go

ആർത്തലച്ചു തോരാമഴ വയനാട്ടിൽ റെഡ് അലർട്ട്

wayanad-PADI-ROAD-WATER
SHARE

കൽപറ്റ ∙ രണ്ടു ദിവസമായി തകർത്തുപെയ്യുന്ന മഴയിൽ ജില്ലയിൽ കനത്ത നാശം വിതച്ച് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. മഴക്കെടുതി നേരിടാൻ വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയോടെപ്പം മണ്ണിടിച്ചിലും ഉരുൾപെ‍ാട്ടലും കനത്ത ദുരന്തം വിതച്ചതോടെയാണ് അതീവ ജാഗ്രതാ നിർദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മക്കിമലയിൽ ഉരുൾപൊട്ടി ദമ്പതികളും വൈത്തിരിയിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു വീട്ടമ്മയും മരിച്ചു. ഒട്ടേറെ വീടുകൾ തകർന്നു.

wayanad-PNM-BEENACHI
വെളളത്തിനടിയിലായ പനമരം - ബീനാച്ചി റോഡ്.

വ്യാപക കൃഷിനാശമുണ്ടായി. ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിൽ തുടരുകയാണ്. രണ്ടു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ജില്ലയിൽ പലയിടങ്ങളിലും ഉരുൾപെ‍ാട്ടലും മലവെള്ള പാച്ചിലുമുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസങ്ങൾ കെ‍ാണ്ട് ജില്ലയിൽ 398. 71 മില്ലി മീറ്റർ മഴയാണ് പെയ്തിറങ്ങിയത്. ജലനിരപ്പ് ഉയർന്നതോടെ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടറുകൾ തുറന്നു. ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ കൂടുതൽ ഉയർത്തി. ജില്ലയിലേക്ക് രക്ഷാ പ്രവർത്തനത്തിന് എത്തിയ നേവി, എൻഡിആർഎഫ്, ടെറിട്ടോറിയൽ ആർമി സംഘങ്ങൾക്കെല്ലാം മാർഗ തടസ്സം നേരിട്ടതിനാൽ കൃത്യസമയങ്ങളിൽ എത്താൻ സാധിച്ചില്ല. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ഇന്നും അവധിയാണ്.

wayanad-car
കൽപറ്റ–പടിഞ്ഞാറത്തറ റോഡിൽ കാവുംമന്ദത്ത് ഒഴുക്കിൽ പെട്ട കാർ നാട്ടുകാർ വലിച്ചു കയറ്റുന്നു.

ഒറ്റപ്പെട്ട് വയനാട്

ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം ഇന്നലെ മണ്ണിടിഞ്ഞും വെള്ളംകയറിയും ഗതാഗതം നിലച്ചതോടെ മണിക്കൂറോളം ജില്ല മറ്റിടങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു. ഏറെനേരത്തെ ശ്രമത്തിനെ‍ാടുവിലാണ് താമരശ്ശേരി ചുരത്തിലടക്കം ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. വലിയ വാഹനങ്ങൾക്ക് ഇപ്പോഴും നിരോധനം തുടരുന്നുണ്ട്.

ഉരുൾപെ‍ാട്ടലുകൾ

വലിയപാറ, മക്കിമല, വൈത്തിരി, പൊഴുതന, കൽപറ്റ മണിക്കുന്ന്മല, മുട്ടിൽമല, തരിയോട്, പടിഞ്ഞാറത്തറ, തൊണ്ടർനാട്, പേരിയ എന്നിവിടങ്ങളിലെല്ലാം ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായി. വൈത്തിരി പെ‍ാലീസ് സ്റ്റേഷന് കേടുപാടുകൾ സംഭവിച്ചു.

വ്യാപക നാശം

ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ തുടരുമ്പോൾ 113 വീടുകൾ ഭാഗികയും ഒരു വീട് പൂർണമായും തകർന്നു. ജില്ലയിൽ 76 ദുരിതാശ്വാസ ക്യാംപുകളാണ് ഇന്നലെ മുതൽ പ്രവർത്തിക്കുന്നത്. 4148 പേരാണ് ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയിരിക്കുന്നത്. പലയിടങ്ങളിലും വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലാണ്.

∙ ഓണിവയലിൽ വീടുകളിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം കഴിഞ്ഞ രണ്ടുദിവസമായി തടസ്സപ്പെട്ട നിലയിലാണ്. ഇവിടേക്കുള്ള പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായതിനാൽ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.

∙ കൈതക്കൊല്ലിയിൽ ഒട്ടേറെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്. കൈതക്കൊല്ലി–അഡ്‌ലെയ്ഡ് റോഡിലെ വെള്ളക്കെട്ട് ഒഴിവായില്ല. തുർക്കിബസാർ, എരഞ്ഞിവയൽ മേഖലകളിലും വെള്ളം കയറി. ഒട്ടേറെ വീടുകളിലേക്കും വെള്ളം കയറി. മേഖലയിൽ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം.

∙ ഇരുമ്പുപാലം പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഡീപോൾ പബ്ലിക് സ്കൂളിലും സമീപത്തെ സെന്റ് വിൻസെന്റ് പള്ളിയിലും വെള്ളം കയറി. പുഴയുടെ ഇരുകരകളിലുള്ള മേഖലകളെല്ലാം വെള്ളത്തിനടിയിലാണ്.

∙ വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് ചുഴലിയിൽ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചുഴലിപാലം വെള്ളത്തിനടിയിലാണ്.

∙ മുണ്ടേരി, മണിയങ്കോട് മേഖലകളിലും വെള്ളം കയറി. ഇവിടങ്ങളിലേക്കുള്ള റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.

∙ കൽപറ്റ–മേപ്പാടി റോഡിൽ പുത്തൂർവയൽ, കോട്ടവയൽ എന്നിവിടങ്ങളിൽ റോഡിലേക്ക് വെള്ളം കയറി.

∙ മേപ്പാടി–ചുണ്ടേൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം മുടങ്ങി. കുന്നമ്പറ്റ പാലം വെള്ളത്തിനടിയിലായി.

∙ കുന്നമ്പറ്റ മേഖലയിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. കുന്നമ്പറ്റ–പുത്തൂർവയൽ റോഡിൽ ഗതാഗതം മുടങ്ങി.

∙ മഞ്ഞളാംകൊല്ലിയിൽ വെള്ളം കയറി ഒട്ടേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. വൈത്തിരി, പഴയവൈത്തിരി, ചാരിറ്റി മേഖലകളിലെ ജനവാസ കേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇൗ ഭാഗങ്ങളിലെ ഒട്ടേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു.

∙ വൈത്തിരി സെന്റ് ജോസഫ്സ് പള്ളിയിലും സമീപത്തെ സെന്റ് ക്ലാരറ്റ് പബ്ലിക് സ്കൂളും വെള്ളത്തിനടിയിലാണ്.

∙ കൽപറ്റ ഗൂഡലായിൽ ഓവുചാലുകൾ നിറഞ്ഞ് റോഡിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും വെള്ളം കയറി. കനറാ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ വിവിധ ഷോപ്പുകളിലും വെള്ളം കയറി. എബിസി ഹാർഡ്വെയർ ഷോപ്പിൽ വലിയ നഷ്ടമുണ്ടായി. കൽപറ്റ ടൗണിലെ വിവിധ കടകളിലും വെള്ളം കയറി.

∙ കോട്ടത്തറ പഞ്ചായത്ത് പൂർണമായും ഒറ്റപ്പെട്ടു. പഞ്ചായത്തിലെ 13 വാർഡുകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വെണ്ണിയോട് വലിയ പുഴയും ചെറിയ പുഴയും കരകവിഞ്ഞു. പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ടൗൺ, കോട്ടത്തറ ടൗൺ, മന്ദലംപൊയിൽ, വണ്ടിയാമ്പറ്റ, വീട്ടിയേരി, മെച്ചന തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി ഒട്ടേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. പല വീടുകളിൽ നിന്നും ആൾക്കാരെ ബന്ധുവീടുകളിലേക്കും പുനരധിവാസ കേന്ദ്രങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.

∙ പൊഴുതന പഞ്ചായത്തിലെ വലിയപാറയിൽ ഉരുൾപൊട്ടി പി.പി. മൊയ്തു, വി.ഡി. മുഹമ്മദ്, ഫൈസൽ, ആദിവാസി കറപ്പൻ എന്നിവരുടെ വീടുകൾ നശിച്ചു. ഇവരുടെ നാലു പശുക്കളെ മലവെള്ളത്തിൽ കാണാതായി. ഒട്ടേറെപ്പേരുടെ വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. കുടുംബങ്ങളെ വലിയപാറ സ്കൂളിലേക്ക് മാറ്റി.

∙ ചുണ്ടേൽ പക്കാളിപ്പള്ളം എഴുത്തച്ഛൻ കോളനി റോഡിലേക്ക് മലവെള്ളം ഒഴുകിയെത്തി റോഡും പാലവും ഒഴുകിപ്പോയി.

∙ കുഴിനിലം വൃദ്ധമന്ദിരം അന്തേവാസികളെ മാനന്തവാടി സെന്റ് തോമസ് യുപി സ്‌കൂളിലേക്ക് മാറ്റി.

∙ മലങ്കര അതിരത്തിൽ കോളനി നിവാസികളെ വിളമ്പുകണ്ടം സ്‌കൂളിലേക്ക് മാറ്റി

∙ ചെറുപുഴ, വാരാമ്പറ്റ, പുതുശ്ശേരി, വട്ടശ്ശേരി കോളനി, അഞ്ചുകുന്ന് വാറുമ്മൽ കടവ്, ആർവാൾ, തോട്ടോളി, കൊമ്മയാട്, മാങ്കാളി കോളനി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

∙ കടമന, കൂടൽ കടവ്, കോട്ടവയൽ,കോവള ഭാഗങ്ങളിലുള്ള 35 കുടുംബങ്ങളെ വരദൂർ എയുപി സ്കൂളിലേക്ക് മാറ്റി.

∙ കൽപറ്റയ്ക്കടുത്ത് എടപ്പെട്ടി കോൽപാറ കോളനിക്ക് സമീപത്ത് മൂന്ന് സ്ഥലങ്ങളിൽ ഉരുൾപൊട്ടി. കോളനിയിലെ സിന്ധുവിന്റെ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.

∙ കൽപറ്റയിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാനായി കനത്ത തിരക്ക് അനുഭവപ്പെട്ടു. ചുരം റോഡുകളിൽ ഗതാഗതം തടസ്സം നേരിട്ടതിനാൽ ഇന്ധനക്ഷാമം രൂക്ഷമാവുമെന്ന പ്രചാരണത്തെ തുടർന്ന് ആളുകൾ വാഹനങ്ങളുമായി കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.

∙ കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ കാവുംമന്ദത്തും പടിഞ്ഞാറത്തറ-മാനന്തവാടി റോഡിൽ പുതുശേരിക്കടവിലും വെള്ളം കയറി. വൈത്തിരി-തരുവണ റോഡിനു സമീപം പലയിടങ്ങളിലായി ഉരുൾപൊട്ടിയതിനെ തുടർന്ന് ഗതാഗതം മുടങ്ങി

∙ പൊഴുതന ഇടിയംവയലിൽ റോഡ് വെള്ളത്തിനടിയിലായി

∙ മൃഗാശുപത്രി, ആയുർവേദ ആശുപത്രി അങ്കണവാടി എന്നിവയും വെള്ളത്തിനടിയിൽ

∙ കുറിച്യർമല എസ്റ്റേറ്റ്, കാപ്പിക്കളം മേഖല, കമ്പനിക്കുന്ന് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി ∙ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങി

∙ വൈദ്യുതി, ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലായതോടെ ബാങ്കുകളടക്കമുള്ള നിരവധി ഓഫിസുകളുടെ പ്രവർത്തനം മുടങ്ങി

∙ കടകമ്പോളങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നു

∙ പടിഞ്ഞാറത്തറ പഞ്ചായത്തിലെ അത്തിലൻ ഉമ്മർ, സി.ടി.അഷ്റഫ്, തുർക്കി അയ്യൂബ്, ചൊണ്ണി ഉസ്മാൻ എന്നിവരുടെ വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി

∙ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിലെ വിലപിടിച്ച രേഖകളും ഗൃഹോപകരണങ്ങളും നശിച്ചു

∙ പലയിടങ്ങളിലും റോഡു ഗതാഗതം മുടങ്ങിയത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി‌‌

∙ നാട്ടുകാരും ജനപ്രതിനിധികളും ഉദ്യേഗസ്ഥരുമടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

∙ കാപ്പുവയൽ കളരിക്കോടു കുന്നിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ ഭീഷണിയിലായി. കറലാട് ചിറ കരകവിഞ്ഞു

∙ പലയിടങ്ങളിലും ഉരുൾ പൊട്ടിയത് വെള്ളപ്പൊക്കത്തിന്റെ ഭീകരത വർധിപ്പിച്ചു

∙ തരിയോട് പഞ്ചായത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകളിൽ 133 കുടുംബത്തിലെ 480 അംഗങ്ങൾ കഴിയുന്നുണ്ട്

∙ പടിഞ്ഞാറത്തറയിൽ 2ക്യാംപുകളിലായി 23കുടുംബങ്ങൾ.

∙ പൊഴുതന, മൈലുംപാത്തി, ആനോത്ത് എന്നിവിടങ്ങളിൽ 45 കുടുംബങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു.

∙ പുൽപള്ളി മേഖലയിൽ പ്രളയക്കെടുതിയിൽ കുടുങ്ങിയവർക്കായി നാല് ക്യാംപുകൾ തുറന്നു.

∙പാളക്കൊല്ലി കോളനിയിൽ നിന്ന് 13 കുടുംബങ്ങളിലെ 40 പേരെ പുൽപള്ളി വിജയാ എൽപി സ്കൂളിലേക്ക് മാറ്റി.

∙ പെരിക്കല്ലൂർ കടവിലെ ഒൻപത് കുടുംബങ്ങളിലെ 35 പേരെ പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റി.

∙ പാക്കം പുഴമൂല കോളനിയിലെ 17 വീടുകളിലെ 66 പേരെ പാക്കം ഗവ. എൽപി സ്കൂളിലേക്ക് മാറ്റി.

∙ കൊളവള്ളിയിൽ കബനിപ്പുഴയോരത്ത് കുടുങ്ങിയ രണ്ടു വീടുകളിലെ 15 പേരെ കൊളവള്ളി ഗവ. എൽപി സ്കൂളിലേക്ക് മാറ്റി.

റോഡിൽ വെള്ളംകയറി കാർ ഒഴുകിപ്പോയി

കാവുംമന്ദം ∙ വെള്ളം കയറിയ റോഡിലൂടെ യാത്ര ചെയ്ത കാർ ഒഴുകിപ്പോയെങ്കിലും യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ കാവുംമന്ദം മുസ്ലിം പള്ളിക്കു സമീപമാണ് കോഴിക്കോട് മേപ്പയൂർ സ്വദേശികളായ മുഹമ്മദ് ഷരീഫ്,ഷാഫി,മിഗ്ദാദ്,റജാസ് എന്നിവർ സഞ്ചരിച്ച കാർ ഒഴുക്കിൽ പെട്ടത്. ഇന്നലെ പുലർച്ചെ 1.30നായിരുന്നു സംഭവം. ബുധനാഴ്ച അമ്പലവയലിലേക്ക് എത്തിയ യുവാക്കൾ രാത്രി തിരിച്ചുപോകുമ്പോൾ താമരശ്ശേരി ചുരത്തിൽ ഗതാഗതം മുടങ്ങിയത് അറിഞ്ഞതിനെ തുടർന്ന് കുറ്റ്യാടി ചുരം വഴി പോകുവാനായാണ് ഇതുവഴി എത്തിയത്.

എന്നാൽ, പുതുശ്ശേരിക്കടവിൽ റോഡിൽ വെള്ളം കയറിയതിനാൽ തിരിച്ചു കൽപറ്റയിലേക്ക് വരും വഴിയാണ് അപകടം നടന്നത്. വെള്ളം കയറിനിൽക്കുന്ന റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ശക്തമായ ഒഴുക്കിൽ പെട്ടെങ്കിലും ഡോറിനുള്ളിലൂടെ പുറത്തുകടന്ന ഇവർ സമീപത്തെ മരത്തിൽ കയറിപ്പറ്റുകയും ഓടിക്കൂടിയ നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു.

ബാണാസുര ഷട്ടറുകൾ വീണ്ടും ഉയർത്തി

പടിഞ്ഞാറത്തറ ∙ മഴ ശക്തമായതിനെത്തുടർന്ന് ബാണാസുര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. നാലു ഷട്ടറുകളിലൂടെ നിലവിൽ 290 സെ.മീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ഡാം കൂടുതൽ തുറന്നതോടെ കുപ്പാടിത്തറ, കുറുമണി പ്രദേശങ്ങൾ ഭൂരിഭാഗവും വെള്ളത്തിനടിയിലായി.

രക്ഷാപ്രവർത്തനം പുലർച്ചെ മുതൽ

പുൽപള്ളി ∙ മഴ കനത്തതോടെ തിങ്കളാഴ്ച പുലർച്ചെമുതൽ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ആരംഭിച്ചു. വെളുപ്പിന് രണ്ടിന് പാളക്കാെല്ലി കോളനിയിൽ വെള്ളംകയറിയതോടെ അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. ഉച്ചയോടെ കബനിയിൽ ജലനിരപ്പ് അപകടകരമായി. പെരിക്കല്ലൂർ ഭാഗത്തെ പല വീട്ടുകാരും അപകടത്തിലായതിനെ തുടർന്ന് അവരെ സ്കൂളിലേക്ക് മാറ്റി. ഏഴു വീടുകൾ ഏതാണ്ട് പൂർണമായി തകർന്നു. കൊളവള്ളിയിൽ പുഴയോരത്ത് ഒറ്റപ്പെട്ട രണ്ടു കുടുംബങ്ങളിലെ 15 പേരെ നാട്ടുകാർ രാവിലെ കൊട്ടത്തോണിയിൽ രക്ഷപ്പെടുത്തി സ്കൂളിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞാണ് പാക്കം പുഴമൂല കോളനിയിലെ വീടുകളിൽ വെള്ളം കയറിയത്.

ഇവരെ പാക്കം സ്കൂളിലേക്ക് മാറ്റി. വില്ലേജ് ഓഫിസർ ടി.വി.പ്രകാശൻ, എസ്.ഐ.മനു, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ കൃഷ്ണൻ, ബിന്ദു പ്രകാശ്, വൈസ് പ്രസിഡന്റ് ശിവരാമൻ പാറക്കുഴി, ജില്ലാ പഞ്ചായത്ത് അംഗം വർഗീസ് മുരിയൻകാവിൽ ബ്ളോക്ക് പഞ്ചായത്ത് അംഗം മേഴ്സി ബെന്നി, ഷിനു കച്ചിറയിൽ, പഞ്ചായത്ത് അംഗങ്ങളായ പി.വി.സെബാസ്റ്റ്യൻ,പി.എ.പ്രകാശൻ, ജീന ഷാജി, മുനീർ ആച്ചിക്കുളം, ജാൻസി ജോസഫ്, ജോളി നരിതൂക്കിൽ, അജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ കേന്ദ്രങ്ങളിൽ രക്ഷാപ്രവർത്തനം.

കലിതുള്ളി കബനി, തീരത്ത് വൻകൃഷിനാശം

പുൽപള്ളി ∙ കബനി നദി കരകവിഞ്ഞ് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ വൻകൃഷിനാശം. നടീൽ പൂർത്തീകരിച്ച പാടത്ത് കുത്തൊഴുക്കിൽ ഞാറ് ഒഴുകിപ്പോയി. കൃഗന്നൂർ, കൊളവള്ളി പാടത്ത് ഇരുപത് ഏക്കറോളം സ്ഥലത്തെ നെൽക്കൃഷി നശിച്ചു.പുഴയോരത്തെ ഇ‍ഞ്ചി, വാഴക്കൃഷികളും നശിച്ചു.കൊളവള്ളി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ഹൗസിൽ വെള്ളംകയറി മോട്ടോറുകൾ തകരാറിലായി. അഴിച്ചുവച്ചിരുന്ന മോട്ടോറുകളിലും വെള്ളംകയറി.പുഴയുടെ മറുകരയിലെ ഗുണ്ടറ, മച്ചൂർ ഭാഗത്തും കൃഷിനാശമുണ്ടായി. ഇതു സ്ഥലമുണ്ടെങ്കിൽ കൊടുത്താൽ മതിയാകും ജാഗ്രത പാലിക്കണം. ദുരന്തനിവാരണ സേനയുടെ നിർദേശം പാലിക്കണം.

നിർദേശങ്ങൾ

∙ പൊതുജനങ്ങൾ യാത്ര പരമാവധി പരിമിതപ്പെടുത്തുവാൻ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നുവരികയാണ്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുവാൻ ശ്രദ്ധിക്കണം.

∙ ബാണാസുര സാഗർ ഡാമിൽ നിന്നും പരമാവധി അളവിൽ വെള്ളം തുറന്നുവിടുന്നതിനാൽ അനുബന്ധ പുഴകളിൽ യാതൊരു കാരണവശാലും ഇറങ്ങരുത്.

∙ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിൽ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടാൽ മാറിത്താമസിക്കുവാൻ അമാന്തം കാണിക്കരുത്.

∙ പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്‌ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാകുക.

∙ കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പു വരുത്തണം

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama