go

വനത്തിൽ നിന്ന് ആനയുടെ നിലവിളിയും കൊലവിളിയും;നാട്ടുകാരുടെ കണ്ണിലുണ്ണി മണിയന് ദാരുണാന്ത്യം

wayanad-wild-elephant
വയനാട് വന്യജീവി സങ്കേതത്തിലെ മണിയൻ ആന.
SHARE

പുൽപള്ളി ∙ വയനാട് വന്യജീവി സങ്കേതത്തിൽ നാട്ടുകാരുടെ കണ്ണിലുണ്ണിയായി വളർന്ന മണിയൻ കാട്ടാനയ്ക്ക് മറ്റൊരു കൊമ്പന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. കുറിച്യാട് റേഞ്ചിലെ ചെതലയം പുല്ലുമലയിൽ ഇന്നലെ രാവിലെയാണ് ജഡം കണ്ടെത്തിയത്. തലയിലും ദേഹത്തും ആഴത്തിൽ മുറിവേറ്റിരുന്നു. മദപ്പാടുള്ള കൊമ്പനാണ് ആക്രമിച്ചതെന്ന് വനപാലകർ പറഞ്ഞു. പുലർച്ചെ വനത്തിൽ നിന്ന് ആനയുടെ നിലവിളിയും കൊലവിളിയും കേട്ടതായി നാട്ടുകാരും പറഞ്ഞു. വനാതിർത്തിയിൽ നിന്ന് ഏറെ അകലെയല്ലാതെ പുല്ലുമലയിലാണ് ഇറക്കത്തിലേക്ക് മറിഞ്ഞ നിലയിൽ ജഡം കണ്ടെത്തിയത്.

ആഴത്തിലുള്ള കുത്തേറ്റ് കരൾ, ശ്വാസനാളം ഉൾപ്പെടെ പ്രധാന അവയവങ്ങൾ തകർന്നുവെന്ന് പോസ്റ്റ്മോർട്ടം നടത്തിയ വനം വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ പറഞ്ഞു. 40 വയസ്സുള്ള മണിയൻ 2 പതിറ്റാണ്ടോളം വന്യജീവി സങ്കേതത്തിൽ വിവിധ ഭാഗത്തായാണ് കഴിഞ്ഞത്. പല വട്ടമുണ്ടായ പരുക്കുകൾക്ക് ചികിത്സ നൽകാനും കോളർ ഘടിപ്പിക്കാനുമായി 2008 മുതൽ 5 തവണ മയക്കുവെടി നൽകിയെന്ന പ്രത്യേകതയുമുണ്ട്. ഇരുളം, ചെതലയം, വടക്കനാട്, കുപ്പാടി, മുത്തങ്ങ ഭാഗത്തെല്ലാം സ്ഥിരമായെത്തുന്ന ആന ജനവാസ കേന്ദ്രത്തിനടുത്താണ് തങ്ങിയിരുന്നത്.

എന്നാൽ, കൃഷി നശിപ്പിച്ചതായോ ആരെയെങ്കിലും ആക്രമിച്ചതായോ പരാതിയില്ല. ബത്തേരി, ഇരുളം ടൗണുകളിൽ പലപ്പോഴും എത്തിയിരുന്ന മണിയൻ കുപ്പാടിയിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്ന സ്ഥലത്തും പതിവുകാരനായിരുന്നു. ആളുകൾ കൊടുക്കുന്ന പഴങ്ങളും പലഹാരങ്ങളുമെല്ലാം വാങ്ങിക്കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ആനയുടെ അടുത്തെത്തി പടമെടുക്കുന്നതും യാത്രക്കാരുടെ പതിവായിരുന്നു. ബത്തേരി– പുൽപള്ളി റൂട്ടിൽ സദാസമയവും റോഡിൽ നിലയുറപ്പിച്ചിരുന്ന ആന കാൽചുവട്ടിലെത്തുന്ന വാഹനങ്ങൾക്കു നേരെ പോലും തിരിയാറില്ലായിരുന്നു.

മണിയന്റെ വേർപാട് വനാതിർത്തിയിലെ  ജനങ്ങൾക്കും വനപാലകർക്കും ദുഖഃകരമായി. ഒട്ടേറെ പേർ വനത്തിലെത്തിയിരുന്നു. ആനയുടെ ജഡം ജനവാസ കേന്ദ്രത്തിനടുത്തായതിനാൽ 3 കിലോമീറ്റർ അകലെ ഉൾവനത്തിലെത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വൈൽഡ് ലൈഫ് വാർഡൻ പി.കെ.ആസിഫ്, കുറിച്യാട് റേഞ്ച് ഓഫിസർ പി.രതീശൻ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama