go

അനിൽകുമാറിന്റെ ആത്മഹത്യ; ബാങ്ക് ഇടപാടുകൾ സഹകരണ വകുപ്പ് അന്വേഷിക്കണമെന്ന് കർമസമിതി

SHARE

മാനന്തവാടി ∙ തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ പി. എം. അനിൽ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അടിയന്തരമായി സമഗ്ര അന്വേഷണം വേണമെന്ന് കർമസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം തൃപ്തികരമല്ല. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണം. മരണം നടന്ന് 5ദിവസം കഴിഞ്ഞിട്ടും ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ച ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് എതിരെ നടപടി സ്വീകരിച്ചിട്ടില്ല. 19 വർഷം മുൻപ് ബാങ്കിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ അനിലിന് ഒരു ബാധ്യതയും ഉണ്ടായിരുന്നില്ല.

ബാങ്കിലെ ജീവനക്കാരനായ മോഹനൻ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ അദ്ദേഹത്തിന് ബാങ്കിൽ 12,25,000 രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ഇതിൽ 8ലക്ഷം രൂപയുടെ ബാധ്യത അനിൽകുമാറിന്റെ തലയിൽ കെട്ടി വയ്ക്കുകയായിരുന്നു. മുൻ കൃഷി ഓഫിസർ തുളസീധരൻ പിള്ള വരുത്തി വച്ച ബാധ്യതയും അനിലിന്റെ തലയിലായി. ഈ ബാധ്യതകൾ തീർക്കാർ വട്ടിപ്പലിശ നൽകി പണം വാങ്ങിയതിനാലാണ് അനിൽ കടക്കാരനായത്. വളം വില്‍പനയിൽ ലഭിച്ച കമ്മീഷൻ തുക പോലും പ്രസിഡന്റ് കൈപ്പറ്റിയിരുന്നു. സ്റ്റോക്കെടുപ്പ് സമയത്ത് ബാക്കി വന്ന വളം കമ്പനിക്ക് തിരിച്ച് നൽകിയപ്പോൾ ലഭിച്ച പണവും പ്രസിഡന്റ് സ്വന്തം കീശയിലാക്കി.

സഹകരണ ചട്ടം അനുസരിച്ച് സാമ്പത്തിക കാര്യങ്ങൾ ഓഫിസ് അസിസ്റ്റന്റിനെ ഏൽപ്പിക്കരുതെന്നിരിക്കെ ബാങ്കിൽ വലിയ വീഴ്ചയാണ് നടന്നത്. ആരോപണം നേരിടുന്ന സെക്രട്ടറിയെയും ജീവനക്കാരെയും മാറ്റി നിർത്തി ബാങ്കിലെ മുഴുവൻ ഇടപാടുകളും സഹകരണ വകുപ്പ് അന്വേഷിക്കണം. സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് അലംഭാവം തുടർന്നാൽ തവിഞ്ഞാൽ പഞ്ചായത്ത് തലത്തിൽ കർമസമിതിയുടെ പ്രവർത്തനം വ്യാപിപ്പിച്ച് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും. ഭാരവാഹികളായ എം.ജി. ബിജു, അസീസ് കോട്ടായിൽ, ഷബീർ മാക്കൂൽ, സാദ്ഖ് ചുങ്കം, വി.ടി. ഷാജി, ടി.ടി. ഗിരീഷ്, പി. ജിതേഷ് എന്നിവർ പ്രസംഗിച്ചു.

ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അന്വേഷണം നടത്തണം: കോൺഗ്രസ്

മാനന്തവാടി ∙ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് തവിഞ്ഞാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പാറക്കൽജോസ്, പി.എസ്.മുരുകേശൻ, വി.ടി.ഷാജി എന്നിവർ ആവശ്യപ്പെട്ടു. കുറ്റക്കാരിയായ ബാങ്ക് സെക്രട്ടറിയെ ഉടൻ സസ്പെൻഡ് ചെയ്യണം. ഗുരുതര ആരോപണം നേരിടുന്ന സെക്രട്ടറി ജോലിയിൽ തുടരുന്നത് നീതികരിക്കാനാകില്ല. രേഖകളിൽ ഇവർ കൃത്രിമം നടത്തിയതായി സംശയമുണ്ട്. സഹകരണ നിയമം സെക്ഷൻ 66 പ്രകാരം, ബാങ്കിലെ പ്യൂണായ ജീവനക്കാരനെ സാമ്പത്തിക ഇടപാടുകൾ നടത്തുവാൻ അനുവദിക്കുന്നില്ല.

എന്നാൽ വർഷങ്ങളായി അനിൽകുമാർ ലക്ഷകണക്കിന് രൂപയുടെ ഇടപാടുകളാണ് നടത്തിയത്. ഇത് ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്താശയോടെയാണ്. മുൻ കാലങ്ങളിൽ ഒട്ടേറെ ക്രമക്കേടുകൾ ബാങ്കിൽ നടന്നിട്ടുണ്ട്. കഴിഞ്ഞ 19 വർഷത്തെ ഇടപാടുകൾ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. ആത്മഹത്യാ കുറിപ്പിൽ പേരുള്ളവരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയാറായിട്ടില്ല. അന്വേഷണം ശരിയായ ദിശയിൽ നീങ്ങാത്ത പക്ഷം സമര പരിപാടികൾ പുനരാരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama