go

കാഴ്ചകളൊരുക്കി കാരാപ്പുഴ

Wayanad News
കാരാപ്പുഴ ഡാം.
SHARE

കാരാപ്പുഴ മാറുകയാണ്; ചെറുതായിട്ടല്ല, അടിമുടി മാറുകയാണ്. എല്ലാ സൗകര്യങ്ങളെയും ഉപയോഗപ്പെടുത്തി വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമാകാനുള്ള ഒരുക്കത്തിലാണ് ഇന്ന് കാരാപ്പുഴ. ടൂറിസം പദ്ധതിയുടെ മൂന്നാം ഘട്ടത്തോടെപ്പം അഡ്വൈഞ്ചർ ടൂറിസത്തിന്റെ സാധ്യതകൾ കൂടി കാരാപ്പുഴയിൽ എത്തുമ്പോൾ വരും കാലത്ത്  ഡാമിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് കൂടുതൽ കാഴ്ചകളോടെപ്പം  വിനോദങ്ങളും ആവേശമാകും. വിവിധ സാഹസിക-വിനോദ റൈഡുകളും  സിപ്പ് ലൈനുമെല്ലാം പ്രവർത്തനം തുടങ്ങുന്നതോടെ  കാരാപ്പുഴയുടെ മുഖവും മാറും. 

Wayanad News
ഹ്യൂമൻ സ്ലിങ് ഷോട്ട് എന്ന റൈഡിന് ഉപയോഗിക്കുന്ന ഓൾടെറയ്‍ൻ വെഹിക്കിൾ.

ടൂറിസം 3-ാം ഘട്ടത്തിലേക്ക് 

രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കിയ കാരാപ്പുഴയിൽ ഇപ്പോൾ മെഗാ ടൂറിസത്തിന്റെ 4 കോടി ചെലവിൽ 3-ാം ഘട്ട പ്രവൃത്തികളാണ് നടക്കുന്നത്.  വാച്ച് ടവറുകൾ,  പാലം, കുളം തുടങ്ങിയവയാണ് മൂന്നാംഘട്ടത്തിലുള്ളത്. ഇവയുടെ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വേഗം ഇല്ലെന്ന  ആക്ഷേപവും ശക്തമാണ്.  കഴിഞ്ഞ വർഷം പൂർത്തിയാക്കേണ്ട പദ്ധതിയാണ് ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നത്. വേഗത്തിൽ പൂർത്തിയാക്കിയാൽ വരുന്ന സീസണുകളിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കു. 

Wayanad News
പ്രവൃത്തി പൂർത്തിയാക്കിയ ട്രംപോളിൻ പാർക്ക്.

സാഹസികരേ ഇതിലേ 

വിനോദ സഞ്ചാരികൾക്ക് ആവേശമാകുന്ന റൈഡുകളുമായി അഡ്വൈഞ്ചർ ടൂറിസവും കാരാപ്പുഴയിൽ അവസാനഘട്ടത്തിലാണ്. സിപ് ലൈൻ മുതൽ ട്രംപോളിൻ‍ പാർക്ക് വരെയുള്ളവയാണ്  വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. അടുത്ത  മാസങ്ങളിൽ ഇവയും പ്രവർത്തനം ആരംഭിക്കുന്നതോടെ കാരാപ്പുഴ വിനോദത്തിന്റെയും കാഴ്ചകളുടെയും പുതിയെ‍ാരു അനുഭവമാകും. 

Wayanad News
സിപ്പ് ലൈനിന്റെ പ്രവൃത്തികൾ അവസാനഘട്ടത്തിൽ.

സിപ്പ് ലൈൻ @ 1. 20

1 മിനിറ്റ് 20 സെക്കൻഡ് സമയം കെ‍ാണ്ട് എത്തുന്ന, ഒരു കുടുംബത്തിന് (ഭാര്യയും ഭർത്താവും ഒരു കുഞ്ഞും) ഒരുമിച്ച് പോകാവുന്ന സിപ്പ് ലൈനാണ് കാരാപ്പുഴയിൽ വരുന്നത്. ഡാമിന്റെ അരികിലായുള്ള കുന്നിൽ ആരംഭിക്കുന്ന സിപ് ലൈൻ യാത്ര അവസാനിക്കുന്നത് ടൂറിസത്തിന്റെ ഭാഗമായുള്ള ഗാർഡനിലാണ്.   603 മീറ്റർ നീളത്തിൽ രണ്ട് ലൈനുകൾ ഉള്ളതിനാൽ ഒരു സമയം രണ്ട് കുടുംബങ്ങൾക്ക്  സിപ് ലൈൻ ഉപയോഗപ്പെടുത്താം.  ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ സിപ് ലൈനാണ്  ഇതെന്ന് അധികൃതർ പറഞ്ഞു. 

Wayanad News
ബഞ്ചി ട്രംപോളിൻ.

ദൂരെ എറിയും,  ചാടി ഉയരാം

കൗതുകവും ആവേശവും  സാഹസികതയും നിറയ്ക്കുന്ന  റൈഡുകളും തയാറാകുന്നുണ്ട്.  പുറകോട്ട് വലിച്ചുകൊണ്ട് പോയി ദൂരേക്ക് വലിച്ചെറിയുന്ന ഹ്യൂമൺ സ്ലിങ് ഷോട്ട്, 4 പേരെ ഒരുമിച്ച് തലങ്ങും വിലങ്ങും മറിക്കുകയും കറക്കുകയും  ചെയ്യുന്ന ഹ്യൂമൺ ഗൈറോ, ചാടി ചാടി ഉയരുന്ന ട്രംപോളിൻ പാർക്ക് തുടങ്ങിയവയെല്ലാം പാർക്കിൽ പൂർത്തിയാവുകയാണ്. 

Wayanad News
കാരാപ്പുഴ ഡാമിലെ പാർക്ക്.

സാധ്യതകൾ ഒട്ടേറെ

ലഭ്യമായ എല്ലാ സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയാൽ കാരാപ്പുഴ ടൂറിസത്തെ ജില്ലയിലെ മികച്ച കേന്ദ്രമാക്കി മാറ്റാൻ സാധിക്കും. ഇൗ പദ്ധതികളെല്ലാം പൂർത്തിയായി വരുന്നതോടെ  സന്ദർശനത്തിനായുള്ള  സമയം വർധിപ്പിക്കുക എന്ന ആവശ്യം ഉയരുന്നുണ്ട്. ആംഫി തിയറ്റർ അടക്കം കൂടുതൽ ഉപയോഗപ്പെടുത്തണമെങ്കിൽ രാത്രി 9-10 വരെയെങ്കിലും പ്രവർത്തന സമയം നീട്ടണം.  കുളത്തിന്റെ നിർമാണം പൂർത്തിയായി ലൈറ്റ് സംവിധാനം ഒരുക്കിയാൽ രാത്രിയിൽ പൂന്തോട്ടം കൂടുതൽ ഭംഗിയുള്ള കാഴ്ചയാകും. അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായുള്ള റൈഡുകളും കൂടുതൽ സമയം സന്ദർശകർക്ക് ഉപയോഗപ്പെടുത്താം. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama