലം ഒന്നാകെ ടെറസിനു മുകളിലേക്കു മാറ്റാം. മത്സ്യക്കൃഷിയും പൂക്കൃഷിയും മണ്ണിര കംപോസ്റ്റുമെല്ലാം ഫാമിലെ ജോലികളിൽ പെടുന്നു. 2 ദിവസം ജോലിയെടുത്തു. താമസവും ഭക്ഷണവും പകരം ലഭിച്ചു.

മലയാളി അധ്യാപകൻ

മഹാരാഷ്ട്രയിലെ യാത്രയ്ക്കിടയിലാണ് അധ്യാപകനായിരുന്ന എഴുപതുകാരനെ പരിചയപ്പെട്ടത്. വിരമിച്ചതിനു ശേഷം ടാക്സിയുമായി നാടുകാണാൻ ഇറങ്ങിയതാണ്. മുംബൈയിലും സമീപമുള്ള പല സ്ഥലങ്ങളിലും അദ്ദേഹത്തോടൊപ്പം കറങ്ങി. വീട്ടിലും ഒരു ദിവസം തങ്ങി. പ്രായത്തിന്റെ അവശതകൾ മറന്നായിരുന്നു അദ്ദേഹത്തിന്റെ യാത്ര.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama