go

എങ്കിട്ടന്റെ കുടുംബത്തെ സഹായിക്കാൻ ശ്രമിക്കും: രാഹുൽഗാന്ധി

wayanad-rahul
കടബാധ്യതകളെത്തുടർന്ന് ആത്മഹത്യ ചെയ്ത മരക്കടവ് ചുളുഗോഡ് എങ്കിട്ടന്റെ കുടുബാംഗങ്ങൾ രാഹുൽഗാന്ധി എംപിയെ കണ്ട് സങ്കടങ്ങൾ വിവരിക്കുന്നു.
SHARE

പുൽപള്ളി ∙ കടബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്ത മരക്കടവ് ചുളുഗോഡ് എങ്കിട്ടന്റെ കുടുംബത്തെ സഹായിക്കാൻ ശ്രമം നടത്തുമെന്ന് രാഹുൽ ഗാന്ധി എംപി ബന്ധുക്കളെ അറിയിച്ചു. വയനാട്ടിലെ കൃഷിക്കാർ കടുത്ത പ്രതിസന്ധിയെ നേരിടുന്നു. അതിനിടെയുണ്ടായ പ്രളയം പ്രശ്നം സങ്കീർണമാക്കുന്നു. ഈ സാഹചര്യത്തിൽ കർഷകർക്ക് സഹായമെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

എങ്കിട്ടന്റെ കുടുംബത്തിന്റെ കടബാധ്യതകൾ എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് കേരള ഗ്രാമീൺ ബാങ്ക് ചെയർമാനു കത്തെഴുതും. കൃഷിക്കാരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുമെന്നും രാഹുൽഗാന്ധി ഉറപ്പു നൽകി. കൃഷിക്കായി എങ്കിട്ടന്റെ കുടുംബം 1996ൽ എടു‌ത്ത 2 ലക്ഷം രൂപ ഇപ്പോൾ പലിശയടക്കം 9 ലക്ഷത്തിലധികമായി.

ഇന്നലെ രാവിലെ കൽപറ്റ റെസ്റ്റ് ഹൗസിലാണ് എങ്കിട്ടന്റെ ഭാര്യ ജയമ്മ, മകൻ രതീഷ്,സഹോദരൻ രാജപ്പൻ എന്നിവർ രാഹുൽ ഗാന്ധിയെ കണ്ടത്. പഞ്ചായത്ത് അംഗം പി.എ. പ്രകാശൻ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് വിനോദ് പുന്നക്കുടി എന്നിവരാണ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ എംപിയെ കണ്ട് പ്രയാസങ്ങൾ അവതരിപ്പിച്ചത്. ഒരുമാസം മുൻപാണ് എങ്കിട്ടൻ ആത്മഹത്യ ചെയ്തത്.

വയനാട്ടിലെ കർഷക ആത്മഹത്യയും കാർഷിക പ്രശ്നങ്ങളും അദ്ദേഹം പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. എങ്കിട്ടന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് അനുശോചനം അറിയിക്കുകയും വയനാട്ടിലെത്തുമ്പോൾ കാണാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama