go

6 ദിവസം ചത്തത് 22 നായ്ക്കൾ; ചുരുളഴിയാതെ നായ്ക്കൊല

wayanad-meenangadi-dog
മീനങ്ങാടി രാമഗിരിയിൽ ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയ നായയുടെ ജഡം
SHARE

പനമരം ∙ പുഴയിൽ നായ്ക്കളുടെ അഴുകിയ ജഡങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ചുരുളഴിയാത്തത് ആശങ്കയേറ്റുന്നു. പനമരം പുഴകളിൽ നായ്ക്കളുടെ ജഡം കണ്ടെത്തുന്നതു പതിവായതിനെ തുടർന്നു പരാതികൾ ഏറിയതോടെ പൊലീസ് രംഗത്തിറങ്ങിയിട്ടുണ്ട്. എന്നിട്ടും, നായ്ക്കളെ കൊല്ലുന്നത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. 

കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ പുഴയിലും കബനിയിലുമായി 20 നായ്ക്കളുടെ ജഡങ്ങളാണു കണ്ടെത്തിയത്. ഇതോടെ ജനങ്ങൾക്കിടയിൽ ആശങ്കകളും അഭ്യൂഹങ്ങളും പടരുന്നതിനിടയിലാണ് ഇന്നലെ മീനങ്ങാടി – രാമഗിരി റോഡിൽ രാമഗിരി കോളനിക്ക്‌ സമീപം ചാക്കിൽ കെട്ടിയ നിലയിൽ 2 നായ്ക്കളുടെ ജഡങ്ങൾ കൂടി കണ്ടെത്തിയതോടെ ദുരൂഹത വർധിച്ചു.ഇന്നലെ രാവിലെ പ്രദേശവാസികളാണ് ചാക്കുകെട്ടുകൾ കണ്ടത്. നായ്ക്കളാണെന്ന് ബോധ്യപ്പെട്ടതോടെ നാട്ടുകാർ പെ‍ാലീസിനെയും ബന്ധപ്പെട്ട അധികൃതരെയും വിവരം അറിയിച്ചു.

നായ്ക്കളെ കൊന്നിടുന്നത് കുടിവെള്ളത്തിൽ 

നായ്ക്കളെ കൊന്ന് പുഴയിൽ തള്ളുന്നത് കുടിവെള്ള പദ്ധതികളെ അടക്കം ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോളിഫോം ബാക്ടീരിയ ഉണ്ടെന്ന് കണ്ടെത്തിയ പുഴയിലാണ് നായ്ക്കളുടെ ജഡങ്ങളും അടിഞ്ഞുകൂടുന്നത്. കണിയാമ്പറ്റ, പൂതാടി, പനമരം പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നത് ഈ പുഴയിൽ നിന്നാണ്. അഴുകിയ നായ്ക്കളുടെ ജഡങ്ങൾക്ക് പുറമേ വൻ തോതിൽ മാലിന്യവും പുഴയിൽ അടിഞ്ഞു കൂടിയിരിക്കുകയാണ്. ഈ വെള്ളം ഉപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങളോ പകർച്ചവ്യാധികളോ ഉണ്ടാകുമോ എന്ന ഭയം ജനങ്ങൾക്കിടയിലുണ്ട്. 

6 ദിവസം ചത്തത് 22 നായ്ക്കൾ; ചുരുളഴിയാതെ നായ്ക്കൊല

പുഴ ഇത്തരത്തിൽ മലിനമായിട്ടും പഞ്ചായത്തോ ആരോഗ്യ വകുപ്പോ വേണ്ട ശുചീകരണ പ്രവർത്തികളോ മുൻകരുതൽ നടപടികളോ സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമായുണ്ട്.

6 ദിവസം ചത്തത് 22 നായ്ക്കൾ

കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ പുഴയിലും കബനിയിലുമായി 20 നായ്ക്കളുടെ ജഡങ്ങൾ കണ്ടെത്തി. ഇന്നലെ മീനങ്ങാടി – രാമഗിരി റോഡിൽ രാമഗിരി കോളനിക്ക്‌ സമീപം ചാക്കിൽ കെട്ടിയ നിലയിൽ 2 നായ്ക്കളുടെ ജഡങ്ങൾ കൂടി കണ്ടെടുത്തു.

ആശങ്ക പരിഹരിക്കും: സർവകക്ഷിയോഗം 

പുഴയിലെ നായ്ക്കളുടെ ജഡങ്ങൾ ആശങ്ക പരിഹരിക്കുമെന്ന് സർവകക്ഷിയോഗം. അഴുകിയ നായ്ക്കളുടെ ജഡങ്ങൾ പുഴയിൽ വർധിച്ചതിനെത്തുടർന്നാണ് ഇന്നലെ പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നത്. പഞ്ചായത്തിൽ പ്രശ്നബാധിത പ്രദേശമെന്ന് പൊലീസ് ചൂണ്ടി കാണിക്കുന്ന സ്ഥലങ്ങളിൽ മാർച്ച് 31ന് മുൻപ് സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇനി നായ്ക്കളുടെ ജഡങ്ങൾ കണ്ടെത്തിയാൽ പോസ്റ്റ്മോർട്ടം നടത്തുന്നതിനും തീരുമാനമായി. കബനി നദി സംരക്ഷണ പ്രവർത്തികൾ മാർച്ചിന് മുൻപ് പൂർത്തീകരിക്കാനും തീരുമാനമായി. 

   സർവകക്ഷി യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
സർവകക്ഷി യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പോസ്റ്റ്മോർട്ടം വേണം 

ദിനംപ്രതി നായ്ക്കൾ ചത്തെടുങ്ങുന്നതിന് കാരണം വ്യക്തമല്ലാത്തതിനാൽ ചത്ത നായ്ക്കളുടെ പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് പ്രധാന ആവശ്യം. ചത്തതിൽ മിക്കതിനും കാഴ്ചയിൽ നല്ല ആരോഗ്യം തോന്നിക്കുന്നവയാണ്. ജഡങ്ങൾ ചീഞ്ഞളിഞ്ഞ അവസ്ഥയിലായത് പോസ്റ്റ്മോർട്ടം നടപടികൾ അസാധ്യമാക്കുന്നുവെന്നാണ് അധികൃതരുടെ വാദം. 

മാലിന്യം അടിഞ്ഞ പനമരം പുഴയും അതിനടുത്തുള്ള പമ്പ് ഹൗസും
മാലിന്യം അടിഞ്ഞ പനമരം പുഴയും അതിനടുത്തുള്ള പമ്പ് ഹൗസും

ചത്ത നായ്ക്കളിൽ മാരകമായ മുറിവുകളില്ല. ഇവയെ കൊന്നതെങ്ങനെ? 

നായ്ക്കളുടെ മൃതദേഹം തള്ളുന്നത് നിരീക്ഷണക്യാമറകളിൽ പതി‍ഞ്ഞില്ലേ? 

ഇത്രയേറെ വാർത്താപ്രാധാന്യം നേടിയിട്ടും നായ്ക്കൊലകൾ ആവർത്തിക്കുന്നതിനു പിന്നിലെന്ത് ? 

നായ്ക്കളെ കെ‌‌ാന്നത് ആര് അന്വേഷിക്കും ?

നായ്ക്കളുടെ ജഡങ്ങൾ കണ്ടെത്തുന്നത് ദിനംപ്രതി വർധിക്കുമ്പോഴും പെ‍ാലീസ്, ആരോഗ്യവകുപ്പ് അധികൃതർ ജനങ്ങളുടെ ആശങ്ക അകറ്റാൻ ശ്രമം നടത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. 22 നായ്ക്കൾ ചത്തിട്ടും അതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താത്തതു പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. 

പനമരം പ്രദേശത്ത് ഇനി പുഴയിലോ കരയിലോ നായ്ക്കളുടെ ജഡങ്ങൾ കണ്ടെത്തിയാൽ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവം അറിയാൻ വൈകിയതിനാലാണു പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയാതെ വന്നത്. 

പനമരം വെറ്ററിനറി സർജൻ ഡോ. മുസ്തഫ കോട്ട

പുഴയിൽ നായ്ക്കളുടെ അഴുകിയ ജഡങ്ങൾ കണ്ടെത്തിയതിനെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറ്റവാളികളെ പിടികൂടും.

എഎസ്ഐ പി.ഡി.റോയിച്ചൻ

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama