go

കാട്ടാന വന്ന് കൃഷിയെടുക്കുന്നു; കണ്ണുനിറച്ച് കർഷകർ

Wayanad News
കാട്ടാന തകർത്ത മാളുഭവനം ബൈജുവിന്റെ നേന്ത്രവാഴത്തോട്ടം.
SHARE

പനമരം∙ കായക്കുന്ന് മണൽവയലിൽ കാട്ടാനകളുയുടെ വിളയാട്ടം. ഒട്ടേറെ കർഷകരുടെ കൃഷികൾ നശിപ്പിച്ചു. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടമാണ് കൃഷികളും കിണറുകളും മൺകയ്യാലകളും നശിപ്പിച്ചത്. വനാതിർത്തിയിലെ വൈദ്യുത വേലിയും കിടങ്ങും കന്മതിലും തകർത്താണ് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിയിടത്തിലിറങ്ങുന്നത്. 

കഴിഞ്ഞ ദിവസം മണൽവയലിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം രണ്ടാംമൈൽ മാളുഭവനം ബൈജുവിന്റെ രണ്ടര ഏക്കർ നേന്ത്രവാഴ കൃഷിയിൽ ഏറെയും തകർത്തു.  മണൽവയൽ ദാമോദരൻ, തുരുത്തിയിൽ ബേബി തുടങ്ങി ഒട്ടേറെ കർഷകരുടെ വാഴ, കമുക്, കാപ്പി, റബർ, തെങ്ങ് തുടങ്ങിയ വിളകൾ ഒറ്റ രാത്രി കൊണ്ട് തരിപ്പണമാക്കി. 

 Wayanad News
കാട്ടാന തകർത്ത മണൽവയൽ ദാമോദരന്റെ കമുകുതോട്ടം.

കുടിയേറ്റത്തിനു ശേഷം ഒരിക്കലും കാട്ടാന എത്താത്ത ജനവാസ കേന്ദ്രങ്ങളിലും ഇപ്പോൾ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടമാണ്. രണ്ട് ദിവസം മുൻപ് കൈതക്കൽ കണ്ണാടിമുക്കിൽ എത്തിയ ഒറ്റയാൻ വഴിയാത്രക്കാരനു നേരെ തിരിഞ്ഞിരുന്നു. തൊട്ടു മുൻപിൽ ആനയെ കണ്ട് ഭയന്നോടിയ ഇദ്ദേഹത്തിന് പരുക്കേറ്റിരുന്നു. പൊതുവേ കാട്ടാന ശല്യം കുറയേണ്ട സമയമാണ് ഇപ്പോൾ. എങ്കിൽ ഈ വർഷം വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. 

 Wayanad News

വന്യമൃഗശല്യം മൂലം കൃഷി നാശം സംഭവിച്ചവർക്ക് അർഹമായ നഷ്ട പരിഹാരം നൽകുന്നുണ്ടെന്ന് വനം വകുപ്പ് പറയുമ്പോഴും 3 വർഷം മുൻപ് കായക്കുന്നിൽ കൃഷി നാശം സംഭവിച്ചവർക്ക് ഇതുവരെ കിട്ടിയില്ല. കായക്കുന്ന് ക്ഷീരസംഘത്തിൽ പാൽ അളവിന് എത്തിയ ജീവനക്കാരനെ കാട്ടാന ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തെങ്കിലും നഷ്ടപരിഹാരമായി ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് ക്ഷീരസംഘം പ്രസിഡന്റ് പറയുന്നു. 

 മാസങ്ങൾക്ക് മുൻപ് വനാതിർത്തിയിൽ കാട്ടാന തകർത്ത കന്മതിൽ നന്നാക്കാൻ വനം വകുപ്പ് ഇതുവരെ തയാറായിട്ടില്ല. ഇതിന് പുറമേയാണ് കൃഷിയിടങ്ങളോടു ചേർന്ന് വനത്തിൽ കുളങ്ങളും മറ്റും നിർമിക്കുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പാതിരി സൗത്ത് സെക്‌ഷനിൽ റെയിൽപാള വേലി നിർമിക്കുന്നതിന് 16 കോടി മാറ്റി വച്ചിട്ടുണ്ട് എന്ന് പറയാൻ തുടങ്ങിയിട്ട് 2 വർഷം കഴിഞ്ഞെങ്കിലും നടപടിയില്ല. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama