go

ഓരോ റിസോർട്ട് വരുമ്പോഴും ഞങ്ങൾ ഭയന്നു; ഒടുവിൽ അത് യാഥാർഥ്യമായി

wayanad-rani-nehru
മരിച്ച റാണി , നെഹ്റു
SHARE

കൽപറ്റ∙ ‘പച്ചക്കാട് മലയിൽ ഓരോ റിസോർട്ട് വരുമ്പോഴും ഞങ്ങളുടെ ജീവന് ഭീഷണിയാണെന്ന് പറഞ്ഞുകൊണ്ടിരുന്നതാണ്. വലിയ പാറകൾ തോട്ട വച്ച് പൊട്ടിച്ചാണ് അവർ നിർമാണം നടത്തിയിരുന്നത്. പത്തോളം റിസോർട്ടുകൾ അവിടെ പണിതു. മല ഇളകിയിട്ടുണ്ടാകും. ഒടുവിൽ എല്ലാംകൂടി ഇളകി ഞങ്ങളുടെ തലയിൽ വീണു’. പുത്തുമല പ്രളയത്തിൽ അച്ഛൻ പനീർസെൽവത്തെയും അമ്മ റാണിയെയും നഷ്ടമായ നെഹ്റു(37)വിന്റെ വാക്കുകളിൽ രോഷം.

ഇന്നലെയാണ് റാണിയുടെ മൃതദേഹം രക്ഷാപ്രവർത്തകർക്ക് കണ്ടെടുക്കാനായത്. പുത്തുമലയിലെ ക്ഷേത്രത്തിലും പളളിക്കും സമീപം ഇവരുടെ പാടി നിന്നിരുന്നിടത്തുതന്നെ മണ്ണിൽ താഴ്ന്ന് റാണിയുണ്ടായിരുന്നു. അച്ഛൻ സെൽവത്തിന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തതും തൊട്ടടുത്ത മുറിയിലെ അജിതയുടെ മൃതദേഹം ഇന്നലെ കിട്ടിയതും ഇതേ സ്ഥലത്തുനിന്നുതന്നെ. പ്രളയം പൂർണമായും തകർത്ത ഈ പാടിയിൽനിന്ന് കാണാതായ നാലാമത്തെയാളായ ഷൈലയ്ക്കായി ഇന്ന് ഇവിടെ തിരച്ചിൽ തുടരും.  

wayanad-linto-lorenz
ലോറൻസും മകൻ മകൻ ലിന്റോയും.

സുവർണയിൽ ലോറൻസിന്റെ ഭാര്യ ഷൈലയെ(37) മകൻ ലിന്റോ(12)യുടെയും ഭർതൃമാതാവ് സാറാമ്മയുടെയും കൺമുന്നിലാണ് പ്രളയം വിഴുങ്ങിയത്. പാടിയിൽനിന്ന് മാറിത്താമസിക്കാനായി കുടുംബം നീങ്ങുന്നതിനിടെ വീട് പൂട്ടാനായി തിരിച്ചിറങ്ങിയതാണ് ഷൈല. ഉരുൾപൊട്ടിയെത്തിയ ചെളിയും പാറകളും അടിച്ചു കയറുന്നതും ഒരു തടി വന്ന് തങ്ങൾ നിന്ന പാടിയുടെ വാതിലിൽ അടഞ്ഞതും ഓർമയുണ്ടെന്ന് ആറാംക്ലാസുകാരൻ ലിന്റോ പറയുന്നു.  

കുറച്ചു മുകളിലായി സുരക്ഷിത സ്ഥാനത്തുള്ള മറ്റൊരു പാടിയിലേക്ക് മാറാനായി ഇതിന്റെ താക്കോൽ വാങ്ങാൻ സ്റ്റോർ കീപ്പറുടെ അടുത്തേക്ക് പോയതായിരുന്നു ലോറൻസ്. തിരിച്ചെത്തിയപ്പോൾ ജീവിതം തലകീഴായി മറിഞ്ഞതു കണ്ട് പരിഭ്രാന്തനായി കുറേ ഓടി. ഒടുവിൽ ഫോറസ്റ്റ് ഓഫിസിനു സമീപം ലിന്റോ സുരക്ഷിതനാണെന്ന് കണ്ടെത്തുകയായിരുന്നു. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama