go

സുഗന്ധഗിരിയുടെ രണ്ടാം തിരുമുറിവ്; ദുരന്തക്കാഴ്ചകൾ ഇങ്ങനെ

wayanad-tree-fallen-on-house
കനത്ത മഴയെ തുടർന്ന് അമ്പയ്ക്ക് സമീപം വീടിന്റെ മുകളിലേക്ക് മരം വീണപ്പോൾ. ചിത്രം: മനോരമ
SHARE

സുഗന്ധഗിരി ∙ ദുരിതം പെയ്തിറങ്ങിയ സുഗന്ധഗിരി, അമ്പ മേഖലകൾ കൈത്താങ്ങിനായി കേഴുന്നു. കനത്ത മഴയെ തുടർന്ന് ഇവിടേക്കുള്ള റോഡിൽ പലയിടങ്ങളിലായി മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങിയിരുന്നു. അധികൃതർ തിരിഞ്ഞുനോക്കാതെ ആയതോടെ നാട്ടുകാർ മുന്നിട്ടിറങ്ങി ഇന്നലെ വൈകിട്ടോടെ റോഡിലെ തടസ്സങ്ങൾ നീക്കി. ആറാം യൂണിറ്റിൽ നാട്ടുകാർ താൽക്കാലികമായി നിർമിച്ച മരപ്പാലം മലവെള്ള പാച്ചിലിൽ ഒലിച്ചു പോയി.

wayanad-soil-erossion
കനത്ത മഴയിൽ ചെന്നായ്കവലയ്ക്കു സമീപം മണ്ണിടിഞ്ഞു റോഡിലേക്ക് വീണപ്പോൾ.

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇവിടെയുണ്ടായിരുന്ന കോൺക്രീറ്റ് പാലം തകർന്നതിനെ തുടർന്ന് നാട്ടുകാർ മരത്തടികൾ ഉപയോഗിച്ച് താൽക്കാലിക പാലമൊരുക്കുകയായിരുന്നു. അമ്പ സ്കൂളിന് സമീപത്തെ പാലത്തിനും കേടുപാടുകളുണ്ടായി. മേഖലയിലെ വൈദ്യുതി–ഫോൺ ബന്ധങ്ങൾ ഇനിയും സാധാരണ നിലയിയിലായിട്ടില്ല.

ആറാം യൂണിറ്റിലും സമീപത്തെ പാമ്പുംപാറയിലും പലയിടങ്ങളിലായി ഉരുൾപൊട്ടി. ആറാം യൂണിറ്റിലുണ്ടായ ഉരുൾപൊട്ടലിൽ ഒട്ടേറെപ്പേരുടെ കൃഷിയിടങ്ങൾ മണ്ണിടിഞ്ഞ് കൃഷിയോഗ്യമല്ലാതായി. കഴിഞ്ഞ പ്രളയം ബാക്കിയാക്കിയ ദുരിതങ്ങളിൽ നിന്നു പതിയെ കരകയറി വരുന്നതിനിടെയാണു ദുരിതമഴ വീണ്ടും പെയ്തിറങ്ങിയത്. 

ദുരിതക്കാഴ്ചകൾ ഇങ്ങനെ  

അമ്പ, ആറാം യൂണിറ്റ് എന്നിവിടങ്ങളിലേക്കുള്ള  റോഡിൽ അറ്റകുറ്റപ്പണി പോലും നടത്തിയിട്ട് വർഷങ്ങളായി. കനത്ത മഴയിൽ റോഡിന്റെ പലഭാഗങ്ങളും ഒലിച്ചു പോയ നിലയിലാണ്. നിലവിൽ പലയിടങ്ങളിലും റോഡിന്റെ അവശിഷ്ടങ്ങൾ മാത്രമേയുള്ളു. അമ്പയ്ക്കു സമീപം റോഡിലേക്കു കൂറ്റൻമരങ്ങൾ വീണു. അമ്പയിലേക്കുള്ള റോഡിൽ പത്തിലധികം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ചെന്നായ്ക്കവലയ്ക്കു സമീപം പുഴ ഗതിമാറി ഒഴുകി റോഡിന് കേടുപാടുകളുണ്ടായി. 

wayanad-road-cracks
കനത്ത മഴയെത്തുടർന്ന് വടുവൻചാൽ- ഉൗട്ടി റോഡിന്റെ നടുവിൽ വിള്ളൽ വീണ നിലയിൽ. പ്രളയത്തിൽ ജില്ലയിലെ റോഡുകളിൽ കേടുപാടുകൾ രൂക്ഷം. വെള്ളം കുത്തിയെ‍ാലിച്ചും മറ്റും റോഡുകൾ തകർന്നതിന് പുറമെ, പല റോഡുകളിലും വിള്ളലും വീണിട്ടുണ്ട്. ഇരുവശങ്ങളും ഒലിച്ചുപോയ റോഡുകളും മണ്ണിടിഞ്ഞിട്ടും ഗതാഗതം പുന സ്ഥാപിക്കാത്ത റോഡുകളും എറെയുണ്ട്. ദേശീയ-സംസ്ഥാന പാതകൾക്ക് പുറമെ ഗ്രാമീണ റോഡുകളിൽ പലതും പൂർണമായും തകർന്നു. കാരാപ്പുഴ-അമ്പലവയൽ റോഡിൽ കുറ്റിക്കൈത ഇറക്കത്തിൽ റോഡിൽ ഒരു ഭാഗം തകർന്നിട്ടുണ്ട്.

കൂപ്പ് റോഡിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാനായിട്ടില്ല. ആറാം യൂണിറ്റിലെ പതിനഞ്ചിലധികം കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന പാലമാണ് ഒലിച്ചു പോയത്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ഭാഗത്തിനു മുകളിൽ വൈദ്യുതിക്കാലും മരത്തടികളും കയറ്റിവച്ച് അതിലൂടെ നടന്നാണു നാട്ടുകാർ മറുകര കടന്നിരുന്നത്. മഴ ശക്തമായതോടെ നാട്ടുകാർക്ക് ഏക ആശ്രയമായിരുന്ന കെഎസ്ആർടിസി സർവീസ് നിലച്ചു. അമ്പ വരെയാണ് ബസ് സർവീസുള്ളത്. ഇതുമൂലം അമ്പ കഴിഞ്ഞ് കിലോമീറ്ററുകൾ അപ്പുറത്തുള്ള 6, 7 യൂണിറ്റിലുള്ളവർക്ക് കാൽനടയായി വേണം ലക്ഷ്യസ്ഥാനങ്ങളിലെത്താൻ. 

ഇതിനെല്ലാം പുറമേയാണു കാട്ടാനകൾ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളും. പകൽസമയങ്ങളിൽ പോലും ഇൗ മേഖലകളിൽ കാട്ടാനകൾ കൂട്ടമായെത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾക്കു മുൻപ് ആറാം ഡിവിഷനിലെ അങ്കണവാടിക്കു നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു.  കുട്ടികൾക്കായുള്ള കളിയുപകരണങ്ങളെല്ലാം കാട്ടാന തകർത്തു. കാട്ടാനകളുടെ ശല്യം കാരണം കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഭൂമിക്കു പട്ടയം ലഭിക്കാത്തതിനാൽ വീട്ടുപരിസരത്തെ കാടു പോലും വെട്ടിമാറ്റാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama