go

മഴയ്ക്കു ശമനം; ക്യാംപുകളിൽ 35,878 പേർ

SHARE

കൽപറ്റ ∙ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ ശരാശരി 15.27 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. മാനന്തവാടി താലൂക്കിലാണ് കൂടിയ മഴ –37 സെന്റീമീറ്റർ.  വൈത്തിരി, ബത്തേരി മേഖലകളിൽ യഥാക്രമം 6, 2.8 സെന്റിമീറ്ററാണു രേഖപ്പെടുത്തിയത്. ജില്ലയിൽ 196 ദുരിതാശ്വാസ ക്യാംപുകളിലായി 10,077 കുടുംബങ്ങളിലെ 35,878 പേർ കഴിയുന്നുണ്ട്.  6954 കുട്ടികളും 75 ഗർഭിണികളും 90 ഭിന്നശേഷിക്കാരും വിവിധ ക്യാംപുകളിലുണ്ട്.

അതേസമയം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓറഞ്ച് അലർട്ട് നിലവിലുള്ള സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാംപുകൾ തുടരും. വെള്ളക്കെട്ട്, മണ്ണിടിച്ചിൽ ഭീഷണിയുള്ള ഇടങ്ങളിലുള്ളവർ 2 ദിവസം കൂടി കാത്തിരുന്നതിനു ശേഷം വീടുകളിലേക്ക് മടങ്ങിയാൽ മതിയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ  നിർദേശം. 

88,854 പേരെ മാറ്റിപ്പാർപ്പിച്ചു

ശക്തമായ മഴയെത്തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 88,854 ആളുകളെ മാറ്റിത്താമസിപ്പിച്ചതായി  കലക്ടർ എ.ആർ. അജയകുമാർ  അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരമാണ് അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ഇത്രയും ആളുകളെ മാറ്റിയത്.  ഭൂരിഭാഗം പേരും ബന്ധുവീടുകളിലേക്ക്  മാറിയപ്പോൾ  മുപ്പത്തയ്യായിരത്തോളം  പേരെ  ദുരിതാശ്വാസ  ക്യാംപുകളിലേക്കും  മാറ്റി. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള ഇടങ്ങളിൽ നിന്നുമാണ് പ്രധാനമായും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു  മാറ്റിയത്.

കഴിഞ്ഞ തവണ ഉരുൾപൊട്ടിയ  കുറിച്യർമലയിൽ നിന്ന് 1474 പേരെ മാറ്റിത്താമസിപ്പിച്ചു. കഴിഞ്ഞ 8ന്  ഉരുൾപൊട്ടിയ  പുത്തുമലയിൽ നിന്ന് നാലായിരത്തോളം  പേരെയും  മാറ്റി. ജില്ലയിൽ പ്രാഥമിക കണക്ക്  അനുസരിച്ച് 565 വീടുകൾക്കാണ് കേടുപാട്. 

പുത്തുമല, വെള്ളരിമല, മംഗലശ്ശേരിമല, പെരിഞ്ചേർമല, നരിക്കുനി, മണിച്ചോട്, പഴശ്ശി കോളനി, പച്ചക്കാട്, മക്കിയാട്, കോറോം, ചാലിൽ മീൻമുട്ടി എന്നിവിടങ്ങളിലാണ്  ഉരുൾപൊട്ടിയത്. അടിയന്തര പ്രവൃത്തികൾക്ക് അനുമതി കാലവർഷക്കെടുതിയെത്തുടർന്നു നടത്തേണ്ട അടിയന്തര പ്രവൃത്തികൾക്ക് സർക്കാർ അനുമതി നൽകി. വീട്, കിണർ എന്നിവയുടെ ശുചീകരണത്തിന് പഞ്ചായത്തുകൾക്ക് 50,000 രൂപവരെ വകയിരുത്താം. തനത് ഫണ്ടില്ലാത്ത പഞ്ചായത്തുകൾക്ക് പ്ലാൻ ഫണ്ടിൽ നിന്നു പണം ഉപയോഗിച്ച് അടിയന്തര പ്രവൃത്തികൾ നടത്താം. കുടുംബശ്രീ മൾട്ടി ടാസ്‌ക് ഫോഴ്‌സിന്റെ സഹകരണത്തോടെ വൈദ്യുതി, പ്ലമിങ് ജോലികൾ ചെയ്യാനും പഞ്ചായത്തുകൾക്ക്  50,000 രൂപ ഉപയോഗിക്കാൻ അനുമതി നൽകി.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama