go

സുന്ദരം ഈ കാഴ്ച; ഈ അച്ഛൻ ഇന്ന് ലോകം കാണുന്നു, മകളിലൂടെ..

   അച്ഛന്‍ കേളുവിനെ കൈപിടിച്ചു കാഴ്ചകള്‍ കാണിക്കുന്ന പ്രവീണ.  ചിത്രം: ജിതിന്‍ ജോയല്‍ ഹാരിം∙ മനോരമ
അച്ഛന്‍ കേളുവിനെ കൈപിടിച്ചു കാഴ്ചകള്‍ കാണിക്കുന്ന പ്രവീണ. ചിത്രം: ജിതിന്‍ ജോയല്‍ ഹാരിം∙ മനോരമ
SHARE

നന്നേ ചെറുപ്പത്തിൽ കാഴ്ച നഷ്ടപ്പെട്ട ഒരച്ഛൻ ലോകം മുഴുവൻ തന്റെ മകളിലൂടെ കാണുന്നു. നാട്ടിലെ മുക്കും മൂലയും പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളും ഇന്ന് എല്ലാവരെയും പോലെ ഈ അച്ഛനും അറിയാം. കാഴ്ച ഇല്ലെങ്കിലും മകളുമായുള്ള ആത്മബന്ധമാണ് ലോകത്തെ മനസ്സിലേക്ക് കൃത്യമായി എത്തിക്കുന്നതെന്ന് ഏറെ അഭിമാനത്തോടെ അദ്ദേഹം പറയുന്നു. തരിയോട് പഞ്ചായത്തിലെ പാലുവയൽ പുത്തൻമിറ്റം കേളുവും മകൾ പ്രവീണയുമാണ് ഈ അച്ഛനും മകളും. 3 വയസ്സുള്ളപ്പോഴാണ് കേളുവിന് കാഴ്ചയുടെ ലോകം അന്യമായത്.

പിറന്നുവീണ് ഒരു മാസം പ്രായം ആയപ്പോഴേക്ക് അമ്മ നഷ്ടപ്പെട്ട കേളു പിന്നീട് ഇളയമ്മയോടൊപ്പമായി ജീവിതം. കൂട്ടുകാരുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടെ കണ്ണിൽ മണൽ കയറിയാണ് കാഴ്ച നഷ്ടമായത്. ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമായിരുന്നുവെങ്കിലും കൊടിയ ദുരിതം അനുവദിച്ചില്ല. അതോടെ ലോകം കാണാനുള്ള കഴിവ് കേളുവിന് എന്നെന്നേക്കുമായി കൈമോശം വന്നു.

ഇരുട്ടിലൊരു നുറുങ്ങുവെട്ടം

പിന്നീടങ്ങോട്ട് ഇരുട്ട്‌ നിറഞ്ഞ ജീവിതമായിരുന്നു. ഒന്നും കാണാനും അറിയാനും കഴിയാതെ മുന്നോട്ടു പോയി. ഇതിനിടെ ഭാര്യയായി അമ്മു ജീവിതത്തിലേക്കു കടന്നുവന്നു. ദുരിതനാളുകളിലും സന്തോഷം പകർന്ന് പിറന്ന മകളാണ് പിന്നീട് കേളുവിന്റെ ജീവിതം പ്രകാശപൂർണമാക്കിയത്. അമ്മുവും കേളുവും അവളെ പ്രവീണ എന്നു വിളിച്ചു. 5 വയസ്സുവരെ കുസൃതികളും കൊഞ്ചലുമായി കളിച്ചു നടന്ന കുട്ടി അങ്കണവാടിയിൽ പോകാൻ തുടങ്ങിയതോടെയാണ് അച്ഛന്റെ സന്തത സഹചാരിയായത്. ദിവസവും കൊണ്ടു വിടുന്നതും പഠനം കഴിയുന്നതു വരെ കാത്തിരുന്ന് മകളെ കൂട്ടിക്കൊണ്ടു വരുന്നതും കേളുവിന്റെ ജോലിയായി. കുടുംബത്തിന്റെ വിശപ്പു മാറ്റാൻ അങ്കണവാടിയിൽ നിന്ന് കിട്ടുന്ന ഭക്ഷണം പ്രവീണ വീട്ടിലെത്തിക്കും. പ്രവീണയുടെ കൂട്ട് കേളുവിന് വലിയ തണലായി മാറുകയായിരുന്നു. 

സുന്ദരം ഈ കാഴ്ച 

മകളുടെ സ്കൂളിലെ ആവശ്യങ്ങൾക്കെല്ലാം കേളു ഓടിയെത്തും. കൂട്ടുകാർക്കിടയിൽ അഭിമാനത്തോടെ പ്രവീണ അച്ഛനെയും കൊണ്ടു നടക്കും. തന്റെ പഠനവിവരങ്ങൾ അറിയാൻ അധ്യാപകരെ കാണിച്ചു കൊടുക്കും. വീടിനു പുറത്തേക്കുള്ള യാത്രകളിലെല്ലാം മകൾ തന്നെയാണ് കൂട്ട്. 

സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനങ്ങളും കഥകളും മകളുമായി പങ്കുവച്ചായിരിക്കും യാത്ര. ഓരോ ദിവസവും മകളുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ മകളും അച്ഛനോടു പറയും. അവരുടെ മാത്രം ലോകമാണ് ഇങ്ങനെയുള്ള യാത്രകൾ. മകൾക്ക് എന്തു വേണമെന്ന് പറഞ്ഞാലും വാങ്ങിക്കൊടുക്കും ഈ അച്ഛൻ.  കുഞ്ഞുകുട്ടിയാണെങ്കിലും ഉത്തരവാദിത്തമുള്ള രക്ഷകയായി അച്ഛനെ കൂട്ടി നടക്കുകയാണു പ്രവീണ. കുടുംബം പുലർത്താൻ ജോലികൾക്കു പോകേണ്ടതിനാൽ ഭർത്താവിനു കൂട്ടായി നടക്കാൻ കഴിയുന്നില്ല എന്ന ദുഃഖം മകളിലൂടെ മാറുന്നുവെന്ന് അമ്മു പറയുന്നു. കുസൃതിയുടെ ലോകത്തുള്ള കുഞ്ഞനുജൻ പ്രണാദിനു വേണ്ട കരുതലുകൾ നൽകാനും പ്രവീണ ശ്രദ്ധിക്കാറുണ്ട്.

കുറവല്ല ഒന്നും

അഞ്ചു വയസ്സുകാരിയുടെ തോളിൽ പിടിച്ച് ലോകത്തെ അറിഞ്ഞ് കേളു നടന്നു തുടങ്ങി. ആ നടത്തം ആരംഭിച്ചിട്ട്  ഇപ്പോൾ 9 വർഷം! ഓരോ ദിവസം കഴിയും തോറും ചങ്ങാത്തത്തിന്റെ ശക്തി കൂടി. കാഴ്ചയില്ലെന്ന കുറവ് ഇപ്പോൾ കേളു അറിയുന്നില്ല. വീട്, റേഷൻകട, അക്ഷയകേന്ദ്രം എന്നിങ്ങനെ ജീവിതത്തിൽ ആവശ്യമായ എല്ലാ സ്ഥലങ്ങളും കൃത്യമായി അറിയാം. വീട് എവിടെയാണ് എന്നു ചോദിച്ചാൽ വഴി തെറ്റാതെ വീട്ടിലെത്തിക്കാൻ അറിയാം. അത്യാവശ്യം ജോലികളും വശമുണ്ട്. ചെയ്യുന്ന ജോലികൾക്ക് മാർഗനിർദേശങ്ങളും മകളുടെ വക തന്നെ. മകളുടെ കണ്ണുകളിലൂടെ ലോകം മുഴുവൻ കാണുകയാണ് ഇപ്പോൾ. മനപ്പൊരുത്തത്തിന്റെ ശക്തിയാകാം,  മകൾ കാണുന്നത് അതേപടി മനസ്സിൽ പതിയുന്നുവെന്ന് കേളു പറയുന്നു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama