പുൽപള്ളി ∙ കാരുണ്യ ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഒന്നാംസമ്മാനത്തെ ചൊല്ലിയുള്ള തർക്കത്തിനും കേസിനുമിടെ നീതി നേടി പരാതിക്കാരൻ സമരത്തിന്. 10 മുതൽ സ്വതന്ത്ര മൈതാനിയിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് അമരക്കുനി കണ്ണംകുളത്ത് വിശ്വംഭരനും കർമസമിതി ഭാരവാഹികളും അറിയിച്ചു. പുൽപള്ളിയിലെ വിനായക ലോട്ടറി സ്റ്റാളിൽ നിന്ന് താനെടുത്ത സമ്മാനാർഹമായ ടിക്കറ്റ് ഏജന്റ് തട്ടിയെടുത്തുവെന്നും ദൂരൂഹ സാഹചര്യത്തിൽ ഈ ടിക്കറ്റ് മുള്ളൻകൊല്ലി സ്വദേശി മൂലക്കാട്ട് വിൽസൻ എന്നയാൾ തിരുവനന്തപുരം ലോട്ടറി ഭവനിലെത്തിച്ച് സമ്മാനം ആവശ്യപ്പെട്ടുവെന്നും അവർ വ്യക്തമാക്കി.
പുൽപള്ളിയിൽ നൽകിയ വഞ്ചനാകേസ് അന്വേഷണം പൊലീസ് അവസാനിപ്പിച്ചതായി പൊലീസ് എഴുതി നൽകി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിശ്വംഭരൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. കേസിലുൾപ്പെട്ടവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അന്വേഷണം വേറെ ഏജൻസിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്ന് വിശ്വംഭരനും ഭാരവാഹികളായ ആന്റണി പൂത്തോട്ടയിലും ബിനു പ്രസാദും അറിയിച്ചു. വിശ്വംഭരന്റെ കുടുംബാംഗങ്ങളും കർമ സമിതി പ്രവർത്തകരും സമരത്തിൽ പങ്കെടുക്കും.