go

വയനാട് മെഡിക്കൽ കോളജ്: വീണ്ടും ചർച്ചയാവുന്നു

Wayanad News
SHARE

കൽപറ്റ ∙ സർക്കാർ പ്രഖ്യാപനം മുതൽ വിവാദവും അനിശ്ചിതത്വവും തുടരുന്ന നിർദ്ദിഷ്ട വയനാട് മെഡിക്കൽ കോളജിന്റെ നിർമാണം സംബന്ധിച്ച ജിയോളജിക്കൽ സർവേ റിപ്പോർട്ടിന് ശേഷം വിഷയം വീണ്ടും സജീവ ചർച്ചയാവുന്നു.  സർക്കാർ മേഖലയിൽ ജില്ലയിൽ എല്ലാവിധ സൗകര്യങ്ങളോടെയുള്ള ഒരു ആശുപത്രി എന്നത് വയനാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ്. ഇതിനൊരു പരിഹാരമാവുകയിരുന്നു ജില്ലയ്ക്കായി ഒരു മെഡിക്കൽ കോളജ് എന്ന പ്രഖ്യാപനമുണ്ടായപ്പോൾ. ജില്ലക്കാർക്ക് മാത്രമല്ല അയൽ സംസ്ഥാനത്തെ സമീപ ജില്ലക്കാർക്കും ഗുണകരമാകുന്നതായിരുന്നു തീരുമാനം. 

പ്രഖ്യാപനത്തിന് ശേഷം ഭൂമി കണ്ടെത്തുന്നത് സംബന്ധിച്ച് ഒട്ടേറെ ചർച്ചകൾ നടന്നെങ്കിലും സൗജന്യമായി ആവശ്യത്തിന് ഭൂമി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ ഏറ്റവും വലിയ കടമ്പ അവസാനിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ തന്നെ ഏറെ നാളത്തെ ചർച്ചകളും അനിശ്ചിതത്വവുമുണ്ടായി. ഒടുവിൽ മന്ത്രിതല സമിതിയാണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. വയനാട്ടിൽ രാത്രി യാത്രാ നിരോധനത്തിന് ശേഷം ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വിഷയമാണ്  മെഡിക്കൽ കോളജ് സംബന്ധിച്ചുണ്ടായത്.

മെഡിക്കൽ കോളജ് എന്ന ആവശ്യവുമായി ഒട്ടേറെ സമരങ്ങളും ജില്ലയിൽ ഉണ്ടായി. റസിഡൻസ് അസോസിയേഷനുകൾ കൂട്ടായും വിവിധ രാഷ്ട്രീയ കക്ഷികൾ പലരീതിയിലും മെഡിക്കൽ കോളജ് എന്ന ആവശ്യവുമായി രംഗത്തിറങ്ങിയിരുന്നു. വയനാട്ടുകാരുടെ ഒറ്റക്കെട്ടായ ആവശ്യത്തിന് അംഗീകാരമായപ്പോൾ അതുപോലെ തന്നെ വയനാട്ടുകാർ സ്വാഗതം ചെയ്യുകയുമാണുണ്ടായത്. എന്നാൽ ഇപ്പോൾ ഭൂമിയിൽ നിർമാണം സംബന്ധിച്ച് പാരിസ്ഥിതിക പ്രശ്നമുണ്ടാവുമെന്ന റിപ്പോർട്ടാണ് വിഷയം വീണ്ടും സജീവമാക്കുന്നത്.

മെഡിക്കൽ കോളജ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾ പലവിധ അഭിപ്രായങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ലഭ്യമായ ഭൂമിയിൽ തന്നെ നിർമാണം ആരംഭിക്കണമെന്നാണ് യുഡിഎഫ് പറയുന്നത്. സിപിഐ റവന്യൂ വകുപ്പിന്റെ കൈവശമുള്ള മറ്റ് ഭൂമികൾ ചൂണ്ടിക്കാട്ടിയും മുന്നോട്ടുവരുന്നുണ്ട്. ഏതായാലും വരും ദിവസങ്ങളിൽ മെ‍ഡിക്കൽ കോളജ് വിഷയം ജില്ലയിൽ സജീവ ചർച്ചയാകാനാണ് സാധ്യത.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama