go

ദേശീയപാതയിൽ വൻകുഴികൾ; കുരുക്കഴിയാതെ കൈനാട്ടി

   കൈനാട്ടി ജംക്‌ഷനു സമീപം റോഡ് തകരാറിലായതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്.  ചിത്രം: മനോരമ
കൈനാട്ടി ജംക്‌ഷനു സമീപം റോഡ് തകരാറിലായതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്. ചിത്രം: മനോരമ
SHARE

കൽപറ്റ ∙ വാഹനപ്പെരുപ്പവും റോഡിന്റെ വീതിക്കുറവും സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിനു പുറമേ റോഡിൽ കുഴികൾ കൂടി രൂപപ്പെട്ടതോടെ തുടർച്ചയായ 4–ാം ദിനവും കൈനാട്ടിയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഇന്നലത്തെ ഗതാഗതക്കുരുക്ക് കൈനാട്ടിയിൽ നിന്നു ഒരു കിലോമീറ്റർ അകലെ എടപ്പെട്ടി വരെ നീണ്ടു. കൈനാട്ടി ദേവി ടെക്സ്റ്റയിൽസിനു സമീപം റോഡിൽ രൂപപ്പെട്ട കുഴികളാണ് ഗതാഗതക്കുരുക്കുണ്ടാക്കുന്നത്. ഇൗ ഭാഗത്തു മാസങ്ങൾക്കു മുൻപേ ചെറിയ കുഴികളുണ്ടായിരുന്നു. എന്നാൽ, അധികൃതർ കണ്ടഭാവം നടച്ചില്ല. മഴ ശക്തമായതോടെ കുഴികളുടെ വലുപ്പവും ആഴവും കൂടി. വാഹനത്തിരക്കേറിയതോടെ റോഡ് പൂർണമായും തകർന്നു.  

ചരക്കുലോറികൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇതിലൂടെ എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കില്ല. ഇതോടെയാണു ഗതാഗതക്കുരുക്ക് മുറുകുന്നത്. ഇന്നലെ കൽപറ്റ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചാണു ഗതാഗതം സാധാരണ നിലയിലാക്കിയത്. അതേസമയം, യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ കുഴികൾ താൽക്കാലികമായി അടയ്ക്കാൻ തുടങ്ങി. കൈനാട്ടി ബൈപാസ് ജംക്‌ഷനു മുന്നിൽ റോഡ് ഇടിഞ്ഞു താഴ്ന്നതും ഗതാഗതക്കുരുക്കിനിടയാക്കുകയാണ്. 

മാസങ്ങൾക്കു മുൻപ് ശക്തമായ മഴയിൽ റോഡിന്റെ പകുതിയോളം ഇടിഞ്ഞു താഴ്ന്നിരുന്നു. കഴിഞ്ഞ വർഷത്തെ മഴക്കാലത്തും ഇൗ ഭാഗം ഇടിഞ്ഞിരുന്നു. എന്നാൽ, സംരക്ഷണഭിത്തി നിർമിക്കാതെ മണൽചാക്കുകൾ നിരത്തി അധികൃതർ തടിതപ്പി. ഇത്തവണത്തെ ശക്തമായ മഴയിൽ മണൽചാക്കുകൾ ഒലിച്ചു പോയതോടെ അപകടകരമായവിധം റോഡ് ഇടിഞ്ഞു താഴുകയായിരുന്നു. നിലവിൽ ഇതിലൂടെ പൊലീസ് ഒരുവരിയായിട്ടാണു വാഹനങ്ങളെ കടത്തിവിടുന്നത്. ഇൗ ഭാഗത്തെ വാഹനങ്ങളുടെ നീണ്ടനിര കൂടിയാകുന്നതോടെ ദേശീയപാത 766ൽ എടപ്പെട്ടി മുതൽ സിവിൽ സ്റ്റേഷൻ വരെ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama