go

കാപ്പിക്കർഷകർക്ക് സബ്സിഡിയുമായി കോഫി ബോർഡ്

Wayanad News
SHARE

കൽപറ്റ ∙ സംയോജിത കാപ്പി വികസന പദ്ധതി ഭാഗമായി കാപ്പി തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് സബ്‌സിഡി നൽകുന്നു. ആവർത്തനക്കൃഷി, തുറന്ന കിണർ, കുളം, സ്പ്രിങ്ളർ, ഡ്രിപ് തുടങ്ങിയ ജലസേചന പദ്ധതികൾക്ക് സബ്‌സിഡികൾ ലഭിക്കും. കൂടാതെ ചെറുകിട കാപ്പിക്കർഷകർക്ക് കാപ്പി വിപണനം നടത്താനുള്ള സാമ്പത്തിക സഹായവും പാരിസ്ഥിതിക സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള സഹായവും കിട്ടും. 

സ്വയം സഹായ സംഘങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും കാപ്പി വിപണനം നടത്തുന്നതിനായി കാപ്പി പരിപ്പിന് കിലോഗ്രാമിന് 4 രൂപ നിരക്കിൽ ധനസഹായം നൽകി വരുന്നുണ്ട്. 10 ഹെക്ടർ വരെ കാപ്പിക്കൃഷി ഉള്ള കർഷകർക്കും കൂട്ടായ്മകൾക്കും പാരിസ്ഥിതിക സാക്ഷ്യ പത്രം ലഭിക്കുന്നതിനാവശ്യമായ സാമ്പത്തിക ചിലവിന്റെ 50 ശതമാനമാണ് സബ്സിഡിയായി ലഭിക്കുക. ഇത് പരമാവധി 50000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.  അപേക്ഷകർ പണികൾ തുടങ്ങുന്നതിനു മുൻപു കോഫി ബോർഡിന്റെ ലെയ്സൺ ഓഫിസുകൾ വഴി അപേക്ഷകൾ നൽകണമെന്ന് കോഫി ബോർഡ് ഡപ്യൂട്ടി ഡയറക്ടർ ഡോ. എം. കറുത്തമണി അറിയിച്ചു. പൂർത്തിയായ പണികൾ പരിഗണിക്കില്ല.

കാപ്പി കായ് തുരപ്പനെ പ്രതിരോധിക്കാം

വിളവെടുപ്പിനു സമയമായതിനാൽ റോബസ്റ്റ കാപ്പിയിലെ പ്രധാന കീടമായ കായ്തുരപ്പനെ നിയന്ത്രിക്കാൻ കർഷകർ ശ്രദ്ധിക്കണം.  കായ്തുരപ്പന്റെ വംശവർധന നിയന്ത്രിക്കാൻ കാപ്പി ചെടികളിൽ കായ്കൾ അവശേഷിക്കാത്ത ഇടവേള സൃഷ്ടിക്കണം. നിലത്തുവീണ കാപ്പി കുരുക്കൾ മുഴുവൻ പെറുക്കിയെടുക്കണം. ചെടികളിൽ അവശേഷിച്ച കായ്കൾ പറിച്ചുമാറ്റുകയും ചെയ്യണം. കീടബാധയുള്ള കായ്കൾ തിളയ്ക്കുന്ന വെള്ളത്തിൽ 1–2 മിനിറ്റുകൾ മുക്കിയ ശേഷം വീണ്ടും ഉപയോഗിക്കണം.

ഗുരുതരമായി കീടബാധ ഏറ്റ കായ്കൾ കത്തിച്ചു കളയുകയോ മണ്ണിൽ കുറഞ്ഞത് 20 ഇഞ്ച് ആഴത്തിൽ കുഴിച്ചിടുകയോ വേണം. തോട്ടത്തിൽ അധികം തണൽ ഉണ്ടാകാതെ നോക്കുന്നതും തണൽ മരങ്ങളുടെ അധികമുള്ള ശാഖകൾ വെട്ടി മാറ്റി കൂടുതൽ വായു സഞ്ചാരത്തിനും വെളിച്ചത്തിനും സാഹചര്യം ഒരുക്കുന്നതും കീട നിയന്ത്രണത്തിനു ഉത്തമമാണ്. "ബ്യൂവേറിയ ബസിയാന " എന്ന കുമിളിനെ ഈ കീടത്തിനെതിരായുള്ള ജൈവനിയന്ത്രണ ഉപാധിയായി ഉപയോഗിക്കാം.

കാപ്പി കായ് തുരപ്പനെതിരെ ഫലപ്രദമായ ബ്രോക്ക ട്രാപ് എന്ന കെണി ചുണ്ടേൽ പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രത്തിൽ ലഭ്യമാണ്.കാപ്പി പൂത്തു 120 ദിവസം കഴിഞ്ഞു കാപ്പി പരിപ്പു കട്ടി ആകുന്നത് വരെ കായുടെ പുറത്തെ മൃദുഭാഗങ്ങളിൽ വണ്ടുകൾ കാത്തിരിക്കുന്ന സമയത്താണ് മരുന്ന് തളിക്കേണ്ടത്. തോട്ടം മുഴുവനും തളിക്കുന്നതിനു പകരം കീടബാധ രൂക്ഷമായി കാണുന്ന ഇടങ്ങളിൽ മാത്രം കീടനാശിനി തളിക്കാം.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama