go

നെഞ്ചുപിളർന്ന് കുറുമ്പാലക്കോട്ടമല; മറക്കാനാകുമോ ആ കാഴ്ചകൾ..

Wayanad News
കരടിക്കുഴി കോളനിയിലെ വീടിന്റെ അടിത്തറ ഇളകി നീങ്ങിയ നിലയിൽ.
SHARE

കുറഞ്ഞകാലം കൊണ്ടു വിദേശ വിനോദസഞ്ചാരികളുടെ അടക്കം മനം കവർന്ന  കുറുമ്പാലക്കോട്ട ഇക്കുറി മലയിലുള്ളവരെയും അടിവാരത്തുള്ളവരെയും വിറപ്പിച്ചു  നിൽക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കുറുമ്പാലക്കോട്ടയുടെ മലമുകളിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് ഇക്കഴിഞ്ഞ മഴയിൽ ഉണ്ടായത്.  പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായി കിടക്കുന്ന ഈ മലയുടെ 14 ഇടങ്ങളിലാണു  ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടായത്. ഇതിനു പുറമേ ഭൂമിയിൽ  വിള്ളലുണ്ടാവുകയും മണ്ണിടിയുകയും ചെയ്തു. ഭയപ്പെടാനില്ലെന്നും  ജാഗ്രത പുലർത്തിയാൽ മതിയെന്നുമാണ് ഇവിടെ പരിശോധനയ്ക്ക് എത്തിയവരുടെ നിലപാട്. 

Wayanad News
നടുവേ വിണ്ടുകീറിയ പാറ.

കുറുമ്പാല മലയുടെ കാരക്കുന്ന്, കള്ളന്തോട് ഭാഗങ്ങളിലെ 2 ഇടങ്ങളിലും മലമുകളിലെ ഭഗവതി ക്ഷേത്രത്തിനു സമീപവുമാണ് ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് ചെറുതും വലുതുമായ ഉരുൾപൊട്ടൽ വ്യാപിച്ചു. കള്ളന്തോട്, മലങ്കര, അമ്പലക്കുന്ന്, നാരങ്ങമൂല, മോറിയാമല, കുറുമണി കുരിശുമല, കരടിക്കുഴി, വിളക്കുമാടം, കുരിശുമല, കംപ്രഷൻമുക്ക് പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലിലും വിള്ളലിലും നാശനഷ്ടം ഏറെയുണ്ടായത്. കൂറ്റൻ പാറക്കഷണങ്ങളും മണ്ണും മലവെള്ളവും കുത്തിയൊഴുകി മലമുകളിലും അടിവാരത്തുമുള്ള ഒട്ടേറെ റോഡുകളും കൃഷിയിടങ്ങളും തകർന്നു. പലരും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

കള്ളന്തോട് ആനക്കുഴി കുട്ടായി, വല്ലാട്ടുപറമ്പിൽ സന്തോഷ്, ടോമി കളപുരയ്ക്കൽ, ഇലവുങ്കൽ ലിസ, മച്ചിങ്ങൽ പ്രീതൻ, പുല്ലന്താനി സജി, വാഴയിൽ മാത്യു, പന്തിരുപറ ലിനീഷ്, കനാർകാവുങ്കൽ അപ്പച്ചൻ, ജോർജ്, സിബി, മാക്കിയിൽ ബാബു, മുഴയൻകാട്ടിൽ ഔസേപ്പ്, കാക്കശ്ശേരി കിഷോർ എന്നിവരുടെ വീടുകൾക്കു വിള്ളലും ഇടിച്ചിലും കേടുപാടും നേരിട്ടു. കൃഷിയിടങ്ങളും നശിച്ചു. കൃഷിഭൂമി ഒലിച്ചുപോയവരും ഉണ്ട്. ഒട്ടേറെ കുടുംബങ്ങളുടെ വീടുകൾ താമസയോഗ്യമല്ലാതായി. കള്ളന്തോട് ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായ മലയിൽ കൂറ്റൻപാറ നടുവിലൂടെ പൊട്ടി നിൽക്കുന്നതും ഭീഷണിയാണ്. 

Wayanad News
വിള്ളലിനെ തുടർന്നു കുരിശുമല കോളനിയിൽ തകർന്ന വീട്.

മലയിൽ കയ്യേറ്റം വ്യാപകം; നടപടിയില്ല 

ഈ മലയിൽ ഉരുൾപെ‌ാട്ടലില്ലാത്ത ഭാഗങ്ങളുമുണ്ട്. അഞ്ചുകുന്ന്, കോട്ടത്തറ വില്ലേജ് പരിധിയിലുള്ള മലമുകളിൽ പലർക്കുമള്ളത് കൈവശഭൂമിയാണ്. അനധികൃത കയ്യേറ്റങ്ങളും വ്യാപകമാണെങ്കിലും നടപടിയില്ല. അനധികൃത കയ്യേറ്റ പരിശോധന ആരംഭിച്ചെങ്കിലും അഞ്ചുകുന്ന് വില്ലേജ് പരിധിയിൽ പരിശോധന ഇതുവരെ എങ്ങുമെത്തിയില്ലെന്നും പറയപ്പെടുന്നു. ഈ വില്ലേജ് പരിധിയിലെ മലമുകളിൽ ഭൂമി കൈവശമുള്ളവരുടെ നികുതി സ്വീകരിക്കുന്നില്ല.

Wayanad News
കള്ളന്തോട് ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന കൃഷിയിടം

തിരിച്ചടിയായത് മല തുരന്നുള്ള നിർമാണം 

കുറുമ്പാലക്കോട്ടയുടെ ഇന്നത്തെ തകർച്ചയുടെ കാരണം അതിമോഹികളായ ചിലരും അധികൃതരും ആണെന്നു  നാട്ടുകാർ. സഞ്ചാരികൾ മലയിലേക്കു വന്നു തുടങ്ങിയതോടെ  പലരും മലയെ ചൂഷണം ചെയ്തു കാശുണ്ടാക്കുന്ന രീതിയിലേക്ക് മാറിയതാണു ഒരു പരിധി വരെ മല പിണങ്ങാൻ കാരണം. സഞ്ചാരികളെ ആകർഷിക്കാൻ മലയിടിച്ചുള്ള ഹോം സ്റ്റേ നിർമാണം, കിണർ കുഴിക്കൽ, മലയ്ക്കു ചുറ്റും വഴി വെട്ടൽ തുടങ്ങിയവ മലയെ ബാധിച്ചു. കച്ചവട സ്ഥാപനങ്ങളും വ്യാപകമായതോടെ മാലിന്യക്കൂമ്പാരവും ഏറി. കുറുമ്പാലക്കോട്ട മലമുകളിൽ പലയിടങ്ങളിലും 80 ഡിഗ്രി വരെ ചെരിവുള്ള സ്ഥലം ഉണ്ട്. ഇവിടങ്ങളിൽ ഒരു കാരണവശാലും മനുഷ്യ ഇടപെടൽ പാടില്ലെന്നാണ് പറയപ്പെടുന്നത്.

Wayanad News
ഉരുൾപൊട്ടലിൽ തകർന്ന റോഡ്.

അധികൃതരുടെ ഉത്തരവ് അവഗണിച്ചും നിർമാണം 

കുറുമ്പാലക്കോട്ടയിൽ അനധികൃത നിർമാണങ്ങൾ വർധിച്ചതും സ്ഫോടകവസ്തു ഉപയോഗിച്ചുള്ള പാറ പൊട്ടിക്കലും തകൃതിയായി നടന്നത് ഈ വർഷം. യന്ത്രവൽകൃത നിർമാണങ്ങളും പൊലീസ് നിർദേശം മറികടന്നുള്ള പ്രവർത്തനങ്ങളും സജീവമായിരുന്നു. മലമുകളിൽ സ്വകാര്യ വ്യക്തി പാറപൊട്ടിച്ച് 2 കിണറുകൾ നിർമിക്കുന്നെന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം പരിശോധിച്ച് നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു.

ഇത് അവഗണിച്ചു കിണർ നിർമാണം തുടർന്നതോടെ പഞ്ചായത്ത് അധികൃതർ കമ്പളക്കാട് പൊലീസിൽ പരാതി നൽകി.  പൊലീസ് പരിശോധനയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നില്ല. കുറുമ്പാലക്കോട്ട മലയിൽ നിന്ന് കഴിഞ്ഞ പ്രളയകാലത്ത് അസ്വഭാവിക ശബ്ദം കേട്ടതും ഉറവകൾ നിലച്ചതും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. അന്നും പ്രദേശവാസികളെ അധികൃതരുടെ നിർദേശപ്രകാരം മാറ്റിപ്പാർപ്പിച്ചു.

ഈ പ്രദേശത്താണ് അശാസ്ത്രീയമായി നിർമാണപ്രവൃത്തി നടന്നതെന്ന് നാട്ടുകാർ പറയുന്നു.  വർഷങ്ങൾക്കു മുൻപ് മലയിൽ ഉരുൾപൊട്ടലിൽ നാശനഷ്ടം ഉണ്ടായിരുന്നു. ഇതിനു ശേഷം യന്ത്രവൽകൃത നിർമാണ പ്രവർത്തനം നിരോധിച്ചിരുന്നു. എന്നാൽ ഇന്നു മലയുടെ അടി മുതൽ മുകൾ വരെ നിർമാണം തകൃതിയാണെന്നും ഇതു തടഞ്ഞില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്നും നാട്ടുകാർ മുന്നറിയിപ്പു നൽകുന്നതിനിടെയാണ് ഇക്കുറി ഉരുൾപൊട്ടൽ ഉണ്ടായത്. 

Wayanad News
ഇനി എത്ര നാൾ... കുറുമ്പാലക്കോട്ടമലയിലെ സൂര്യോദയം. മനംമയക്കുന്ന ഇൗ ദൃശ്യഭംഗി ഉയരങ്ങളിൽനിന്ന് ആസ്വദിക്കാനുള്ള അവസരം മലയിലെ ഉരുൾപെ‌ാട്ടലും മണ്ണിടിച്ചിലും ഇല്ലാതാക്കുമോയെന്ന ആശങ്കയിലാണു വിനോദസഞ്ചാരികളും നാട്ടുകാരും.

മറക്കാനാകുമോ ആ കാഴ്ചകൾ... 

മഞ്ഞുപുതച്ച ഭൂമിയും അകലെ തല ഉയർത്തിപ്പിടിച്ചിരിക്കുന്ന പശ്ചിമഘട്ട മലനിരകളും ഉദിച്ചുയരുന്ന സൂര്യനും കുറുമ്പാലക്കോട്ടയിൽ എത്തുന്ന സഞ്ചാരികളുടെ മനം നിറയ്ക്കുന്നു. ഉയരത്തിലാണെങ്കിലും എളുപ്പത്തിൽ ചെന്നെത്താൻ കഴിയും ഇവിടെ. പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായുള്ള കുറുമ്പാല, 2 മലകൾ ചേർന്നതാണെന്നു തോന്നിപ്പിക്കും വിധമാണുള്ളത്. മലയുടെ മുകളിലെ വിളക്കുമുടി മലയിൽ നിന്നാണു സൂര്യോദയം കാണുന്നത്. പ്രകൃതിഭംഗിയിൽ മീശപ്പുലിമലയോടു കിടപിടിക്കും കുറുമ്പാലക്കോട്ട. സൂര്യോദയക്കാഴ്ചകളുടെ മനംനിറയ്ക്കുന്ന ഫ്രെയിമുകളാണു കുറുമ്പാല സഞ്ചാരികൾക്കായി ഒരുക്കി വച്ചിരിക്കുന്നത്. 

ഏറെ പരിസ്ഥി പ്രാധാന്യമുള്ള മേഖലയിലാണു കുറുമ്പാലക്കോട്ട സ്ഥിതി ചെയ്യുന്നത്. അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും ഈ മലയെ തകർക്കുകയാണ്. അത്യപൂർവമായ പല ജീവജാലങ്ങളും കുറുമ്പാലക്കോട്ടയിലുണ്ട്. എന്നാൽ, ഇവയുടെ നിലനിൽപ് ഇന്നു ഭീഷണിയിലാണ്. വലിയ പ്രകൃതിദുരന്തങ്ങൾ ഈ മേഖലയിലുണ്ടാകാതിരിക്കാൻ നാം ഇപ്പോഴേ മുൻകരുതലെടുക്കണം. പരിസ്ഥിതിപഠനം നടത്തി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ വൻകിട നിർമാണപ്രവർത്തനം ഉൾപ്പെടെ ഇവിടെ അനുവദിക്കാവൂ. - ഏച്ചോം ഗോപി, പരിസ്ഥിതി പ്രവർത്തകൻ

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama