go

പുതപ്പും വസ്ത്രങ്ങളും ആവശ്യത്തിന് ലഭിക്കാതെ ദുരിതാശ്വാസ ക്യാംപുകൾ

wayanad-collection-center
വയനാട് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സാധനങ്ങൾ കൽപറ്റ എസ്കെഎംജെഎച്ച്എസ്എസിലെ കലക്‌ഷൻ സെന്ററിലെത്തിച്ച ശേഷം തരംതിരിക്കുന്നു.
SHARE

കൽപറ്റ∙ അരിയും പച്ചക്കറികളുമുണ്ട്, കുപ്പിവെള്ളം ആവശ്യത്തിൽ കൂടുതൽ എത്തുന്നുണ്ട്. എന്നാൽ പുതപ്പും വസ്ത്രങ്ങളും അടിവസ്ത്രങ്ങളും പലയിടത്തും കിട്ടുന്നില്ല. പ്രളയ ദുരിതാശ്വാസം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ വയനാട്ടിലെ ക്യാംപുകളുടെ പൊതുചിത്രമിങ്ങനെ. ജില്ലയിലെ 210 ക്യാംപുകളിലായി 10,299 കുടുംബങ്ങളിലെ 36,936 പേരാണ് ഇന്നലെ ഉണ്ടായിരുന്നത്. അവശ്യസാധനങ്ങൾക്ക് ഒരു കുറവുമില്ലെന്ന് കലക്ടറേറ്റിൽ അവലോകന യോഗത്തിനെത്തിയ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ.കെ.ശശീന്ദ്രനും ഉറപ്പിച്ചു പറഞ്ഞു. 

പ്രധാന ക്യാംപുകളുടെ ചുമതലയുള്ളവരും ഇതേ നിലപാടിലാണ്. എന്നാൽ ഭക്ഷണ സാധനങ്ങളല്ലാത്തവ ആവശ്യത്തിന് എത്തുന്നുണ്ടോയെന്ന് മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന കലക്‌ഷൻ സെന്ററുകളിലെ കണക്കെടുത്താൽ സംശയം. വൈത്തിരി താലൂക്കിൽ എസ്കെഎംജെ ഹയർ സെക്കൻഡറിയിലാണ് കലക്‌ഷൻ സെന്റർ. പുത്തുമല ദുരന്തം സംസ്ഥാനത്തെങ്ങും ചർച്ചയായതിനാൽ മേപ്പാടി ടൗണിലെ ക്യാംപുകളിലേക്ക് സാധനങ്ങൾ ഏറെയെത്തുന്നു. 

എന്നാൽ അൽപം മാറി ചുണ്ടേൽ റോഡിലെ കോട്ടനാട് ഗവ.യുപി സ്കൂളിലെ ക്യാംപിൽ ആവശ്യത്തിന് പുതപ്പും മറ്റുമില്ല. 296 പേരുണ്ടായിരുന്ന ക്യാംപിൽ നിന്ന് പകുതിയിലേറെപ്പേരും പലകാരണത്താൽ തിരിച്ചുപോയി.  66 ക്യാംപുകളിലായി 17,777 പേരാണ് മാനന്തവാടി താലൂക്കിൽ ക്യാംപുകളിൽ കഴിയുന്നത്. ഇതിൽ പലയിടത്തും വസ്ത്രങ്ങളും കമ്പിളി പുതപ്പും കിട്ടിയില്ലെന്ന് പരാതിയുയർന്നു. 

500ലേറെ പേർ ക്യാംപുകളിലുള്ള പുൽപള്ളി മേഖലയിലും സാധനങ്ങളുടെ കുറവുണ്ട്. ഇവിടെ പ്രളയഭീതിയില്ലെങ്കിലും 15ന് ശേഷമേ ക്യാംപുകൾ നിർത്തൂ എന്നാണ് തീരുമാനം. 4 ദിവസം കൂടി ക്യാംപ് നടത്താനുള്ള സാധനങ്ങളെങ്കിലും കരുതണം. ക്യാംപിൽനിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങുമ്പോൾ അത്യാവശ്യ സാധനങ്ങൾ കൊടുത്തുവിടണം. ബത്തേരി താലൂക്കിലെ 34 ക്യാംപുകളിലായി 1459 കുടുംബങ്ങളിലെ 5486 പേരാണുള്ളത്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama