go

ദുരിതാശ്വാസ ക്യാംപുകൾക്ക് വേണം, അവശ്യവസ്തുക്കൾ

wayanad-flood-centers
മാനന്തവാടി ഡിഎഫ്ഒ ഒഫിസിലെ കലക്ഷൻ സെന്ററിൽ എത്തിയ ദുരിതാശ്വാസ സാമഗ്രികൾ. മാനന്തവാടിലേയ്ക്ക് എത്തവണ സഹായം എത്തുന്നില്ലെന്ന് കാണിച്ച് ശൂന്യമായ ഗോഡൗണിന്റെ ചിത്രം സഹിതം മാധ്യമങ്ങളിൽ പ്രചാരണം ഉണ്ടയതോടെയാണ് ഇന്നലെ മുതൽ ഇവിടേയ്ക്ക് സഹായം പ്രവഹിച്ച് തുടങ്ങിയത്.
SHARE

കൽപറ്റ ∙ പ്രളയ അതിജീവനം അഞ്ചുദിനങ്ങൾ പിന്നിടുമ്പോഴും അവശ്യ വസ്തുക്കളുടെ കുറവ് ദുരിതാശ്വാസ ക്യാംപുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.  ആവശ്യത്തിനു വസ്ത്രങ്ങളും പുതപ്പുകളും അടിവസ്ത്രങ്ങളും നാപ്കിനുകളും പല ക്യാംപുകളിലും കിട്ടുന്നില്ല. എന്നാൽ, അവിടങ്ങളിലെല്ലാം അരിയും പച്ചക്കറികളും മറ്റും ആവശ്യത്തിനുണ്ട്. 

നിലവിൽ ജില്ലയിൽ 212 ക്യാംപുകളിലായി 10033 കുടുംബങ്ങളിലെ 35470 പേരാണ് കഴിയുന്നത്. 1420 പേർ കഴിയുന്ന പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ക്യാംപിൽ അരിയും പച്ചക്കറികളും കുപ്പിവെള്ളവും ആവശ്യത്തിനുണ്ട്. എന്നാൽ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അടിവസ്ത്രങ്ങളും വസ്ത്രങ്ങളും ഇവിടെ കുറവാണ്. പലർക്കും മാറ്റി ഉടുക്കാൻ പോലും വസ്ത്രങ്ങളില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ അന്തേവാസികളുള്ള ക്യാംപാണിത്. 

മാനന്തവാടി താലൂക്കിൽ 66 ക്യാംപുകളിലായി 17,777 പേർ കഴിയുന്നുണ്ട്. ഇവയിൽ ഭൂരിഭാഗം ക്യാംപുകളിലും വസ്ത്രങ്ങളും പുതപ്പുകളും കുറവാണ്. മാനന്തവാടി ആർഡിഒ ഓഫിസിനു കീഴിൽ പ്രവർത്തിക്കുന്ന കലക്‌ഷൻ സെന്ററിലും അവശ്യ വസ്തുക്കളുടെ കുറവ് നേരിടുന്നുണ്ട്. ഞായറാഴ്ച മുതൽ ഡിഎഫ്ഒ ഓഫിസിലെ ഗോഡൗണിലാണ് സാധനങ്ങൾ സംഭരിക്കുന്നത്.

അതേസമയം, പുത്തുമല ദുരിതബാധിതർ അടക്കമുള്ളവർ കഴിയുന്ന മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്കു സുമനസ്സുകളുടെ പ്രവാഹമാണ്. ബലിപ്പെരുന്നാൾ ദിനമായ ഇന്നലെയും ഇവിടേക്ക് സഹായഹസ്തങ്ങളുമായി ഒട്ടേറെപ്പേരെത്തി. കുടിവെള്ളം മുതൽ നാപ്കിൻ വരെയുള്ള സാധനസാമഗ്രികൾ ഇവിടെ ആവശ്യത്തിനുണ്ട്. കോട്ടനാട് ഗവ. യുപി സ്കൂളിലെ ക്യാംപില്‍ ആവശ്യത്തിനു സാധനങ്ങള്‍ എത്തിയിട്ടുണ്ടെന്നു പി. ഷറഫുദ്ദീന്‍ പറഞ്ഞു. 

കലക്‌ഷൻ സെന്ററുകൾ സജീവമാകുന്നു

മഴക്കെടുതിയിൽ ദുരിതം നേരിടുന്നവർക്ക് സഹായഹസ്തവുമായി വ്യക്തികളും സംഘടനകളും എത്താൻ തുടങ്ങിയതോടെ വരുംദിവസങ്ങളിൽ അവശ്യ വസ്തുക്കളുടെ കുറവ് പരിഹരിക്കാനാകുമെന്നാണു ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ, ബത്തേരി താലൂക്ക് ഓഫിസ്, മാനന്തവാടി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലാണ് കലക്‌ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്.

സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ കലക്‌ഷൻ സെന്ററുകളിലേക്കാണ് സഹായങ്ങൾ എത്തിക്കേണ്ടത്. ക്യാംപുകളിൽ നേരിട്ട് വിതരണം ചെയ്യാൻ അനുവദിക്കില്ല.  റവന്യു ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് കലക്‌ഷൻ സെന്ററുകളിൽ ഇവ ശേഖരിച്ച് തരംതിരിച്ച് ക്യാംപുകളിലെത്തിക്കുന്നത്. 

കലക്‌ഷൻ സെന്ററുകളുടെ ഫോൺ നമ്പറുകൾ: 

കൽപറ്റ–9400 472204, ബത്തേരി–9447 895936, മാനന്തവാടി–9447 335992. കലക്ടറേറ്റ്: 9446 074167.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama