go

പാർക്കിങ് നടപ്പാതയിൽ; കാൽനടക്കാർ പെരുവഴിയിൽ

wayanad-panamarom-parking
പനമരം ടൗണിൽ നടപ്പാതയിൽ നിർത്തിയിട്ട വാഹനം
SHARE

പനമരം∙ ടൗണിലെ നടപ്പാതയിലൂടെ കാൽനടയാത്ര ചെയ്യണമെങ്കിൽ സർക്കസ് പഠിക്കേണ്ട അവസ്ഥ. നടപ്പാത കയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. നോ പാർക്കിങ് ബോർഡിന് കീഴിലും ബസ്‌ സ്റ്റാൻഡിലും സ്വകാര്യ വാഹനങ്ങൾ നിയമം ലംഘിച്ച് നിർത്തിയിടുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകുന്നു. അധികൃതരുടെ അനാസ്ഥയാണ് ടൗണിൽ നടപ്പാത കയ്യേറിയും നിയമം ലംഘിച്ചും വാഹനങ്ങൾ പാർക്ക് ചെയ്യാൻ കാരണം. 

ഗതാഗത നിയമലംഘനങ്ങൾക്കു കനത്ത പിഴയും ട്രാഫിക് നിയമ ബോധവൽക്കരണവും പൊടിപൊടിക്കുമ്പോഴും ടൗണിൽ വാഹന പാർക്കിങ് നടപ്പാത കയ്യേറിയും നോ പാർക്കിങ് ബോർഡിന് കീഴെയുമാണ്. ടൗണിൽ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കിയിരുന്നെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ കുത്തഴിഞ്ഞ രീതിയിലായി.ഇതിനിടെയാണ് ടൗണിൽ കാൽനടയാത്രക്കാർക്ക് പോലും വഴി നടക്കാൻ പറ്റാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. 

ടൗൺ നവീകരണത്തിന്റെ ഭാഗമായി വലിയ പാലം ജംക്‌‌ഷൻ മുതൽ കരിമ്പുമ്മൽ വരെയുള്ള ഭാഗത്ത് റോഡിന് ഇരുവശത്തും നടപ്പാതകൾ നിർമിച്ച് കൈവരികൾ തീർത്തെങ്കിലും കച്ചവട സ്ഥാപനങ്ങളിലേക്ക് കയറുന്ന ഭാഗങ്ങളിലും മറ്റും ഒഴിവാക്കിയ ഭാഗത്താണ് വഴിയടച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. 

നടപ്പാതയിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ യാത്രക്കാർ വഴി നടക്കാൻ ഏറെ കഷ്ടപ്പെടെണ്ടി വരുന്നു. ആശുപത്രിക്കവല മുതൽ നെല്ലാറാട്ട് വളവ് വരെയുളള സ്ഥലങ്ങളിലാണ് വഴിയടച്ച് വാഹനങ്ങൾ നിർത്തിയിടുന്നത്. ദൂരസ്ഥലങ്ങളിൽ പോകുന്നവർ നടപ്പാതയിൽ വാഹനങ്ങൾ നിർത്തിയിട്ടു ബസ് കയറും. പിന്നീട് രാത്രിയാണ് ഇവിടെ നിന്നു വാഹനങ്ങൾ എടുക്കുന്നത്. കാറും, ബൈക്കുകളും പൂട്ടി വയ്ക്കുന്നതിനാൽ ഇവ എടുത്തുമാറ്റാൻ ബുദ്ധിമുട്ടാണ്. ഏറെ നാളത്തെ മുറവിളിക്കൊടുവിലാണ് പനമരം ടൗണിൽ ട്രാഫിക് പരിഷ്ക്കാരം നടപ്പിലാക്കിയത്. ആദ്യമാദ്യം നല്ല രീതിയിൽ നടപ്പാക്കിയിരുന്നു. 

പിന്നീട് അധികൃതരുടെ അനാസ്ഥ കൊണ്ട് തന്നെ പരിഷ്ക്കരണം താളം തെറ്റി. ഗതാഗത നിയമം ലംഘിച്ച് വാഹനം പാർക്ക് ചെയ്യുന്നവർക്ക് എതിരെ കടുത്ത നടപടി എടുക്കണമെന്നും ഗതാഗത പരിഷ്ക്കരണം കാര്യക്ഷമമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama