go

മസാലപ്പൊടി വിതറൽ, ചോക്കലേറ്റ്; രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അബദ്ധം, പിടിയിലായത് ഇങ്ങനെ

thrissur-gas-cutter
മോഷ്ടാക്കൾ വഴിയരികിൽ ഉപേക്ഷിച്ചു പോയ ഗ്യാസ് കട്ടറും സംവിധാനങ്ങളും.
SHARE

കൊണ്ടാഴി ∙ കാറിന്റെ മുന്നിലും പിന്നിലും വ്യത്യസ്ത വ്യാജ നമ്പർ പ്ലേറ്റുകൾ, പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ മസാലപ്പൊടി വിതറൽ, സിസിടിവി ക്യാമറയുടെ ദൃശ്യം മറയ്ക്കാൻ ചോക്കലേറ്റ്, മുഖം തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റ്... കൊണ്ടാഴിയിൽ എടിഎം കവർച്ചയ്ക്കു ശ്രമിച്ചവർ എത്തിയത് സർവ സന്നാഹങ്ങളോടെയാണെങ്കിലും അവർ പ്രതീക്ഷിക്കാത്ത ഒരേയൊരു സംഭവമാണ് മോഷണശ്രമം തകർത്തത് – സമീപവാസി സുഗ്നേഷിന്റെ മകളുടെ കരച്ചിൽ.

thrissur-prajit-rahul
1- അറസ്റ്റിലായ പ്രജിത്, രാഹുൽ. 2-തകർത്ത എടിഎം

കാറിലെ രണ്ടു പ്ലേറ്റുകളിലുമുണ്ടായിരുന്നതു വ്യത്യസ്ത നമ്പറുകളാണ്. ഇവ കേന്ദ്രീകരിച്ച് അന്വേഷണത്തിന് ശ്രമിച്ചെങ്കിലും രണ്ടു നമ്പറുകളിലും വേറെ കാറുകളുള്ളതായി വ്യക്തമായി. പൊലീസ് നായ മണംപിടിക്കാതിരിക്കാൻ മസാലപ്പൊടി കുപ്പിയിലാക്കി ബാഗിലും കാറിലും കരുതിയിരുന്നു. കാറിനുള്ളിൽ ഹെൽമറ്റ് ധരിച്ചായിരുന്നു ഇവർ സഞ്ചരിച്ചത്. ഓവർകോട്ടും ധരിച്ചിരുന്നു.

thrissur-sugnesh
സുഗ്നേഷ്.

പാചക വാതക സിലിണ്ടർ, ഓക്സിജൻ സിലിണ്ടർ, കട്ടർ, ഉളി എന്നിവയായിരുന്നു ആയുധങ്ങൾ. കൗണ്ടറിനു മുന്നിൽ കാർ നിർത്തിയിട്ട ശേഷം ഷട്ടർ അടയ്ക്കാതെയാണു ഗ്യാസ് കട്ടർ പ്രവർ‍ത്തിപ്പിച്ചത്. രണ്ടു ഭാഗത്തും മതിലുകളുള്ളതിനാൽ കൗണ്ടറിന്റെ മുന്നിൽ കാർ നിർത്തിയിട്ടാൽ അകത്തെ ദൃശ്യങ്ങൾ പുറത്തു നിന്നു കാണില്ല. ഞായറാഴ്ച വൈകിട്ട് 20 ലക്ഷം രൂപ ബാങ്ക് അധികൃതർ എടിഎം കൗണ്ടറിൽ നിക്ഷേപിച്ചിരുന്നു. കാഷ് ട്രേ തകർത്ത് പണം കവരാനുള്ള ശ്രമം തലനാരിഴയ്ക്കാണ് നടക്കാതെ പോയത്.

രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പിണഞ്ഞ അബദ്ധവും മോഷ്ടാക്കൾക്കു പാരയായി. പാറമേൽപടി തെരുവിലൂടെ കയറി മാഷ്പടി സ്റ്റോപ്പിനു സമീപം വഴിയോരത്ത് ഗ്യാസ്–ഓകിസിജൻ സിലിണ്ടറുകൾ, കട്ടർ, ചുറ്റിക, കോട്ടുകൾ എന്നിവ ഉപേക്ഷിച്ചു റോഡിലേക്കു പ്രവേശിക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ കാർ ചാലിലേക്കിറങ്ങി.

thrissur-car-stuck
കൊണ്ടാഴി പാറമേൽപടി എടിഎം സെന്ററിലെത്തിയ മോഷ്ടാക്കളുടെ കാർ റോഡരികിലെ ചാലിൽ കുടുങ്ങിയ നിലയിൽ.

അതുവഴിയെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ തടഞ്ഞ് കാർ കയറ്റാൻ സഹായിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ കയ്യൊഴിഞ്ഞതോടെ എല്ലാം ഉപേക്ഷിച്ചു മോഷ്ടാക്കൾക്കു മുങ്ങേണ്ടിവന്നു.  സിഐ എം. മഹേന്ദ്രസിംഹന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധൻ കെ.എസ്. ദിനേശൻ, സയന്റിഫിക് അസിസ്റ്റന്റ് സൗഫീന ബീഗം എന്നിവർ പരിശോധന നടത്തി.

സുരക്ഷാ സംവിധാനങ്ങളില്ല

പാറമേൽപടിയിലെ എസ്ബിഐ എടിഎം കൗണ്ടറിൽ സുരക്ഷാ സംവിധാനങ്ങളില്ലെന്നു മനസ്സിലാക്കിയാണ് മോഷ്ടാക്കൾ കവർച്ചയ്ക്കു തിരഞ്ഞെടുത്തത്. അലാം സംവിധാനമോ സെക്യൂരിറ്റി ജീവനക്കാരനോ ഇവിടെയില്ലായിരുന്നു. ഷട്ടർ താഴ്ത്തിയ ശേഷമാണു കവർച്ച നടത്തിയിരുന്നതെങ്കിൽ നേരം പുലരുവോളം ആരും അറിയുമായിരുന്നില്ല.

മോഷ്ടാക്കളുടേത് തൃശൂർ ഭാഷ

മോഷ്ടാക്കൾ സംസാരിച്ചത് തൃശൂർ ശൈലിയിലാണെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് നിർണായകമായത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിനു സമീപത്ത് ഓട്ടോ ഓടിക്കുന്ന സത്യൻ അത്യാഹിത വിഭാഗത്തിൽ നിന്നു ഡിസ്ചാർജ് ചെയ്ത രോഗിയുമായി കൊണ്ടാഴിയിലെത്തിയപ്പോഴാണു ചാലിൽ വീണ നിലയിൽ കാർ കിടക്കുന്നതു കണ്ടത്.

അതിലുണ്ടായിരുന്ന യുവാക്കൾ കാർ കയറ്റാൻ സഹായിക്കണമെന്ന് ഓട്ടോറിക്ഷ തടഞ്ഞ് ആവശ്യപ്പെട്ടു. ഇവർ തൃശൂർ ശൈലിയിലാണ് സംസാരിച്ചത്. ഇറങ്ങി നോക്കിയെങ്കിലും കാർ പൊക്കിയെടുക്കുക എളുപ്പമല്ലെന്നറിഞ്ഞ സത്യൻ പിൻവാങ്ങി. അരക്കിലോമീറ്റർ അപ്പുറത്തു രോഗിയെ ഇറക്കി തിരിച്ചെത്തിയപ്പോൾ 2 പേരെയും കണ്ടില്ല.

ഹോട്ടൽ വ്യവസായം തകർന്നു; ബാധ്യത തീർക്കാൻ കവർച്ച

ഒറ്റപ്പാലത്തു രാഹുലും പ്രജിത്തും ചേർന്നു നടത്തിയ ഹോട്ടൽ തകർന്നപ്പോഴുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനാണ് ഇരുവരും എടിഎം കവർച്ച ആസൂത്രണം ചെയ്തത്. സമാന രീതിയിൽ ഒറ്റപ്പാലത്തും ഇവർ കവർച്ചാശ്രമം നടത്ത‍ിയിരുന്നു. ഉളികൊണ്ട് എടിഎം തകർക്കാനാണ് ശ്രമിച്ചത്. എന്നാൽ, ക്യാഷ് ട്രേ പുറത്തെടുക്കാനായില്ല. ഇത്തവണ കോയമ്പത്തൂരിൽ പോയി ഗ്യാസ് കട്ടർ അടക്കം ആയുധങ്ങൾ വാങ്ങി കവർച്ചയ്ക്കിറങ്ങി.

രാഹുലിന്റെ സുഹൃത്ത് സുഭാഷിന്റെ കാറിലാണ് എത്തിയത്. ഒഴിഞ്ഞ പ്രദേശമെന്ന നിലയ്ക്കാണ് കൊണ്ടാഴിയിലെ എസ്ബിഐ എടിഎം തിരഞ്ഞെടുത്തത്. സമീപവാസികൾ ഉണർന്നപ്പോൾ രക്ഷപ്പെടാൻ ശ്രമം. കാർ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ വടക്കാഞ്ചേരിയിലെത്തി. ട്രെയിനിൽ കൊരട്ടിയിലും.

അവിടെനിന്നു തിരികെ തൃശൂരിലെത്തിയപ്പോഴാണ് അറസ്റ്റ്. സ്പെഷൽ ബ്രാഞ്ച് എസിപി എസ്. ഷംസുദീന്റെ നേതൃത്വത്തിൽ സിഐ മഹേന്ദ്രസിംഹൻ, എസ്ഐ കെ.ജി. ജയപ്രദീപ്, ക്രൈം സ്ക്വാഡ് എസ്ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, പി.എം. റാഫി, സിപിഒമാരായ കെ.ആർ. പ്രദീപ്, എസ്. അജയഘോഷ്, ടി.പി. പ്രസാദ്, ഡിജോ വാഴപ്പിള്ളി, പി.വി. ബ്രിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama