go

കുറുമ്പാലക്കോട്ടയ്ക്ക് ഭീഷണിയായി അനധികൃത നിർമാണവും കയ്യേറ്റവും

Wayanad News
കുറുമ്പാലക്കോട്ട മലമുകളിൽ പെരുകുന്ന താൽക്കാലിക കടകൾ.
SHARE

പനമരം ∙ കുറുമ്പാലക്കോട്ട മലയിൽ അനധികൃത നിർമാണങ്ങളും കയ്യേറ്റവും പെരുകുന്നു. ഡിടിപിസി ഏറ്റെടുത്തിട്ടില്ലെങ്കിലും ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന കുറുമ്പാലക്കോട്ട മലയെ തകർക്കാൻ ചിലർ ശ്രമിക്കുന്നതായി പരാതി ഏറുകയാണ്. 

പരിസ്ഥിതിയെ തകർത്തുള്ള നിർമാണങ്ങൾ മലയുടെ അടിമുതൽ മുകൾ വരെ വ്യാപകമായി നടക്കുന്നുണ്ട്. അനധികൃതമായി അധികൃതരുടെ ഒത്താശയോടെ നിർമാണം നടക്കുന്നതിന്റെ തെളിവാണ് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് മലയിടിച്ച് നടത്തുന്ന പണികൾ. കൂടാതെ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ കുമ്മട്ടി കടകൾ പെരുകി. 

മാലിന്യം കുമിഞ്ഞുകൂടുന്നതും ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചതും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. മലമുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നു എന്ന പരാതിയുമുണ്ട്.  മലമുകളിൽ എത്തുന്ന സഞ്ചാരികളും അല്ലാത്തവരും തളളുന്ന മാലിന്യം നീക്കം ചെയ്യാൻ പല തവണ പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊലീസ് ഏർപ്പെടുത്തിയ നിർദേശങ്ങൾ പാലിക്കാതെ അനധികൃത ടെന്റുകൾ മലമുകളിൽ പെരുകുന്നുണ്ട്. അനധികൃതമായി ടെന്റ് സ്ഥാപിക്കുന്നതിന് എതിരെ പൊലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകളും സാമൂഹികവിരുദ്ധർ നശിപ്പിച്ചതായി പറയപ്പെടുന്നു. 

പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായുള്ള കുറുമ്പാലക്കോട്ടയിൽ അനധികൃത കയ്യേറ്റം നടന്നിട്ടുണ്ട് എന്ന് പരാതിയെ തുടർന്ന് റവന്യു വകുപ്പ് നടപടികളാരംഭിച്ചെങ്കിലും ഇതുവരെ പൂർത്തികരിച്ചിട്ടില്ല. അഞ്ചുകുന്ന് വില്ലേജ് പരിധിയിൽപ്പെടുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തിയെങ്കിലും കോട്ടത്തറ വില്ലേജിലെ സ്ഥലം അളവ് കഴിഞ്ഞില്ലെന്നാണ് പറയപ്പെടുന്നത്.  സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൈമാറിയാലേ ടൂറിസം വകുപ്പ് ഏറ്റെടുത്ത് കുറുമ്പാലക്കോട്ടയെ വിനോദ സഞ്ചാര കേന്ദ്രമായി കണക്കാക്കപ്പെടു. ഏറ്റെടുക്കൽ താമസിക്കും തോറും മലയുടെ നാശവും വർധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

അനധികൃത കയ്യേറ്റം അവസാനിപ്പിക്കണം

പനമരം∙ കുറുമ്പാലക്കോട്ട മലയിൽ നടക്കുന്ന യന്ത്രവൽകൃത വികസനം വൻ ദുരന്തത്തിന് വഴിയൊരുക്കുമെന്ന്  കുറുമ്പാലക്കോട്ട സംരക്ഷണ സമിതി. പനമരം ഗ്രാമ പഞ്ചായത്തിലെ ചിലർ ഭരണസ്വാധീനം ഉപയോഗിച്ച് കുറുമ്പാലക്കോട്ട മല ഡിടിപിസി ഏറ്റെടുക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

മലയിൽ സ്വകാര്യ വ്യക്തികൾ ഇടയ്ക്കിടെ തീയിടുന്നത് മലയ്ക്കും മലയിലുള്ളവർക്കും ഭീഷണിയാകുന്നു. തീയിടുന്നതിന്റെ മറവിൽ മല കയ്യേറുക എന്നതാണ് ചിലരുടെ ലക്ഷ്യം. പാരിസ്ഥിതിക പ്രശ്നം ഉണ്ടാവാത്ത വിധത്തിൽ പരിസ്ഥിതി സന്തുലനം ഉറപ്പാക്കി ഉടൻ ഡിടിപിസി ഏറ്റെടുത്ത് കുറുമ്പാലക്കോട്ടയെ സംരക്ഷിക്കണമെന്ന് സമിതി ഭാരവാഹികളായ ഷിജു മരുതാനിക്കൽ കെ.പി. മോഹനൻ എന്നിവർ അറിയിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama