go

മകനോടും ഭർത്താവിനോടും യാത്ര പറഞ്ഞ് ജോലിക്കിറങ്ങി; വഴിമാറി നടന്ന മിഥുവിന്റെ പിന്നാലെയെത്തി മരണ വാതിൽ

wayanad-accident-way
കെഎസ്ആർടിസി സ്കാനിയ ബസിന്റെ ലഗ്ഗേജ് വാതിൽ തുറന്ന നിലയിൽ. (ഇൻസെറ്റിൽ മരിച്ച മിഥു)
SHARE

ബത്തേരി∙ രണ്ടു വയസ്സുള്ള മകനോടും അപകടത്തിൽ പരുക്കേറ്റ് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ഭർത്താവിനോടും  യാത്ര പറഞ്ഞ് ജോലിക്കിറങ്ങിയ മിഥു(24)വിനെ മരണം പുറകെ ചെന്ന് പിടികൂടുകയായിരുന്നു. കല്ലൂർ നാഗരം ചാൽ വാഴക്കണ്ടി പ്രവീണിന്റെ ഭാര്യ മിഥു കെഎസ്ആർടിസി സ്കാനിയ ബസിന്റെ ലഗ്ഗേജ് വാതിൽ തട്ടി  മരിച്ചത് നാട്ടുകാർക്കിനിയും  ഉൾക്കൊള്ളാനായിട്ടില്ല. വീട്ടിൽ നിന്ന് 200 മീറ്ററോളം നടന്നാണ് മിഥു എന്നും ബത്തേരിയിലേക്ക് ബസ് കയറാൻ രാവിലെ കാത്തിരിപ്പു കേന്ദ്രത്തിലെത്താറ്.

കല്ലൂർ ഭാഗത്തേക്ക് നടക്കുമ്പോൾ മിഥുവിന്റെ വീടും ബസ്കാത്തിരിപ്പു കേന്ദ്രവും റോഡിന്റെ വലതു വശത്താണ് .എന്നാൽ ഇന്നലെ മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ എത്തുന്നതിന് മുൻപ് റോഡ് മുറിച്ചു കടന്ന് ഇടതു വശത്തു കൂടി നടക്കുകയായിരുന്നു. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ എതിർവശത്തുള്ള കടയിലേക്ക് എന്തെങ്കിലും വാങ്ങാൻ പോയതായിരിക്കുമെന്നാണ് നിഗമനം.

റോ‍ഡിന്റെ ഏറെ അരികു ചേർന്നു നടന്ന മിഥുവിനെയാണ് അശ്രദ്ധമായി തുറന്നിട്ട വാതിൽ അടിച്ചു തെറിപ്പിച്ചത്. ഒന്നര മീറ്ററോളം പുറത്തേക്ക് തള്ളിയ നിലയിലാണ് വാതിൽ തുറന്നു കിടന്നത്. സാധാരണ ദിവസങ്ങളിലേതു പോലെ മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് നടന്നിരുന്നെങ്കിൽ അപകടത്തിൽ പെടില്ലായിരുന്നു. 

പരുക്കേറ്റ മിഥുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സാ സൗകര്യങ്ങളുടെ അഭാവം നിമിത്തം 100 കിലോമീറ്റർ മാറിയുള്ള കോഴിക്കോട്ടേക്ക് കൊണ്ടു പോകേണ്ടി വന്നു. ന്യൂറോ സർജനും ചികിത്സാ സൗകര്യവുംഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ മറിച്ചുള്ള സാധ്യതകളുമുണ്ടായിരുന്നെന്ന് പറയുന്നു. മിഥുവിന്റെ ഭർത്താവ് പ്രവീൺ 6 മാസം മുൻപാണ് കാറപകടത്തിൽ പെട്ട് കിടപ്പിലായത്. വീൽചെയറിലായിരുന്ന പ്രവീൺ അടുത്തിടെ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നു തുടങ്ങിയതേയുള്ളു..

വീട്ടിലെ ബുദ്ധിമുട്ടുകൾ നിമിത്തമാണ് ബത്തേരിയിലെ പുതിയ വസ്ത്രശാലയിൽ ഒരു മാസം മുൻപ് ജോലിക്കു പോയിത്തുടങ്ങിയത്. ജോലി കഴിഞ്ഞ് രാത്രി 8 ആകുമ്പോഴാണ് മടങ്ങിയത്തെുക. രണ്ടു വയസുകാരൻ അംഗിത് രാത്രി എട്ടുവരെ എന്നും അമ്മയെയും കാത്ത് വരാന്തയിൽ തന്നെ നിൽക്കുമായിരുന്നെന്ന് അയൽവാസികൾ കണ്ണീരോടെ പറയുന്നു. എന്നാൽ ഇന്നലെ അവന്റെ അമ്മ എത്തിയതേയില്ല. ഇനിയൊരിക്കലും എത്തില്ലെന്നും അവന് അറിയികയുമില്ല. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama