go

അനിൽകുമാറിന്റെ മരണം; ആത്മഹത്യാക്കുറിപ്പുകൾ ഇന്ന് പൊലീസ് ഏറ്റുവാങ്ങും

wayanad news
SHARE

മാനന്തവാടി ∙ തവിഞ്ഞാൽ സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാറിന്റെ ആത്മഹത്യാ കുറിപ്പുകൾ ഇന്ന് മാനന്തവാടി കോടിതിയിൽനിന്നു തലപ്പുഴ പൊലീസ് ഏറ്റുവാങ്ങും. ‍ഞായറാഴ്ച സംസ്കാര ചടങ്ങുകൾക്ക് ശേഷം കിടപ്പ് മുറിയിലെ പ്രാർഥനാ പുസ്തകത്തിൽ നിന്ന് കണ്ടെത്തിയ 6 കുറിപ്പുകൾ ബന്ധുക്കൾ അഭിഭാഷകയായ ഗ്ളാഡിസ് ചെറിയാൻ മുഖേന മാനന്തവാടി കോടതിയിൽ നേരിട്ട് സമർപ്പിക്കുകയായിരുന്നു. കേസ് അന്വേഷണത്തിൽ ഏറെ പ്രാധാന്യമുള്ള ആത്മഹത്യാക്കുറിപ്പ് ലഭിക്കുന്നതിനായി തലപ്പുഴ എസ്ഐ സി.ആർ. അനിൽകുമാർ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് കോടതി ഇന്നലെ വൈകിട്ട് ഉത്തരവ് നൽകി.

ഇന്ന് കത്തുകൾ കോടതിയിൽ നിന്ന് പൊലീസ് ഏറ്റുവാങ്ങും. കത്ത് പരിശോധിച്ച ശേഷം അന്വേഷണം ഉൗർജിതമാക്കുമെന്ന് അറിയുന്നു. തവിഞ്ഞാൽ സഹകരണ ബാങ്ക് സെക്രട്ടറിയുടെയും ജീവനക്കാരുടെയും മൊഴി ഇതിനകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അനിൽകുമാറിന്റെ വീട്ടിലെത്തി ഭാര്യ ബിന്ദുമോളുടെ മൊഴിയും രേഖപ്പെടുത്തി.

ആത്മഹത്യാക്കുറിപ്പുകൾ പരിശോധിച്ച ശേഷം ആരോപണ വിധേയരായവരയെും കത്തിൽ പരാമർശമുള്ള വിരമിച്ച ജീവനക്കാരൻ, മുൻ കൃഷി ഓഫിസർ തുടങ്ങിയവരെയും ചോദ്യം ചെയ്തേക്കും. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ബാങ്കിൽ വകുപ്പ് തല അന്വേഷണത്തിനും സാധ്യതയുണ്ട്.

ആത്മഹത്യ ചെയ്ത അനിൽകുമാർ വളം ഡിപ്പോയുടെ ചുമതല വഹിച്ചിരുന്നതിനാൽ പൊലീസിന്റെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സ്റ്റോക്കെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് ബാങ്ക് അധികൃതർ. പ്രസിഡന്റായിരുന്ന സിപിഎം നേതാവ് പി. വാസു രാജിവച്ചതിനാൽ എം.സി.ചന്ദ്രന് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയിരിക്കയാണ്.

അഴിമതി അന്വേഷിക്കണം

മാനന്തവാടി ∙ തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റും ഭരണ സമിതിയും നടത്തിയ അഴിമതിയെകുറിച്ച് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണെമെന്ന് സിഎംപി ഏരിയാ കൗൺസിൽ ആവശ്യപ്പെട്ടു. അഴിമതി സംബന്ധിച്ച് വേണ്ടസമയത്ത് അന്വേഷണം നടത്തി നടപടി എടുക്കാതിരുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണം.അഴിമതി തടയാനാകാത്തതാണ് ജീവനക്കാരൻ ജീവനൊടുക്കുന്നതിന് കാരണമായതെന്നും യോഗം കുറ്റപ്പെടുത്തി. സി.ജി. ബേബി അധ്യക്ഷത വഹിച്ചു. ടി.കെ. ഭൂപേഷ്, ബാലകൃഷ്ണൻ, പി. സ്റ്റീഫൻ, വി. ബെന്നി, നിധിൻ എന്നിവർ പ്രസംഗിച്ചു.

വിശദമായ അന്വേഷണം വേണം

കൽപറ്റ ∙ തവിഞ്ഞാൽ  സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാറിന്റെ ആത്മഹത്യ സംബന്ധിച്ച് സഹകരണവകുപ്പും പൊലീസും നിഷ്‌പക്ഷവും വിശദവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി  ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിൽ ആരെങ്കിലും അനിൽകുമാറിന്റെ മരണത്തിന് കാരണമായിട്ടുണ്ടെങ്കിൽ അവർക്ക് ഒരു സംരക്ഷണവും നൽകാൻ ബന്ധപ്പെട്ടവരാരും തയ്യാറാകരുത്.  സിപിഎം ഇക്കാര്യത്തിലെടുത്ത നടപടി സ്വാഗതാർഹമാണ്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama