go

നൂറംഗ സംഘം, 3 താപ്പാനകൾ ഒടുവിൽ കൊമ്പൻ കൂട്ടിൽ; വടക്കനാടിന് ആശ്വാസം

മയങ്ങിയ വടക്കനാട് കൊമ്പനെ കുങ്കിയാനകൾ ലോറിയിലേക്ക് നടത്തിക്കയറ്റുന്നു.
മയങ്ങിയ വടക്കനാട് കൊമ്പനെ കുങ്കിയാനകൾ ലോറിയിലേക്ക് നടത്തിക്കയറ്റുന്നു.
SHARE

ബത്തേരി ∙ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മഹേഷ് എന്ന സ്കൂൾ വിദ്യാർഥിയെ കുത്തിക്കൊല്ലുകയും ചെയ്ത വടക്കനാട് കൊമ്പൻ എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി മുത്തങ്ങ ആനപന്തിയിലെ കൂട്ടിലാക്കി.

 മുത്തങ്ങയിലെ കൂട്ടിൽ നിൽക്കുന്ന മയങ്ങിയ വടക്കനാട് കൊമ്പന്റെ ദേഹത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നു
മുത്തങ്ങയിലെ കൂട്ടിൽ നിൽക്കുന്ന മയങ്ങിയ വടക്കനാട് കൊമ്പന്റെ ദേഹത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നു

ഇന്നലെ രാവിലെ 6 മണിയോടെ വടക്കനാട് പണയമ്പം ചെമ്പരത്തിമൂല വനാതിർത്തിയിൽ വച്ചാണ് ദൗത്യം നടപ്പാക്കിയത്. ഡോ.അരുൺസഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ്  മയക്കുവെടി വച്ചത്.  മയക്കുവെടിയേറ്റ് അർധബോധാവസ്ഥയിൽ നിന്ന കൊമ്പനെ മുത്തങ്ങ പന്തിയിലെ താപ്പാനകളായ നീലകണ്ഠൻ, സൂര്യൻ, പ്രമുഖ എന്നിവയുടെ സഹായത്തോടെ ലോറി ആംബുലൻസിൽ കയറ്റി 20 കിലോമീറ്റർ മാറിയുള്ള  മുത്തങ്ങയിലെത്തിച്ചു.

വെടി കൊണ്ട് മയങ്ങിയ വടക്കനാട് കൊമ്പനെ ചെമ്പരത്തിമൂല വനമേഖലയിലെ കൊല്ലിയിൽ നിന്ന് വലപാലകർ വടമിട്ട് വലിച്ചു കയറ്റുന്നു
വെടി കൊണ്ട് മയങ്ങിയ വടക്കനാട് കൊമ്പനെ ചെമ്പരത്തിമൂല വനമേഖലയിലെ കൊല്ലിയിൽ നിന്ന് വലപാലകർ വടമിട്ട് വലിച്ചു കയറ്റുന്നു

തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ തന്നെ വടക്കനാട് കൊമ്പനു വേണ്ടി പ്രത്യേകം നിർമിച്ച കൂട്ടിലാക്കി.കഴിഞ്ഞ ഒന്നര വർഷത്തോളമായി വടക്കനാട് മേഖലയിൽ സ്ഥിരം പ്രശ്നക്കാരനായിരുന്നു കൊമ്പൻ. കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കർഷകർ രണ്ടു തവണ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു.

ചെമ്പരത്തിമൂല വനമേഖലയിൽ നിന്ന് മയക്കുവെടി വച്ച് മയങ്ങിയ വടക്കനാട് കൊമ്പനെ തള്ളിനീക്കി നടത്തുന്ന കുങ്കിയാന.
ചെമ്പരത്തിമൂല വനമേഖലയിൽ നിന്ന് മയക്കുവെടി വച്ച് മയങ്ങിയ വടക്കനാട് കൊമ്പനെ തള്ളിനീക്കി നടത്തുന്ന കുങ്കിയാന.

ഒടുവിൽ കഴിഞ്ഞ വർഷം മേയിൽ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. എന്നാൽ പിന്നീട് കൊമ്പൻ കർണാടക വനമേഖലയിലേക്ക് നീങ്ങി. അടുത്തിടെ തിരിച്ചെത്തിയതോടെയാണ് ദൗത്യം നടപ്പാക്കിയത്. കുങ്കിയാനകളെ ലഭ്യമല്ലാതിരുന്നത് ആനയെ പിടികൂടുന്നതിന് തടസ്സമായി. ഒടുവിൽ  മുത്തങ്ങ പന്തിയിലെ കുങ്കിയാനകളെ ഉപയോഗിച്ച് ദൗത്യം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.

മുത്തങ്ങ പന്തിയിൽ കൂട്ടിൽ കയറ്റുന്നതിന് മുൻപ് വടക്കനാട് കൊമ്പന് ബയോളജിസ്റ്റ് വിഷ്ണു ഇഞ്ചക്ഷൻ നൽകുന്നു
മുത്തങ്ങ പന്തിയിൽ കൂട്ടിൽ കയറ്റുന്നതിന് മുൻപ് വടക്കനാട് കൊമ്പന് ബയോളജിസ്റ്റ് വിഷ്ണു ഇഞ്ചക്ഷൻ നൽകുന്നു

മിനിഞ്ഞാന്ന് ആനയെ പിടികൂടാനായിരുന്നു തീരുമാനമെങ്കിലും നടന്നില്ല. തുടർന്ന് ഇന്നലെയും ദൗത്യം തുടരുകയായിരുന്നു. വിവിധ പ്രശ്നങ്ങളാൽ പിടിക്കപ്പെട്ട് മുത്തങ്ങയിലെ കൂടുകളിൽ കഴിയുന്ന മൂന്നാമത്തെ കാട്ടാനയാണ് വടക്കനാട് കൊമ്പൻ. സിസിഎഫ് അഞ്ജൻകുമാറിന്റെ നേതൃത്വത്തിലാണ് ദൗത്യം നടപ്പാക്കിയത്. 

വടക്കനാട്ടുകാർക്ക് ആശ്വാസം

ബി.അഞ്ജൻകുമാർ
ബി.അഞ്ജൻകുമാർ

ബത്തേരി∙  നാട്ടുകാരുടെ പേടി സ്വപ്നമായി  വനപാലകരെ വട്ടംകറക്കിയ വടക്കനാട് കൊമ്പൻ എന്ന കൗശലക്കാരനായ കാട്ടാന പിടിയിലായത് ഏറെ നാൾ നീണ്ട പ്രയത്നങ്ങൾക്കൊടുവിൽ. 

വടക്കനാട് സ്ഥിരം പ്രശ്നക്കാരനാവുകയും കഴിഞ്ഞ മേയിൽ സ്കൂൾ വിദ്യാർഥിയായ മഹേഷിനെ കൊലപ്പെടുത്തുകയും ചെയ്തതോടെയാണ് അന്ന് കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. 

കഴിഞ്ഞ 10 ന് ദൗത്യം നടപ്പാക്കാനായിരുന്നു വംവകുപ്പിന്റെ തീരുമാനം. അതിനായി നൂറംഗ സംഘവും  ഒരുങ്ങി. കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചു. എന്നാൽ മൂടക്കൊല്ലിയിൽ നിലയുറപ്പിച്ച വടക്കനാട് കൊമ്പൻ, ദൗത്യ സംഘത്തെ കബളിപ്പിച്ച് ഏഴു കിലോമീറ്ററോളം കാട്ടിൽ കൂടി വേഗത്തിൽ നീങ്ങി.

ഇടക്കൊരു മയക്കുവെടി ദേഹത്ത് തറക്കാതെ തെന്നിപ്പോയി. ആദ്യ ദിനം വൈകിട്ട് ദൗത്യം അവസാനിപ്പിച്ച സംഘം ഇന്നലെ പുലർച്ചെ മുതൽ രണ്ടും കൽപ്പിച്ചായിരുന്നു രംഗത്ത്. പുലർച്ചെ 2 വരെ കൃഷിയിടങ്ങളിലേക്കിറങ്ങാതെ തടഞ്ഞു നിർത്തി പിന്നീട് പണയമ്പം പുറ്റനാൽ മാത്യുവിന്റെ കൃഷിയിടത്തിൽ കൊമ്പനെത്തി. അവിടെ നിന്ന് വനമേഖലയിലേക്കിറങ്ങുമ്പോൾ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിയുതിർത്തു. 

കേരളത്തിൽ  ആദ്യം

കേരളത്തിന്റെ സ്വന്തം കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനയെ പിടികൂടുന്നത് സംസ്ഥാനത്ത് ഇതാദ്യം. മറ്റു കേസുകളിലെല്ലാം തമിഴ്നാടിന്റെയോ കർണാടകയുടെയോ കുങ്കിയാനകളെ ഉപയോഗിച്ചാണ് ദൗത്യം നടത്തിയിരുന്നത്. മാസങ്ങൾക്ക് മുൻപ് കോടനാട്ടു നിന്ന് നീലകണ്ഠനെയും മുത്തങ്ങയിൽ സൂര്യനെയും  പ്രമുഖയേയും തമിഴ്നാട്ടിലെ മുതുമലൈയിൽ വിട്ട് ചട്ടം പഠിപ്പിച്ച് കുങ്കിയാനകളാക്കിയിരുന്നു. ഈ മൂവർ സംഘത്തെയാണ് വടക്കനാട് കൊമ്പൻ ദൗത്യവും ഏൽപ്പിച്ചത് അത് വിജയമാവുകയും ചെയ്തു.

അഭിവാദ്യമർപ്പിച്ച് വടക്കനാട്ടുകാർ

വടക്കനാട് കൊമ്പനെ പിടികൂടാന്‍ കഴിഞ്ഞ 1 വര്‍ഷത്തിലധികമായി വനംവകുപ്പിനെതിരെ സമരം ചെയ്ത വടക്കനാട് ഗ്രാമ സംരക്ഷണണ സമിതി പ്രവര്‍ത്തകര്‍ വനപാലകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വടക്കനാട് കൊമ്പന് കാട്ടില്‍ നിന്ന് മുത്തങ്ങ പന്തിയിലേക്ക് ‘യാത്രയയപ്പ്’ നല്‍കി. ആനയെ പിടികൂടി കയറ്റിക്കൊണ്ടു വന്ന ലോറി ആംബുലന്‍സ് നാലാം മൈല്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് വടക്കനാട്ടുകാര്‍ അഭിവാദ്യവുമായെത്തിയത്. ഫാ. ജോബി മുക്കാട്ടു കാവുങ്കല്‍, ബെന്നി കൈനിക്കല്‍, കരുണാകരന്‍ വെള്ളക്കെട്ട്,ഷൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വടക്കനാട് കൊമ്പനെ അർധ വന്യാവസ്ഥയിൽ സംരക്ഷിക്കും: സിസിഎഫ്

പിടിയിലായ കൊമ്പനെ അർധ വന്യാവസ്ഥയിൽ സംരക്ഷിക്കുമെന്ന് സിസിഎഫ് ബി.അഞ്ജൻകുമാർ പറഞ്ഞു. മിടുക്കനായ ആനയാണ് പിടിയിലായ കൊമ്പൻ. ചട്ടം പഠിപ്പിച്ച് കുങ്കിയാനയാക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കിൽ പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

രണ്ടു ദിവസവും ദൗത്യത്തിന് നേതൃത്വം നൽകി സിസിഎഫ് ഫീൽഡിലുണ്ടായിരുന്നു.അർധവന്യാവസ്ഥയിൽ സംരക്ഷിക്കും എന്നതു കൊണ്ട് പാതി വന്യജീവിയായി കാട്ടിൽ വിടുമെന്നല്ല ഉദ്ദേശിക്കുന്നത്. ഭക്ഷണം മുന്നിലിട്ടുകൊടുത്താൽ മാത്രം ഭക്ഷിക്കുന്ന നാട്ടാനയെപ്പോലെ ആക്കില്ല എന്നാണ്.

പന്തിയിൽ കൊടുക്കുന്ന ഭക്ഷണത്തിനൊപ്പം കാട്ടിലെ ജോലികൾക്ക് പോയാൽ അവിടെ ദിവസങ്ങളോളം കഴിയേണ്ടി വന്നാൽ കാട്ടിലെ മുളയും മറ്റു സാധനങ്ങളും സ്വയം ഭക്ഷിക്കേണ്ടി വരും. അതിനായുള്ള പരിശീലനം നൽകും. മണ്ണു കോരി ദേഹത്തെറിഞ്ഞും മരത്തിലുരച്ചുമൊക്കെ കഴിയുകയും ചെയ്യാം. എന്നാൽ പാപ്പാൻമാരുടെ പൂർണ്ണ നിയന്ത്രണത്തിൽ അവർ പറയുന്നത് കേട്ടായിരിക്കും കഴിയുക.

കൊമ്പനെ കൂട്ടിലെത്തിച്ചത് ഇങ്ങനെ

പുലർച്ചെ–

2 .00- വടക്കനാട് കൊമ്പൻ കൃഷിയിടത്തിൽ, 5.40- കൊമ്പൻ കൃഷിയിടത്തിൽ നിന്ന് വനാതിർത്തിയിലേക്ക്, 5.50-ആദ്യമയക്കുവെടി,ആന മയങ്ങുന്നില്ല

രാവിലെ

6.00-കൊമ്പൻ സമീപത്തെ കൊല്ലിയിലേക്ക് നടന്നിറങ്ങുന്നു

6.40- രണ്ടാമത്തെ മയക്കുവെടി. തുടർന്ന് 500 മീറ്ററോളം വിളറി പിടിച്ചു നടക്കുന്നു

7.10. കൊമ്പൻ പൂർണമായും മയങ്ങുന്നു

7.20-കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. കുങ്കികളായ നീലകണ്ഠൻ,സൂര്യൻ,പ്രമുഖ എന്നിവ ചേർന്ന് വടക്കനാട് കൊമ്പനെ താങ്ങുന്നു. കുത്തനെയുള്ള ചെരിവായതിനാൽ ദൗത്യം ദുഷ്കരം.

7.30- മണ്ണുമാന്തിയെത്തിച്ച് ആനയെ പുറത്തെത്തിക്കാൻ 600 മീറ്റർ നീളത്തിൽ വഴിയൊരുക്കുന്നു

7.45-കൊമ്പന്റെ കാലുകളിൽ വടം ബന്ധിക്കുന്നു

8.00- അൻപതോളം വരുന്ന വനപാലകസംഘം മണ്ണുമാന്തിയൊരുക്കിയ വഴിയിലൂടെ ആനയെ വടത്തിൽ കെട്ടിവലിക്കുന്നു 

കുങ്കിയാന നീലകണ്ഠൻ വിദഗ്ധമായി കാട്ടുകൊമ്പനെ പിന്നിൽ നിന്ന് തള്ളി.

8.30- ലോറിയിൽ ആനയെ കയറ്റുന്നതിനായി ലോറിയിറക്കി തറനിരപ്പിൽ നിർത്തുന്നതിന് മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുക്കുന്നു.

8.50- കൊമ്പനെ ലോറി ആംബുലൻസിൽ കയറ്റി. 

9.25-മയങ്ങി നിന്ന ആനയേയും കൊണ്ട് 20 കിലോമീറ്റർ ദൂരമുള്ള മുത്തങ്ങ പന്തിയിലേക്ക് ലോറി നീങ്ങുന്നു

10.00-അവിടെ തടികൾ കൊണ്ട് നിർമിച്ച കൂടിന് മുൻപിൽ ആനയെ ഇറക്കാൻ പാകത്തിൽ ലോറി നിർത്തി 

10.20 –പുറം തിരിച്ചിറക്കിയ ആനയുടെ കാലുകളിൽ കെട്ടിയിരുന്ന കൂറ്റൻ വടങ്ങൾ കൂടിനുള്ളിൽ കൂടി എതിർ വശത്ത് അഴിക്കു പുറത്തിട്ട് വനപാലകർ ഒന്നടങ്കമെത്തി വലിക്കുന്നു

10.35-കൊമ്പൻ കൂട്ടിലായ ഉടനെ മരത്തിന്റെ അഴികൾ വലിച്ചിട്ട് കൂട് അട്ക്കുന്നു

10.50-വടക്കനാട് കൊമ്പന്റെ ദേഹത്തേക്ക് വെള്ളം പമ്പ് ചെയ്ത് ചൂടകറ്റുന്നു

കൊമ്പന് പിന്നീട് മയക്കം വിടാനുള്ള മരുന്നു നൽകുന്നു

ദൗത്യം വിജയത്തിലെത്തിച്ച് വനപാലക സംഘം

വടക്കനാട് കൊമ്പനെ പിടികൂടിയ ദൗത്യസംഘം സിസിഎഫ് അഞ്ജൻകുമാറിനൊപ്പം.
വടക്കനാട് കൊമ്പനെ പിടികൂടിയ ദൗത്യസംഘം സിസിഎഫ് അഞ്ജൻകുമാറിനൊപ്പം.

വടക്കനാട് കൊമ്പൻ മുത്തങ്ങയിലെ പന്തിയിലെ കൂട്ടിലെത്തുമ്പോൾ ദുഷ്കരമായ മറ്റൊരു ദൗത്യം കൂടി വിജയത്തിലെത്തിച്ചതിന്റെ ആഹ്ലാദത്തിലാണ് വനപാലകസംഘം. ഒന്നര വർഷത്തോളമായി വടക്കനാട് കൊമ്പൻ വനംവകുപ്പിന് തലവേദനയായിട്ട്. പിടികൂടാനുള്ള ഉത്തരവു വന്നശേഷം പദ്ധതിയൊരുക്കി, കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കാത്തിരുന്നത് ഒൻപതു മാസവും 11 ദിവസവും. 

സിസിഎഫ് ബി. അഞ്ജന്‍കുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍. ടി.സാജന്‍, ഫ്ലയിങ് സ്ക്വഡ് ഡിഎഫ്ഒ പി.ധനേഷ്കുമാര്‍, ഡോ.അരുണ്‍ സഖറിയ, എസിഎഫ് അജിത്.കെ.രാമന്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ പി.രതീശന്‍, വി. അജയ്ഘോഷ്, രമ്യ രാഘവന്‍, പി.സുനില്‍, റേഞ്ച് ഓഫിസർമാരായ വി.രതീശന്‍, സെയ്തലവി എന്നിവരും വാച്ചര്‍മാരും പാപ്പാന്‍മാരുമുള്‍പ്പെടെ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചത് ദൗത്യം എളുപ്പമാക്കി.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
wayanad-mile-check-post
കൊമ്പനെ ലോറി ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ നാലാം മൈൽ ചെക്പോസ്റ്റ് പരിസരത്തു വടക്കനാട്് ഗ്രാമ സംരക്ഷണ സമിതി പ്രവർത്തകർ ദൗത്യസംഘത്തിന് അഭിവാദ്യമർപ്പിക്കുന്നു.
MORE FROM MANORAMA ONLINE
From Onmanorama