go

മരക്കടവിൽ വന്യജീവി ആക്രമണത്തിൽ രണ്ട് പശുക്കൾക്ക് പരുക്ക്

  മരക്കടവിൽ വന്യജീവി പശുക്കളെ ആക്രമിച്ച സ്ഥലത്ത് ചെതലയം ഡപ്യുട്ടി റേഞ്ച് ഓഫിസർ കെ.കെ.ബഷീറും സംഘവും പരിശോധന നടത്തുന്നു.  മരക്കടവിൽ വന്യജീവി പശുക്കളെ ആക്രമിച്ച സ്ഥലത്ത് ചെതലയം ഡപ്യുട്ടി റേഞ്ച് ഓഫിസർ കെ.കെ.ബഷീറും സംഘവും പരിശോധന നടത്തുന്നു.
മരക്കടവിൽ വന്യജീവി പശുക്കളെ ആക്രമിച്ച സ്ഥലത്ത് ചെതലയം ഡപ്യുട്ടി റേഞ്ച് ഓഫിസർ കെ.കെ.ബഷീറും സംഘവും പരിശോധന നടത്തുന്നു.
SHARE

പുൽപള്ളി ∙ കബനിക്കരയിലെ മരക്കടവിൽ നട്ടുച്ചയ്ക്കെത്തിയ വന്യജീവിയുടെ ആക്രമണത്തിൽ രണ്ട് പശുക്കൾക്ക് പരുക്ക്. പൊന്നാരംകുന്നേൽ തങ്കച്ചൻ മേയാനായി കബനിപ്പുഴയോരത്ത് വിട്ട പശുക്കൾക്കാണ് പരുക്ക്. ഉച്ചയ്ക്ക് 12ന് പശുക്കളെ വെള്ളംകുടിപ്പിക്കാനായി ചെന്നപ്പോഴാണ് പശുക്കളെ ആക്രമിച്ചതായി കണ്ടത്. ഒരു പശുവിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. നഖം ആഴ്ന്നിറങ്ങി. ഈ പശുവിന് എഴുന്നേൽക്കാൻ കഴിയുന്നില്ല.

മറ്റെ പശുവിന്റെ കഴുത്തിൽ മുറിവുണ്ട്. മുറിവുകളുടെ ലക്ഷണം പരിശോധിച്ചതിൽ അക്രമണകാരി കടുവയാണെന്ന സൂചനയുണ്ടെന്ന് ചെതലയം ഡപ്യുട്ടി റേഞ്ച് ഓഫിസർ കെ.കെ.ബഷീർ പറഞ്ഞു. സമീപത്തെ കുറ്റിക്കാട്ടിൽ ജീവിയുണ്ടെന്ന സംശയത്താൽ നാട്ടുകാരും വനപാലകരും കുറെ ഭാഗത്ത് തിരച്ചിൽ നടത്തി. ഇതിനിടെ കുറ്റിക്കാട്ടിൽ കയറിയ ഒരാൾ ജീവിയെ കണ്ട് ഭയന്നോടി. മരക്കടവ് പള്ളിയുടെ സമീപത്തെ ജനവാസ കേന്ദ്രത്തിലാണ് സംഭവം. നാട്ടുകാർ ഭയപ്പാടിലാണ്.

തൊട്ടക്കരെ ബൈരക്കുപ്പ ആനമാളത്ത് രണ്ടാഴ്ച മുമ്പ് വിറകെടുക്കാൻ വനത്തിൽപോയ ആദിവാസി യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മച്ചൂർ,ഗുണ്ടറ ഭാഗങ്ങളിൽ പകൽ സമയത്തും കടുവയിറങ്ങിയിരുന്നു. വനപാലകർ പടക്കം പൊട്ടിച്ച് വീടുകളുടെ സമീപത്ത് നിന്ന് തുരത്തുകയായിരുന്നു.

പ്രായമേറിയതോ, മുറിവേറ്റതോ ആയ കടുവയാണ് ഇരതേടി നാട്ടിലിറങ്ങുന്നതെന്നും സംശയമുണ്ട്. രാത്രിയും വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. ഡപ്യുട്ടി റേഞ്ച് ഓഫിസർക്ക് പുറമെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ജി.ഷജൻ, പി.എസ്.മധു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.അശ്വതി, എം.ആർ.സുരേഷ്കുമാർ, എസ്.രാധ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama