go

ഈ പള്ളിക്കൂടം ചെന്നലോടിന്റെ സ്വന്തം!

  ചെന്നലോട് ഗവ.യു പി സ്കൂൾ.
ചെന്നലോട് ഗവ.യു പി സ്കൂൾ.
SHARE

ചെന്നലോട് ഗ്രാമത്തിൽ രാജ്യാന്തര നിലവാരമുള്ള സ്കൂളിനു വേണ്ടി ചങ്കുറപ്പോടെ ഇറങ്ങിപ്പുറപ്പെട്ട ഗ്രാമവാസികളുടെ പ്രയത്നത്തിന്റെ ആദ്യപടി വിജയിച്ചിരിക്കുകയാണ്. നാട്ടുകാരും പിടിഎയും സ്കൂൾ ജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചപ്പോൾ ഒരു സർക്കാർ സ്കൂൾ രാജ്യാന്തര നിലവാരത്തിൽ ഉയർന്നുവരുന്നു. സ്കൂളിനുവേണ്ടി ലക്ഷങ്ങൾ വില മതിക്കുന്ന സ്ഥലം ഗ്രാമവാസികളുടെ വിയർപ്പു തുള്ളിയിൽനിന്നു സംഭാവനകളായി ഒഴുകിയെത്തി. 50 രൂപ മുതൽ 13,50000 രൂപ വരെയുള്ള സംഖ്യകൾ പിരിഞ്ഞു കിട്ടി. അങ്ങിനെ ആകെ സ്വരുക്കൂട്ടിയ 61 ലക്ഷം രൂപ മുടക്കി സ്കൂളിനായി 1.33 ഏക്കർ സ്ഥലം സ്വന്തമാക്കി. ഇനി പടിപടിയായി ചെന്നലോട് രാജ്യാന്തര സ്കൂൾ എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഈ നാട് നടന്നടുക്കും. 

സ്കൂൾ ഉണ്ടായ കഥ 

 നാട്ടുകാരുടെ നേതൃത്വത്തിൽ സ്കൂളിനു വേണ്ടി വാങ്ങിയ സ്ഥലം.
നാട്ടുകാരുടെ നേതൃത്വത്തിൽ സ്കൂളിനു വേണ്ടി വാങ്ങിയ സ്ഥലം.

1930-40 കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് വെണ്ണിയോട് നിവാസിയായ മുണ്ടോളി കലന്തർ എന്നയാൾ ചെന്നലോട് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 30 അടി നീളവും 15 അടി വീതിയുമുള്ള ഓടുമേഞ്ഞ കെട്ടിടം ഉണ്ടാക്കി നാമമാത്ര വിദ്യാർഥികളുമായി സ്കൂൾ ആരംഭിച്ചു. അത്തൻ, അമ്മൂട്ടി, സൂഫി എന്നിവർ അധ്യാപകരായെത്തി. പിന്നീട് വൈത്തിരി ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഏകാധ്യാപക എലിമെന്ററി സ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു.

പുത്തൂർ സൂഫി ഹാജിയുടെ വീടിന് സമീപത്ത് കാലപ്പഴക്കം ചെന്ന ഒറ്റമുറി കെട്ടിടത്തിലായി സ്കൂൾ പ്രവർത്തനം. ഏതാനും വർഷങ്ങൾക്കുശേഷം 4 അധ്യാപകരോടെ നാലാം ക്ലാസ് വരെയുള്ള മാപ്പിള എൽപി സ്കൂളായി മാറി. എന്നാൽ ആവശ്യമായ സ്ഥലസൗകര്യമോ സുരക്ഷിതമായ കെട്ടിടമോ ഇല്ലാത്തതിനാൽ ചെല്ലിയോട്ടുമ്മൽ മൊയ്തു ഹാജി എന്നയാളുടെ പീടിക കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി. കുഞ്ഞിരാമൻ, മൊയ്തീൻ, സുകുമാരൻ, മാത്യു എന്നിവരായിരുന്നു അന്നത്തെ അധ്യാപകർ.

കുട്ടികൾക്ക് അന്ന് ഉച്ചഭക്ഷണമായി ഉപ്പുമാവ് ഉണ്ടാക്കി നൽകുമായിരുന്നു. പിന്നീട് മാപ്പിള സ്കൂൾ ഗവ. എൽപി സ്കൂളായി മാറുകയും പീടിക കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ തൊട്ടടുത്ത മദ്രസ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടരുകയും ചെയ്തു. സ്വന്തമായി കെട്ടിടം നിർമിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിപാലക സമിതിയും നാട്ടുകാരും ഒത്തു ചേർന്ന് ശ്രമിച്ചതിന്റെ ഫലമായി പുത്തൂർ മൊയ്തു ഹാജി  അര ഏക്കർ ഭൂമി സ്കൂളിന് സംഭാവനയായി നൽകി.

സമീപത്തുള്ള ഒന്നര ഏക്കർ സ്ഥലം കൂടി നാട്ടുകാർ പിരിവെടുത്ത് സ്കൂളിനായി വാങ്ങി നൽകി. കെട്ടിടം പണിക്ക് സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഫണ്ട് ലാപ്സായി. പിന്നീട് സ്കൂൾ പ്രവർത്തനം മികവുറ്റതാക്കുന്നതിനു വേണ്ടി പിടിഎ രൂപീകരിച്ചു.  1970 കളിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് അന്നത്തെ മികച്ച രീതിയിലുള്ള 2 കെട്ടിടങ്ങളുടെ നിർമാണം ഭാവിയിൽ യുപി സ്കൂളായി ഉയർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു ആരംഭിച്ചു.

1975-76 കാലഘട്ടത്തിൽ ഇന്നത്തെ ഓഫിസ് അടക്കമുള്ള കെട്ടിടങ്ങളുടെ പണി പൂർത്തിയായി. സൗകര്യങ്ങളായതോടെ കൂടുതൽ കുട്ടികളും അധിക ഡിവിഷനുകളും അധ്യാപകരുമായി. തുടർന്ന് 1979 ൽ യുപിയായി ഉയർത്തി. തുടക്കത്തിൽ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ ഏകാധ്യാപക വിദ്യാലയം ഇന്ന് ഏഴാം ക്ലാസു വരെ അഞ്ഞൂറിലധികം വിദ്യാർഥികളും 30 അധ്യാപകരടക്കമുള്ള ജീവനക്കാരുമായി പുരോഗതിയുടെ പാതയിലാണ്. 

വീടിനെക്കാൾ ഇഷ്ടം, സ്കൂൾ! 

ഒരു സാധാരണ സർക്കാർ വിദ്യാലയത്തെ സ്വന്തം വീടിനേക്കാൾ നാട്ടുകാർ ഇത്രയും സ്നേഹിക്കുമ്പോൾ ഉറപ്പാണ് അവരുടെ പ്രയത്നം വെറുതെയാവില്ലെന്ന്. മികവുറ്റ സ്കൂളെന്ന ലക്ഷ്യത്തിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി ജനകീയ കൂട്ടായ്മയ്ക്കു രൂപം നൽകുകയാണ് ആദ്യം ചെയ്തത്. അതിനു മേൽനോട്ടം വഹിക്കുന്നതിനു വേണ്ടി എം.എം. ദേവസ്യ ചെയർമാനും പിടിഎ പ്രസിഡന്റ് ബഷീർ കണിയാങ്കണ്ടി കൺവീനറും പ്രധാന അധ്യാപകൻ ടോമി അബ്രഹാം, വി.എം. സിൽവിയ എന്നിവരെയും ചുമതല ഏൽപിച്ചു.

സ്കൂൾ കേന്ദ്രീകരിച്ചുള്ള ഗ്രാമങ്ങളെ 7 യൂണിറ്റുകളായി തിരിച്ചാണ് പ്രവർത്തനം നടത്തിയത്. ഓരോ യൂണിറ്റിനും തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി നിശ്ചിത ടാർജറ്റ് നൽകി. സമൂഹ മാധ്യമങ്ങളിലൂടെ വിവിധ കൂട്ടായമകളൊരുക്കി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി. വിദേശത്തു ജോലി ചെയ്യുന്ന നാട്ടുകാരും ഉൽസാഹത്തോടെ ഈ ഉദ്യമത്തിൽ പങ്കാളികളായി. വാട്സാപ് ഗ്രൂപ്പുകളിൽ എത്തുന്ന സന്ദേശങ്ങളെല്ലാം ആഗ്രഹസഫലീകരണത്തിന്റെ പുരോഗതിയെക്കുറിച്ചു മാത്രമായി. 

വിലങ്ങുതടിയായി പ്രളയമെത്തുന്നു 

പതിയെ ലക്ഷ്യത്തിലേക്കു നടന്നടുക്കുന്നതിനു തുടക്കം കുറിച്ചെങ്കിലും വിലങ്ങു തടിയായി പ്രളയമെത്തി. കാർഷിക ഗ്രാമമായ ഇവിടെയുള്ളവരുടെ വരുമാനമെല്ലാം നിലച്ചതോടെ വാഗ്ദാനങ്ങൾ എങ്ങിനെ പാലിക്കുമെന്ന ആധിയായിരുന്നു എല്ലാവർക്കും. എന്നാൽ അതിലൊന്നും അടി പതറാതെ തുടക്കമിട്ട പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ നാട്ടുകാർ ശ്രമിച്ചു. ഗ്രാമങ്ങളിലെ വിവിധ ആരാധനലായങ്ങളിലെ ഉച്ചഭാഷിണികളിലൂടെയും ഈ സംരഭത്തിനുള്ള സഹായം അഭ്യർഥനയും ഏറെ സഹായകമായി.

ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത ലോട്ടറി വിൽപനക്കാരൻ 2000 രൂപ വാഗ്ദാനം ചെയ്തത് അണിയറക്കാർക്ക് നൽകിയ ആത്മ വിശ്വാസം ചില്ലറയല്ല. അതോടെ 10 സെന്റ് ഭൂമി മാത്രം വാങ്ങാമെന്ന തീരുമാനത്തിൽ ഇറങ്ങിത്തിരിച്ച നാട്ടുകാർക്കു മുന്നിൽ ഒന്നര ഏക്കറോളം വരുന്ന സ്ഥലമെടുപ്പ് യാഥാർഥ്യമാക്കുവാനായി. പ്രതീക്ഷിച്ചതിലും അൽപം വൈകിയെങ്കിലും സ്ഥലമെടുപ്പെന്ന ആദ്യ ഘട്ടം ഇവർ വിജയകരമായി പൂർത്തിയാക്കി.

അടുത്ത ലക്ഷ്യം ഹൈസ്കൂൾ

നിലവിൽ 519 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. മുൻപ് ഹൈസ്കൂളിന്റെ മുൻഗണനാ പട്ടികയിൽ ഈ സ്കൂളും ഉൾപെട്ടിരുന്നെങ്കിലും സ്ഥല പരിമിതികൾ പട്ടികയിൽ നിന്നു പുറത്താകുവാൻ കാരണമായി. മഞ്ഞൂറ, പരാൽ, ചെന്നലോട് എൽപി സ്കൂളുകളിലെ കുട്ടികളടക്കം നിരവധി വിദ്യാർഥികളാണ് ഈ യുപി സ്കൂളിനെ ആശ്രയിക്കുന്നത്. ഈ സ്കൂളിലെ പഠനം കഴിഞ്ഞാൽ ഏറെ ദൂരത്താണ് ഹൈസ്കൂളുകളുള്ളത്. ഇത് വിദ്യാർഥികളെ ഏറെ ദുരിത്തിലാക്കുന്നതായി നാട്ടുകാർ പറയുന്നു. ആവശ്യമുള്ള സ്ഥലം വാങ്ങുകയും പുതിയ കെട്ടിടത്തിനുള്ള സർക്കാർ ഫണ്ട് ലഭിക്കുമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. അതോടെ ഹൈസ്കൂളെന്ന സ്വപ്നത്തിലേക്കുള്ള ചുവടുവയ്പ് എളുപ്പമായിരിക്കുകയാണ്. 

കരുത്തോടെ മുന്നോട്ട് 

വെറുതെ രാജ്യാന്തര നിലവാരത്തിൽ ഈ വിദ്യാലയത്തെ ഏത്തിക്കുമെന്ന വാഗ്ദാനമല്ല അണിയറ പ്രവർത്തകർ നടത്തിയത്. അതിനു വേണ്ടി കോഴിക്കോട് ജില്ലയിലെ രാജ്യാന്തര നിലവാരത്തിൽ പ്രവൃത്തിക്കുന്ന വിവിധ സർക്കാർ വിദ്യാലയങ്ങൾ സന്ദർശിച്ചു. ഈ നിലവാരത്തിലേക്ക് ഇത്തരം സ്കൂളുകളെ എത്തിക്കുന്നതിനു നേതൃത്വം നൽകിയവരെ സ്കൂൾ വികസന സമിതിയിലെത്തിച്ച് അവരിൽനിന്നു മാർഗ നിർദേശങ്ങളും സ്വീകരിച്ചു. അതിന്റെ ചുവടു പിടിച്ചാണ് ഇനിയുള്ള പ്രവർത്തനങ്ങളെന്ന് ഇവർ പറയുന്നു. 

പൂർവ വിദ്യാർഥികളുടെ ഇൻഡോർ സ്റ്റേഡിയം

ഈ സ്കൂളിലെ പൂർവ വിദ്യാർഥികളുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ് സംരഭമായ ഐഡി ഫ്രഷിന്റെ പിന്തുണയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ തുണയായതെന്ന് പിന്നണിയിൽ പ്രവർത്തിച്ചവർ പറയുന്നു. വലിയൊരു ഉദ്യമം വിജയിപ്പിക്കുന്നതിനു വേണ്ടി നല്ലൊരു സംഭാവന നൽകുകയും ഇത്രയും വലിയ സംരഭം വിജയിപ്പിച്ചതിനുള്ള സമ്മാനമായി 60 ലക്ഷം രൂപയുടെ ആധുനിക സൗകര്യങ്ങളോടു കൂടിയ ഇൻഡോർ സ്റ്റേഡിയം ഈ വിദ്യാലയത്തിനു വേണ്ടി നിർമിച്ചു നൽകുവാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ശിലയിടങ്ങൽ കർമം ദിവസങ്ങൾക്കകം തന്നെ നടത്തുവാനുള്ള ഒരുക്കത്തിലാണ് വികസന സമിതി.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama