വികസനം പച്ചവിളക്ക് തെളിക്കാത്ത കായംകുളം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കായംകുളം റെയിൽവേ ജംക്‌ഷൻ. കായംകുളം റെയിൽവേ ജംക്‌ഷൻ.

കായംകുളം ∙ തീരദേശപാതയുടെ വരവോടെ കായംകുളം റെയിൽവേ സ്റ്റേഷൻ കായംകുളം ജംക്‌ഷനായി. ആലപ്പുഴ വഴിയും കോട്ടയം വഴിയും ട്രെയിനുകൾ വന്നതോടെ യാത്രക്കാരുടെയും പ്ലാറ്റ്ഫോമുകളുടെയും എണ്ണവും വരുമാനവും കൂടി. കാലോചിതമായി വികസനം ഇവിടെ അന്യമാണ്. പ്രധാന ജംക്‌ഷൻ റെയിൽവേ സ്റ്റേഷനായ ഇവിടെ പല ട്രെയിനുകൾക്കും സ്റ്റോപ്പ് ഇല്ല. തിരുവനന്തപുരം-ഹാപ്പ, തിരുവനന്തപുരം-ഡെറാഡൂൺ, കൊച്ചുവേളി-ദാബ്രിഗഡ്, തിരുവനന്തപുരം-ചണ്ഡിഗഡ്, തിരുവനന്തപുരം-ചെന്നൈ(വീക്കിലി) തുടങ്ങിയ എക്‌സ്പ്രസ് ട്രെയിനുകൾ ഇവിടെ നിർത്തില്ല. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാരുടെ ആശ്രയമായ ഇവിടെ രാജധാനി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കു സ്റ്റോപ്പ് ഇല്ല. 

ഒരു കിലോമീറ്ററോളം നീളമുള്ള അഞ്ച് പ്ലാറ്റ്‌ഫോമുകളുള്ള ഇവിടെ സ്റ്റേഷൻ കെട്ടിടവും കവാടവും വിശ്രമ മുറികളും ശുചിമുറികളും ഒന്നാം പ്ലാറ്റ്‌ഫോമിന്റെ തുടക്കത്തിലാണുള്ളത്. ഏതു പ്ലാറ്റ്‌ഫോമിൽ ട്രെയിൻ ഇറങ്ങിയാലും പ്രധാന കവാടത്തിലെത്താൻ യാത്രക്കാർ ഒരു കിലോമീറ്ററോളം ലഗേജ് ചുമന്നു നടക്കണം. പ്ലാറ്റ്‌ഫോമിന്റെ വടക്കുഭാഗത്തു ശുചിമുറി സൗകര്യമില്ല. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിലേക്കു മാത്രമേ ട്രോളിയിൽ ലഗേജ് കൊണ്ടുപോകാനും വീൽചെയറിൽ കൊണ്ടുപോകാനും സൗകര്യമുള്ളൂ.

ഇതു നാലാമത്തെ പ്ലാറ്റ്‌ഫോമിലേക്കും നീട്ടണം. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിൻ നിർത്തുന്ന നാലാമത്തെ പ്ലാറ്റ്ഫോമിൽ ആവശ്യത്തിനു മേൽക്കൂരയില്ല. ഇവിടെ ശുദ്ധജലം ലഭിക്കാൻ കടകളില്ല. രണ്ടു ടിക്കറ്റ് കൗണ്ടർ ഉണ്ടെങ്കിലും ഒന്നേ പ്രവർത്തിക്കുന്നുള്ളൂ. ക്യൂ നിൽക്കുന്നവർ ടിക്കറ്റുമായി എത്തുമ്പോഴേക്കും ട്രെയിൻ വിട്ടുപോകുന്നതും ഓടിക്കയറാൻ ശ്രമിക്കുമ്പോൾ അപകടമുണ്ടാകുന്നതും പതിവാണ്.

malappuram-sudheeran

എന്റെ പൊതുജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്നതാണ് ആലപ്പുഴ വഴിയുള്ള തീരദേശ റെയിൽപ്പാതയുടെ പൂർത്തീകരണം. 1977 ൽ പാർലമെന്റ് അംഗമായപ്പോൾ ചോദ്യോത്തരവേളയിലെ എന്റെ ആദ്യ ചോദ്യം തീരദേശ റെയിൽവേ സംബന്ധിച്ചായിരുന്നു. തീരദേശപാത നടപ്പായില്ലെങ്കിൽ 1977 നവംബറിൽ നിരാഹാരസമരം നടത്തുമെന്നു ഞാൻ പ്രഖ്യാപിച്ചു. അന്നത്തെ മുഖ്യമന്ത്രി പി.കെ.വാസുദേവൻനായർ ഡൽഹിയിലെത്തി എംപിമാരുടെ യോഗം വിളിച്ച് ഒന്നായി ഈ ആവശ്യമുയർത്താൻ ആവശ്യപ്പെട്ടു. അന്നത്തെ കെപിസിസി പ്രസിഡന്റ് എ.കെ.ആന്റണി ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ലഭിച്ചു. തുടർന്നാണു കേന്ദ്ര റെയിൽവേ മന്ത്രി തീരദേശപാതയ്ക്കു ബജറ്റിൽ ഫണ്ട് വകയിരുത്തിയത്.1996 ൽ ആലപ്പുഴയിൽ നിന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പാത ഇരട്ടിപ്പിക്കലായിരുന്നു എന്റെ സ്വപ്നം. ഘട്ടംഘട്ടമായി റെയിൽവേ ഫണ്ട് അനുവദിക്കുകയും സംസ്ഥാന സർക്കാർ സമയബന്ധിതമായി സ്ഥലം ഏറ്റെടുത്തു നൽകുകയും ചെയ്ത് എത്രയും വേഗം പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കണം. വി.എം.സുധീരൻ

alappuzha-venugopal

തീരദേശ പാതയിൽ അമ്പലപ്പുഴ മുതൽ കുമ്പളം വരെ പാത ഇരട്ടിപ്പിക്കുന്നതിന് റെയിൽവെ അനുമതി നൽകിയെങ്കിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ വില കൂടുതലായതിനാൽ പകുതി തുക സംസ്ഥാന സർക്കാർ നൽകണമെന്നാണ് ആവശ്യപ്പെടുന്നത് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം സ്വീകരിച്ച് പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാര്‍ തയ്യാറാകാണം. ഇതിനായി കേന്ദ്രത്തിൽ കൂടുതൽ സമ്മർദംചെലുത്തണം. പുതിയ പാതകൾ തുടങ്ങുന്നതിനേക്കാള്‍ പ്രാധാന്യം നൽകേണ്ടതാണ് നിലവിലെ പാതയുടെ സൗകര്യം വർദ്ധിപ്പിച്ച് ഗതാഗതം സുഗമമാക്കുന്നതിനാണ്.ഹരിപ്പാട് മുതൽ കുമ്പളം വരെയുള്ള പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കണം. അതിനു സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ പരിഹരിക്കണം.ഹരിപ്പാട് – അമ്പലപ്പുഴ പാതയിരട്ടിപ്പിക്കലിനു 99% ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. മറ്റു പ്രശ്നങ്ങൾ പരിഹരിക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കായംകുളത്ത് 37, ഹരിപ്പാട്, അമ്പലപ്പുഴ മേഖലകളിൽ ഏഴ് വീതം അടിപ്പാതകൾ പൂർത്തിയായി. സുരക്ഷ വർധിപ്പിക്കുന്നതിനായി 22 റെയിൽവേ ഗേറ്റുകളിൽ ഇന്റർലോക്കിങ് സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. ആറെണ്ണം പൂർത്തിയായി. ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ ഒരു ഷിഫ്റ്റ് കൂടി റിസർവേഷൻ കൗണ്ടർ പ്രവർത്തനം തുടങ്ങി.  കെ.സി.വേണുഗോപാൽ എംപി

പച്ചക്കൊടി വീശിയത് നന്ദകുമാർ

ആലപ്പുഴ റെയിൽവേ സ്റ്റേഷനു മുൻ‌പിൽ നട്ട ആൽമരത്തിനെ‌ാപ്പം മാനേജർ ജി.നന്ദകുമാർ.                   ചിത്രം:മനോരമ ആലപ്പുഴ റെയിൽവേ സ്റ്റേഷനു മുൻ‌പിൽ നട്ട ആൽമരത്തിനെ‌ാപ്പം മാനേജർ ജി.നന്ദകുമാർ. ചിത്രം:മനോരമ

ആലപ്പുഴ ∙ ജി.നന്ദകുമാറിന്റെ പച്ചക്കൊടിയുടെ വിശ്വാസത്തിലാണ് ആലപ്പുഴയിൽ നിന്നു കായംകുളത്തേക്കുള്ള ആദ്യ പാസഞ്ചർ ട്രെയിൻ 1992 നവംബർ 21നു പുലർച്ചെ 4.55 ന് ആലപ്പുഴ സ്റ്റേഷനിൽ നിന്നു ചൂളംവിളിച്ചു പാഞ്ഞത്. അന്ന് ആലപ്പുഴ സ്റ്റേഷൻ മാസ്റ്ററായിരുന്ന നന്ദകുമാർ അതേ സ്റ്റേഷനിലെ മാനേജരാണ് ഇന്ന്.

ആലപ്പുഴ – കായംകുളം പാത നിർമാണം നടക്കുമ്പോൾ ഏറെ വിവാദമായിരുന്നു തകഴിക്കും കരുവാറ്റയ്ക്കും ഇടയിലെ കോരംകുഴി ചതുപ്പ്. ഇവിടെ പാതയ്ക്ക് അടിയുറപ്പില്ലാത്തതിനാൽ ട്രെയിൻ പാളം തെറ്റുമെന്നും അപകടമുണ്ടാകുമെന്നുമായിരുന്നു പ്രചാരണം. 

ഇതു തെറ്റാണെന്നു തെളിയിക്കാൻ അന്നത്തെ ചീഫ് എൻജിനീയർ രാമസ്വാമിയുടെയും ആലപ്പുഴയിലെ റെയിൽവേ എൻജിനീയർ മദൻമോഹന്റെയും നിർദേശപ്രകാരം ആലപ്പുഴ– കായംകുളം പാതയുടെ ഉദ്ഘാടനത്തിനു രണ്ടുനാൾ മുൻപ് ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെയെല്ലാം കയറ്റി പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് നടത്തി. 

ആലപ്പുഴയിൽ നിന്നു കായംകുളത്തേക്കുള്ള ആ പ്രത്യേക ട്രെയിൻ കോരംകുഴി ചതുപ്പ് കടന്നു സുഗമമായി കായംകുളത്തെത്ത‍ും തിരികെ ആലപ്പുഴയിലുമെത്തിയതോടെ ദുഷ്പ്രചാരണങ്ങൾ തിരുത്തിയ വാർത്തകൾ പത്രങ്ങളിൽ നിറഞ്ഞുവന്നു നന്ദക‍ുമാർ ഓർക്കുന്നു.

കായംകുളത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കെ.കരുണാകരൻ പാത ഉദ്ഘാടനം ചെയ്തു. കേന്ദ്രവാണിജ്യ സഹമന്ത്രി പി.ജെ.കുര്യൻ പച്ചക്കൊടി വീശി. തിരികെ ആലപ്പുഴയിലേക്കു മിനിസ്റ്റേഴ്സ് സ്പെഷൽ ട്രെയിനിൽ മുഖ്യമന്ത്രി കെ.കരുണാകരൻ, കേന്ദ്രമന്ത്രി സി.കെ.ജാഫർ ഷെരീഫ് ഉൾപ്പെടെയുള്ളവരുമായി വരുമ്പോൾ പാതയുടെ ഇരുവശങ്ങളിലും ജനങ്ങൾ വിളക്കുമായി കാത്തുനിന്നിരുന്നു. 

ആലപ്പുഴ – കായംകുളം പാസഞ്ചറിനു പച്ചക്കൊടിവീശിയ നന്ദകുമാർ അക്കാലത്തു സ്റ്റേഷനു മുന്നിൽ നട്ട ആൽമരം കാൽനൂറ്റാണ്ടിന്റെ തണൽവിരിച്ചുനിൽക്കുന്നു. പിന്നീട് എറണാകുളത്തു നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിനായ ഇന്റർസിറ്റി എക്സ്പ്രസ‍ിനും ആലപ്പുഴ – ധൻബാദ് എക്സ്പ്രസിന്റ് ആദ്യ സർവീസിനും ആലപ്പുഴ സ്റ്റേഷനിൽ നിന്നു പച്ചക്കൊടി വീശിയതും നന്ദകുമാർ തന്നെ. ആലപ്പുഴയിൽ നിന്നു കായംകുളത്തേക്കുള്ള ആദ്യ പ‍ാസഞ്ചർ ട്രെയിനിന്റെ ഓർമയ്ക്കായി പുന്നപ്ര മുതൽ കായംകുളം വരെയുള്ള ഓരോ സ്റ്റേഷനിലേക്കും ആദ്യത്തെ ടിക്കറ്റ‍ുകൾ നന്ദകുമാർ വാങ്ങിയിരുന്നു. ഒന്നുപോലും കാലത്തെ അതിജീവിച്ച് ഇപ്പോൾ കൈവശമില്ല.

ഓമനപ്പിള്ള എന്ന തീവണ്ടിപ്പിള്ള

ഓമനപ്പിള്ള ഓമനപ്പിള്ള

തീരദേശ റെയിൽവേ അനുവദിക്കണമെന്ന ഒറ്റ ആവശ്യവുമായി ലോക്സഭയിലേക്കും നിയമസഭയിലേക്കും തീവണ്ടി ചിഹ്നത്തിൽ മത്സരിച്ച ചെട്ടികാട് കുരിശിങ്കൽ കെ.എൽ.ഓമനപ്പിള്ള തീവണ്ടിപ്പിള്ള എന്നാണ് അറിയപ്പെടുന്നത്. ശ്രീമൂലം പ്രജാസഭാംഗമായിരുന്ന ലോനപ്പൻപിള്ളയുടെയും സാറാമ്മയുടെയും മൂത്തമകൻ ഓമനപ്പിള്ള ബിഎ ജയിച്ചശേഷം മുംബൈയിൽ സാമ്പത്തിക ശാസ്‌ത്രത്തിൽ ഗവേഷണവും നിയമപഠനവും കഴിഞ്ഞു ജന്മനാട്ടിൽ തിര‍ിച്ചെത്തി. 1961-ൽ ആണു  തീരദേശ തീവണ്ടിപ്പാതയെന്ന ആവശ്യവുമായി ഓമനപ്പിള്ള രംഗത്തെത്തിയത്. 1965 ൽ സ്വതന്ത്ര സ്‌ഥാനാർഥിയായി തീവണ്ടി ചിഹ്നത്തിൽ നിയമസഭയിലേക്ക് ആദ്യ മത്സരം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏഴുതവണ മത്സരിച്ചതിൽ ആറുതവണയും കെട്ടിവച്ച കാശുപോയെങ്കിലും തീരദേശ തീവണ്ടിയെന്ന സ്വപ്‌നം പകരാൻ അതിനായി.

പിള്ളയുടെ നേതൃത്വത്തിൽ 1979 ൽ രൂപീകരിച്ച ജില്ല ഉദ്ധാരണ സമിതി നിരന്തരം നിവേദനങ്ങൾ സമർപ്പിച്ചതിനെ തുടർന്നു സംസ്‌ഥാന സർക്കാർ കേന്ദ്രത്തോടു തീവണ്ടിപ്പാതയ്‌ക്കു സ്‌ഥലം നൽകാൻ ശുപാർശ ചെയ്യാൻ തീരുമാനിച്ചു. പിള്ളയുടെ നേതൃത്വത്തിൽ അന്നത്തെ പ്രധാനമന്ത്രിയായ മൊറാർജി ദേശായിയെ ഡൽഹിയിൽ നേരിൽ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി. വൈകാതെ റെയിൽവേ ബജറ്റിൽ തീരദേശ പാത അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായി. 2004 മാർച്ച് 25 ന് അന്തരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.