go

പാട്ടിനു പെരുമഴയുടെ പിന്നണി; പുരസ്കാരനിറവിൽ യേശുദാസ്

thrissur-yesudas
ഇരിങ്ങാലക്കുടയിൽ എസ്‍എൻ ചന്ദ്രിക എജ്യുക്കേഷ‌ൻ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിൽ സി.ആർ.കേശവൻ വൈദ്യർ ഗുരുജയന്തി പുരസ്കാര ജേതാവ് ഗായകൻ കെ.ജെ.യേശുദാസ് ട്രസ്റ്റ് ചെയർമാൻ സി.കെ.രവിയുമായി സൗഹൃദം പങ്കിടുന്നു. ഡോ.ടി.പി.ശ്രീനിവാസൻ, ശ്രീനാരായണ ധർമ സംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികൾ, പ്രഫ. എം.കെ.സാനു എന്നിവർ സമീപം.
SHARE

ഇരിങ്ങാലക്കുട∙ പെരുമഴയുടെ പിന്നണിയോടെ യേശുദാസിനു സി.ആർ.കേശവൻ വൈദ്യർ ഗുരുജയന്തി പുരസ്കാരം സമർപ്പിച്ചു. ശ്രീനാരായണ ‘ജാതിഭേദം മതദ്വേഷം’ എന്ന വരികൾ യേശുദാസ് പാടവെ മഴ തുടങ്ങി. പാടിക്കഴിഞ്ഞ ഉടൻ യേശുദാസ് പറഞ്ഞു, ‘ഇതുവരെ പെയ്യാതിരുന്ന മഴയെ എന്റെ പാട്ടിനു പിന്നണിയായി ദൈവം അയച്ചതു കണ്ടില്ലേ. വേറെ ഒരു പിന്നണിയും ഇവിടെയില്ല. ഒന്നും ആഗ്രഹിച്ചതല്ല എന്റെ ജീവിതം, സമർപ്പിച്ചതാണ്. അതുകൊണ്ടാകണം ഇപ്പോഴും എതിർപ്പുകളില്ലാതെ നിലനിൽക്കുന്നത്. ’

കേശവൻ വൈദ്യരുമായും മകൻ ഡോ.സി.കെ.രവിയുമായുള്ള ആത്മബന്ധത്തെക്കുറിച്ചു പറഞ്ഞാണു േയശുദാസ് തുടങ്ങിയത്. ‘59ൽ ആദ്യമായി സിനിമയിൽ എനിക്കുവേണ്ടി പറഞ്ഞുവച്ച പാട്ടു പനി മൂലം പാടാനാടില്ല. ഒരു കുട്ടിയെ ചെന്നൈയിലേക്കു വിളിച്ചുവരുത്തിയതല്ലേ എന്നു കരുതി അവർ എന്നെക്കൊണ്ടു നാലുവരി പാടിക്കാൻ തീരുമാനിച്ചു. അതാണ് ‘ജാതിഭേദം മതദ്വേഷം’ എന്നുതുടങ്ങുന്ന ഗുരുദേവന്റെ വരികൾ. അതെന്റെ ജീവിതത്തിലെ അനുഗ്രഹങ്ങളിലൊന്നാണ്’–യേശുദാസ് പറഞ്ഞു.

വി.ടി.ഭട്ടതിരിപ്പാട്, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരെ കേൾക്കാൻ കാത്തിരുന്നതുപോലെ ഇന്ന് യേശുദാസ് എന്തു പറയുന്നുവെന്നു കേൾക്കാൻ കേരളം കാത്തിരിക്കുന്നുവെന്നു പ്രഫ.എം.കെ.സാനു പറഞ്ഞു. ഈശ്വര ചൈതന്യത്തിന്റെ പ്രകാശമാണു യേശുദാസിലുള്ളതെന്നും അതിനാലാണ് ആ മൗനം പോലും നാം മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യേശുദാസിന്റെ ഭാര്യ പ്രഭയും ചടങ്ങിനെത്തിയിരുന്നു.

ശ്രീനാരായണ ധർമ സംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അവാർഡ് സമ്മാനിച്ചു. എസ്എൻ ചന്ദ്രിക എജ്യുക്കേഷൻ ട്രസ്റ്റാണ് 1 ലക്ഷം രൂപയുടെ ബഹുമതി ഏർപ്പെടുത്തിയത്. ട്രസ്റ്റ് ചെയർമാൻ ഡോ.സി.കെ.രവി അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി സി.കെ.ജിനൻ പ്രശസ്തി പത്രം സമർപ്പിച്ചു. വിദേശകാര്യ വിദഗ്ധൻ ഡോ.ടി.പി.ശ്രീനിവാസൻ മുഖ്യ പ്രഭാഷകനായിരുന്നു. സ്വാമി സച്ചിദാനന്ദ, കെ.യു.അരുണൻ എംഎൽഎ, മുനിസിപ്പൽ ചെയർപഴ്സൻ നിമ്യ ഷിജു, എസ്എൻഡിപി മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് സി.ഡി.സന്തോഷ്, ട്രസ്റ്റ് കറസ്പോണ്ടന്റ് മാനേജർ പി.കെ.ഭരതൻ, ഈശ്വർ മംഗൾ എന്നിവർ പ്രസംഗിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama