ഗുണ്ടൽപ്പേട്ട ∙ കാട്ടിനുള്ളിൽ വരൾച്ച രൂക്ഷമായതോടെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ഇന്നു മുതൽ സഞ്ചാരികൾക്കു നിരോധനം. വേനൽ കനത്തതോടെ മൃഗങ്ങൾക്ക് ശല്യമുണ്ടാകാതിരിക്കാനും കാട്ടുതീ പ്രതിരോധിക്കാനുമായാണു നടപടി. ദക്ഷിണേന്ത്യയിലെ പ്രധാന വന്യജീവി സങ്കേതമായ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ രാജ്യത്തിന്റെ പലഭാഗത്തുനിന്നായി ഒട്ടേറെ സഞ്ചാരികൾ ദിവസവും എത്താറുണ്ട്. കേരളം, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും.

വയനാട് വന്യജീവി സങ്കേതത്തോടും മുതുമല കടുവ സങ്കേതത്തോടും ചേർന്ന് കിടക്കുന്ന വനത്തിൽ മാൻ, കടുവ, പുലി, മയിൽ, കരടി എന്നിവയും കൂട്ടമായെത്തുന്ന കാട്ടാനകളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ്. വേനൽ ശക്തമാകുന്നതോടെ എല്ലാ വർഷവും സഞ്ചാരികൾക്ക് നിയന്ത്രണമുണ്ടാകാറുണ്ട്.

ഇവിടെ വനംവകുപ്പ് നിർമിക്കുന്ന കുളങ്ങളിൽ വെള്ളം കുറഞ്ഞാൽ മൃഗങ്ങൾക്ക് കുടിക്കാനായി പുറത്തുനിന്ന് വെള്ളമെത്തിക്കാറുണ്ട്. വേനൽ ശക്തമാകുന്നതോടെ കാട്ടാനകൾക്ക് തീറ്റയും വെള്ളവും ആവശ്യത്തിന് കിട്ടാതെ വരുമ്പോൾ ഉൾവനങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ സാധ്യതയുണ്ട്. വരൾച്ച കാരണം കാട്ടുതീ ഭീഷണിയും നേരിടേണ്ടിവരും.
ഇതെല്ലാം സഞ്ചാരികളുടെ സുരക്ഷയെയും ബാധിക്കും. ഇതു പരിഗണിച്ചാണ് സഞ്ചാരികളുടെ നിയന്ത്രണം. ഇവിടങ്ങളിൽ വേനൽ മഴ കുറവായിരിക്കും. ഇനി ആവശ്യത്തിന് മഴ ലഭിക്കുകയും കാട് വീണ്ടും പച്ചപ്പ് നിറയുകയും ചെയ്താലേ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കൂവെന്ന് അധികൃതർ അറിയിച്ചു.