go

രക്ഷിതാക്കൾക്ക് പഠന ക്ലാസുമായി ഓർഫനേജ് യുപി

  രക്ഷിതാക്കൾക്കായി പിടിഎയുടെ നേതൃത്വത്തിൽ മുട്ടിൽ ഓർഫനേജ് യുപി സ്കൂളിൽ നടന്ന പഠനക്ലാസ്.
രക്ഷിതാക്കൾക്കായി പിടിഎയുടെ നേതൃത്വത്തിൽ മുട്ടിൽ ഓർഫനേജ് യുപി സ്കൂളിൽ നടന്ന പഠനക്ലാസ്.
SHARE

കുട്ടികളുടെ ആരോഗ്യപഠന മാനസിക പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ രക്ഷിതാക്കൾക്കായി പിടിഎയുടെ നേതൃത്വത്തിൽ പഠന കോഴ്സുമായി മുട്ടിൽ ഓർഫനേജ് യുപി സ്കൂൾ. ശാസ്‌ത്രീയവും പ്രായോഗികവുമായി പ്രത്യേകം തയാറാക്കിയ സിലബസ്‌ അടിസ്‌ഥാനമാക്കിയാണ് ക്ലാസുകൾ. കുട്ടികളിലെ മാനസിക സംഘർഷം, ഇതിനാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, അവരുടെ ആരോഗ്യ ക്ഷമത, പഠനവൈകല്യങ്ങൾ, ശാരീരിക പരിമിതികൾ, ജീവിതശൈലീ രോഗങ്ങൾ തുടങ്ങി   വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങളെ അപഗ്രഥനം നടത്തിയുള്ള പാഠ്യപദ്ധതിയാണ് നടപ്പാക്കുന്നത്. 

20 ക്ലാസുകളിലായി നടപ്പാക്കുന്ന പദ്ധതിക്കു രക്ഷിതാക്കൾക്കായി അമ്മക്കൈവിരൽ എന്ന കൈപുസ്‌തകവും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക്‌ മാർഗദർശിയോ ഉപദേശകനോ ആയി പിതാവോ മാതാവോ ആവുകയും സ്വതന്ത്രമായും നിർഭയത്തോടെയും രക്ഷിതാക്കളെ സമീപിക്കുന്ന മാനസിക തലത്തിലേക്ക്‌ കുട്ടികളെ കൊണ്ടെത്തിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. രക്ഷിതാക്കൾക്ക്‌ യഥാസമയം നിർദ്ദേശങ്ങൾ ലഭ്യമാക്കുന്നതിന് ഹെൽപ്‌ഡെസ്‌ക്കും പ്രവർത്തിക്കുന്നുണ്ട്. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക്‌ സർട്ടിഫിക്കറ്റും നൽകുന്നുണ്ട്.

പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾ, ഓർഫനേജ് അന്തേവാസികൾ, തുടങ്ങി സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കളാണ്‌ ഈ സ്‌കൂളിൽ പഠിക്കുന്നവരിൽ അധികവുമെന്ന പശ്‌ചാതലത്തിലാണ്‌ രക്ഷിതാക്കൾക്കായി പാരന്റ്‌ എംപവർമെന്റ് പ്രോഗ്രാം  പദ്ധതിയെ കുറിച്ച് അധ്യാപകരും പിടിഎയും ചർച്ച ചെയ്‌തത്. പദ്ധതിയുടെ സിലബസ്, മൊഡ്യൂൾ എന്നിവ വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ധരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക സമിതിയാണ്‌ രൂപം നൽകിയത്. വിവിധ വിദ്യാഭ്യാസ കർമ പദ്ധതികൾക്ക് നേതൃത്വം നൽകിയ ഡോ. കെ.ടി. അഷ്‌റഫ്‌ ആണ് ഈ സമിതിയുടെ അധ്യക്ഷൻ.

ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകിയത് രാജ്യാന്തര എച്ച്ആർഡി പരിശീലകനും ഗ്രന്ഥകാരനുമായ സിറാജുദ്ദീൻ പറമ്പത്ത് ആണ്. കോഴ്‌സിന്റെ ആദ്യഘട്ടം പിന്നിടുമ്പോൾ തന്നെ  മികച്ച പ്രതികരണമാണ്‌ രക്ഷിതാക്കളിൽ നിന്ന് ലഭിച്ചുവരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രധാനാധ്യാപിക ബി. പത്മാവതി അമ്മ, പിടിഎ പ്രസിഡന്റ്‌ ലത്തീഫ്, മദർ പിടിഎ പ്രസിഡന്റ് റസീന റഫീഖ്, സ്‌റ്റാഫ്‌ സെക്രട്ടറി എം.അബ്‌ദുല്ല, കോ ഓർഡിനേറ്റർ പി.എം. മുജീബ്‌ റഹ്‌മാൻ  എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.    

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama