go

പ്ലാസ്റ്റിക് നിറഞ്ഞ് അമ്പലവയൽ

  Wayanad News
അമ്പലവയലിൽ നിസാൻ ഹട്ടുകൾക്ക് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞപ്പോൾ.
SHARE

അമ്പലവയൽ ∙ പ്ലാസ്റ്റിക് നിയന്ത്രിത പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വർധിക്കുന്നു. പ്ലാസ്റ്റിക് നിയന്ത്രിത പഞ്ചായത്തായി പ്രഖ്യാപിച്ചിട്ട് വർഷങ്ങളായെങ്കിലും പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യം കുറയുന്നില്ല. ആശുപത്രി കുന്നിലും നിസാൻ ഹട്ടുകളുടെ സമീപത്തുമെല്ലാം പ്ലാസ്റ്റിക് മാലിന്യം കൂടിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്ലാസ്റ്റിക്കിനെ‍ാപ്പം മദ്യക്കുപ്പികൾ, ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങിയവയുമുണ്ട്. 

കുടുംബശ്രീകളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരിക്കുകയും തുടര്‍ന്ന് ആശുപത്രി കുന്നിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്ന വിധത്തിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതിയാണ് പ്ലാസ്റ്റിക് നിയന്ത്രിത പഞ്ചായത്ത്. എന്നാൽ ഇപ്പോൾ പ്ലാസ്റ്റിക് ശേഖരണമടക്കം കാര്യക്ഷമമായി നടക്കാതെ വന്നതോടെയാണ് പലയിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യം കൂടിയത്.

40 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ വിൽപനയും ഉപയോഗവും നിരോധിച്ചായിരുന്നു പദ്ധതി തുടങ്ങിയത്. ഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ഇത് നടപ്പാക്കിയെങ്കിലും ഇപ്പോഴും ചിലയിടങ്ങളിൽ നിയന്ത്രണമുള്ള പ്ലാസ്റ്റിക് കവറുകൾ വിതരണം ചെയ്യുന്നതായി ആക്ഷേപമുണ്ട്. 

പരിശോധനകൾ നടത്താത്തതും നിയന്ത്രണത്തിന് തിരിച്ചടിയാകുന്നുണ്ട്.അമ്പലവയലിലെയും സമീപത്തെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന വാഹനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡ് സൈഡിലും മറ്റും തള്ളുന്നതും പതിവാണ്. 

കെ‍ാളഗപ്പാറയിലേക്കുള്ള റോഡിന്റെ ഇരുഭാഗങ്ങളും വിനോദ സഞ്ചാരികൾ ഭക്ഷണംകഴിക്കാനായി നിർത്തുന്നത് പതിവാണ്.  ഇവിടെ ഭക്ഷണ അവശിഷ്ടങ്ങളും അവ കെ‍ാണ്ടുവരുന്ന പ്ലാസ്റ്റിക് വസ്തുക്കളും തടയാൻ നടപടിയില്ലാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama