go

മേൽപാല പദ്ധതിക്ക് തുരങ്കം വയ്ക്കുന്നത് അവിഹിത ലോബികളെന്ന് ആക്‌ഷൻ കമ്മിറ്റി

SHARE

ബത്തേരി∙ ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കാനുള്ള മേൽപാല പദ്ധതിക്ക് പുതിയ തടസ്സവാദങ്ങൾ ഉയരുന്നതിന് കാരണം സംസ്ഥാന സർക്കാരിന്റെ  അനാസ്ഥയും ചില ലോബികളുടെ അവിഹിത ഇടപെടലുകളുമാണെന്ന് നീലഗിരി-വയനാട് നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. മേൽപാല പദ്ധതിയുടെ പകുതി തുക വഹിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെ കേരളവും പാതി തുക നൽകാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ അതിൽ തുടർ നടപടികളുണ്ടായില്ല.

സംസ്ഥാനം പാതി തുക നൽകാമെന്ന തീരുമാനം സുപ്രീം കോടതിയെ അറിയിക്കുകയും കർണാടക സർക്കാരുമായും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായും ചർച്ച നടത്തി അവരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യണമായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച യാതൊരു ഫയൽ നീക്കവും ഉണ്ടായില്ല.

തലശ്ശേരി പാതയുമായി ബന്ധപ്പെട്ട ചിലരും ഒരു പരിസ്ഥിതി ഉപദേശകനും ചേർന്ന് വലിയ തെറ്റിദ്ധാരണകൾ പരത്തിയിട്ടുണ്ടെന്ന് ആക്‌ഷൻ കമ്മിറ്റി ആരോപിച്ചു. സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകനെ നിയോഗിക്കാതെ കേസ് നീട്ടിക്കൊണ്ടു പോകുന്നതിനു പിന്നിലും ഇത്തരം ഇടപെടലുകൾ ഉണ്ടെന്ന് ആക്‌ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയും നഞ്ചൻകോട്- നിലമ്പൂർ പാതയും നഷ്ടപ്പെടാൻ കാരണമായതും ഇക്കൂട്ടരുടെ ഇടപെടലുകളാണ്.

തലശ്ശേരി പാതയ്ക്കായി പരിസ്ഥിതി ഉപദേശകന്റെ മേൽനോട്ടത്തിൽ തയാറാക്കിയ അലൈൻമെന്റുകൾ പ്രകാരം കൊങ്കണ്‍ റെയില്‍വേയെക്കൊണ്ട് സര്‍വേ നടത്തിയെങ്കിലും അപ്രായോഗികമെന്ന് കണ്ടെത്തിയിരുന്നു.സര്‍ക്കാരിന് ഇതിലൂടെ കോടിക്കണക്കിന് രൂപ നഷ്ടമായി. ദേശീയപാത 766ഉം നഞ്ചന്‍കോട് പാതയും ഇല്ലാതാക്കി തലശ്ശേരി പാതയ്ക്ക് വരുമാനം കൂടുതല്‍ ലഭിക്കുമെന്ന ഇല്ലാക്കണക്കുകള്‍ നിരത്തിയുള്ള കുതന്ത്രങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. മുഖ്യമന്ത്രിയും സര്‍ക്കാരും ഇത് തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു.

മേൽപാല പദ്ധതിക്ക് അനുമതി ലഭ്യമാക്കാൻ കർണാക- കേന്ദ്ര സർക്കാരുകളുമായി സംസ്ഥാന സർക്കാർ ഉടൻ ഉന്നത തല ചർച്ചകൾ നടത്തണമെന്നും ചെലവിന്റെ പകുതി വഹിക്കാനുള്ള തീരുമാനം സുപ്രീം കോടതിയെ അറിയിക്കണമെന്നും ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. 

കൺവീനർ ടി. എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്,പി. വേണുഗോപാൽ, പി. വൈ. മത്തായി, വി. മോഹനൻ, എം. എ. അസൈനാർ, ഫാ. ടോണി കോഴിമണ്ണിൽ, മോഹൻ നവരംഗ്, ജോസ് കപ്യാരുമല, ജോയിച്ചൻ വർഗീസ്, ജേക്കബ് ബത്തേരി, അബ്ദുൽ റസാഖ്, നാസർ കാസിം, ഷംസാദ്, അനിൽ എന്നിവർ പ്രസംഗിച്ചു. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama