go

ബത്തേരി നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നോട്ടിസ്

  ബത്തേരി നഗരസഭാ അധ്യക്ഷനും ഉപാധ്യക്ഷക്കുമെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയം സമര്‍പ്പിക്കുന്നു
ബത്തേരി നഗരസഭാ അധ്യക്ഷനും ഉപാധ്യക്ഷക്കുമെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയം സമര്‍പ്പിക്കുന്നു
SHARE

ബത്തേരി∙ നഗരസഭാധ്യക്ഷൻ കേരള കോൺഗ്രസി(എം)ലെ ടി.എൽ. സാബു, ഉപാധ്യക്ഷ ജിഷാ ഷാജി എന്നിവർക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി.  യുഡിഎഫ് അംഗങ്ങളായ എൻ.എം.വിജയൻ, പി.പി.അയൂബ്, ആർ.രാജേഷ്കുമാർ, ഷബീർ അഹമ്മദ് എന്നിവരടങ്ങിയ സംഘം നഗരസഭ കാര്യാലയ റീജനൽ ജോയിന്റ് ഡപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ് കെ.പവിത്രൻ മുൻപാകെ കോഴിക്കോട് ഓഫിസിലെത്തിയാണ് ഇന്നലെ അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയത്. അവിശ്വാസം 23 ന് ചർച്ചക്കെടുക്കും. 

സിപിഎം കൗൺസിലർമാരായ 16 പേരുടെ പിന്തുണയോടെയാണ് കേരള കോൺഗ്രസി(എം)ലെ ടി.എൽ.സാബു അധ്യക്ഷ സ്ഥാനത്തു തുടരുന്നത്. 17 അംഗ ഭരണപക്ഷത്തിനെതിരെ അവിശ്വാസത്തിന്റെ വാളുയർത്തുന്ന യുഡിഎഫിലും ഇപ്പോൾ 17 കൗൺസിലർമാരുണ്ട്. 9 കോൺഗ്രസും 8 ലീഗും. ആകെ 35 അംഗങ്ങളുള്ള നഗരസഭയിലുള്ള ഏക ബിജെപി അംഗത്തിന്റെ നിലപാട് നിർണായകമാണ്. 

സിപിഎമ്മിന്റെ കൈവശമുണ്ടായിരുന്ന കരിവള്ളിക്കുന്ന് വാർഡ് ഉപതിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് തിരിച്ചു പിടിച്ചതോടെയാണ് അട്ടിമറി സാധ്യതകൾക്കുള്ള നീക്കം സജീവമായത.് എന്നാൽ അവിശ്വാസം വോട്ടിനിടുമ്പോൾ ബിജെപി അംഗമെടുക്കുന്ന നിലപാടുകളെ ആശ്രയിച്ചാകും ഭരണപ്രതിപക്ഷങ്ങളുടെ ജയപരാജയം. ഇരുപക്ഷത്തുമുള്ളവർ ചിലരെങ്കിലും മറുകണ്ടം ചാടിയായിലും അത്ഭുതപ്പെടേണ്ടെന്നാണു പിന്നാമ്പുറ സംസാരം. 

35 അംഗ നഗരസഭയിൽ കേരള കോൺഗ്രസ് അംഗത്തിന്റെ ബലത്തിൽ 18 അംഗങ്ങളുടെ മുൻതൂക്കവുമായാണ് സിപിഎമ്മിലെ സി.കെ.സഹദേവൻ ആദ്യ രണ്ടര വർഷം ഭരിച്ചത്. ധാരണപ്രകാരം തുടർന്നുള്ള 1 വർഷം കേരള കോൺഗ്രസിന് നൽകി. അതിനിടെ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ 1 സീറ്റ് സിപിഎമ്മിന് നഷ്ടമായതോടെയാണ് ധാരണ കാലാവധിക്ക് 2 മാസം മുൻപ് അവിശ്വാസമെത്തുന്നത്.

യുഡിഎഫ് കൊണ്ടുവന്നിട്ടുള്ള അവിശ്വാസം വിജയിക്കുമെന്നു കരുതുന്നില്ല. ഇരുപക്ഷങ്ങളും തുല്യനിലയിലാണ്. ബിജെപി നിഷ്പക്ഷ നിലപാടെടുക്കുമെന്നാണു കരുതുന്നത്. ശക്തമായ ഭരണമുന്നേറ്റം കണ്ട് വിളറിപൂണ്ടാണ് അവിശ്വാസത്തിന് യുഡിഎഫ് മുൻകയ്യെടുക്കുന്നത്. റോഡുകൾ, വീടുകൾ, ശുചിമുറികൾ ശുദ്ധജലം, സൗന്ദര്യവൽക്കരണം, ബൈപാസ്, മാലിന്യസംസ്കരണ പ്ലാന്റ്, അങ്കണവാടി പദ്ധതികൾ തുടങ്ങിയ വികസന പദ്ധതികൾ ഉൾക്കൊള്ളാ‍ൻ യുഡിഎഫ് നേതാക്കൾക്ക് കഴിയുന്നില്ല.

സി. കെ. സഹദേവൻ(എൽഡിഎഫ്)

ബത്തേരി നഗരസഭാധ്യക്ഷനും ഉപാധ്യക്ഷക്കുമെതിരെ കൊണ്ടു വരുന്ന അവിശ്വാസം വിജയിക്കും. കാലുമാറ്റക്കാരെ പ്രോത്സാഹിപ്പിച്ച സിപിഎമ്മിന്റെ കപട രാഷ്ട്രീയ മുഖം ജനങ്ങളുടെ മുൻപിൽ പൊളിച്ചുകാണിക്കാൻ വേണ്ടിയാണ് അവിശ്വാസ നോട്ടീസ് നൽകിയത്. ഒരു വോട്ടിന്റെ പോലും ഭൂരിപക്ഷമില്ലാത്ത കേരള കോൺഗ്രസ് അംഗത്തെയാണ് 16 സിപിഎം അംഗങ്ങൾ പിന്തുണക്കുന്നത്.

പി.പി. അയൂബ് (യുഡിഎഫ്)

ബത്തേരിയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ചർച്ചക്കെടുക്കുമ്പോൾ പാർട്ടിയുടെയും പ്രവർത്തകരുടെയും തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കും.

എം.കെ. സാബു(ബിജെപി അംഗം)

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama