go

ഒരു ഇടിനാദം കേട്ടു, പിന്നൊരു വിറയൽ കയറി...

ചാരുംമൂടിന്റെ കിഴക്കൻ മേഖലയിൽ ഇന്നലെയുണ്ടായ ഭൂചലനത്തിൽ വീടുകൾക്കുണ്ടായ കേടുപാടുകൾ.
SHARE

ചാരുംമൂട് ∙ ഒരു മാസം മുൻപു തൊട്ടടുത്ത പഞ്ചായത്തുകളിൽ പ്രളയം കനത്ത നാശം സൃഷ്ടിച്ചപ്പോൾ പാലമേൽ പഞ്ചായത്തിന് അതൊരു കേട്ടറിവു മാത്രമായിരുന്നു. ഇന്നലെ പകൽ പത്തരയോടെ പാലമേൽ കിടുങ്ങി. ഒരു ഇടിനാദം കേട്ടു. പിന്നൊരു വിറയൽ കയറി. നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന വിറയലിൽ വീടുകൾ ഉലഞ്ഞു. ചുമരുകൾ വിണ്ടുകീറി. അതേസമയം തന്നെ പത്തനംതിട്ട ജില്ലയുടെ അതിർത്തിയായ പള്ള‍ിക്കലിലും മനുഷ്യരും വീടുകളും ഇതേ വിറയൽ അനുഭവിച്ചു.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ കഞ്ചുകോട്, തണ്ടാനുവിള, മറ്റപ്പള്ളി, പുലിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നലെ രാവിലെ പത്തരയ്ക്കു ശേഷമാണു സ്ഫോടനം പോലൊരു ശബ്ദം ഉയർന്നത്. നിമിഷങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ. ശബ്ദം എവിടെ നിന്നു കേട്ടുവെന്നറിയാതെ പലരും വീടുകൾക്കു പുറത്തേക്കിറങ്ങി നോക്കി.

ഒന്നും കണ്ടില്ല. തിരികെ വീട്ടിലേക്കു കയറുമ്പോൾ അതുവരെ കാണാതിരുന്ന വിള്ളലുകൾ ചുമരിൽ കണ്ടതോടെയാണു ഭൂചലനം സംഭവിച്ചതു മനസ്സിലായത്. പല വീടുകൾക്കും ചുമരുകൾ വിണ്ടു കീറുകയും അടിത്തറയിൽ പൊട്ടലുണ്ടാകുകയും ചെയ്തു. ഒന്നും സംഭവിക്കാത്ത വീടുകളുമുണ്ടായിരുന്നു. കാര്യമായ നാശനഷ്ടം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രദേശത്തെ റോഡുകളിൽ ജനങ്ങൾ എന്തു ചെയ്യണമെന്നറിയാതെ നിന്നു. സംഭവം കേട്ടറിഞ്ഞു മറ്റു പ്രദേശങ്ങളിൽ നിന്നും ആളുകളെത്തി. ചിലവീടുകളുടെ മുഴുവൻ ഭിത്തികൾക്കും വിള്ളലുകളുണ്ടായതിനാൽ വീടിന്റെ സുരക്ഷിതത്വം സംബന്ധിച്ചും ആശങ്കയുണ്ടായി. റവന്യു അധികാരികൾ സ്ഥലത്തെത്തി വീടുകളുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പ് നൽകിയതോടെയാണു വീടുകൾക്കുള്ളിൽ കയറാൻ ജനങ്ങൾക്കു ധൈര്യമുണ്ടായത്. വലിയ മലകളുടെ വശങ്ങളിലും മലകൾ വെട്ടിത്താഴ്ത്തിയ പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങൾ ഇപ്പോഴും ആശങ്കയിലാണ്.

ഭൂമി കുലുക്കവും ഉഗ്രശബ്ദവും പേടിപ്പിച്ചില്ല; വിറച്ചത് വീടിനു വിള്ളൽ വീണപ്പോൾ

പാലമേൽ ∙ വീടൊന്നു വിറച്ചപ്പോൾ അടുക്കളയിൽ നിന്ന രാധാമണിയും വിറച്ചു. രോഗത്തിന്റെ വിറയൽ ശര‍ീരത്തിനുള്ളതിനാൽ അതു ഭ‍ൂമിയുടെ കുലുക്കമായി രാധാമണിക്കു തോന്നിയില്ല. അതുകൊണ്ടു രാധാമണി കുലുങ്ങിയില്ല. തൊട്ടുപിറകെ ഉഗ്രശബ്ദം കേട്ടപ്പോഴും രാധാമണി പേടിച്ചില്ല. വീടിനു പിന്നിലെ റബർ മരങ്ങൾ ഇടയ്ക്കിടെ ഒടിഞ്ഞു വീഴാറുള്ളതും അതേ ശബ്ദത്തിലാണല്ലോ.

പക്ഷേ, വീടു വിറച്ചതിനൊപ്പം അടുക്കളച്ചുമരിൽ നെടുനീളത്തിൽ താഴേക്കൊരു വിള്ളൽ വരഞ്ഞുവീണപ്പോൾ രാധാമണി പേടിച്ചു. രാധാമണി മാത്രമല്ല, ഭർത്താവ് രാമകൃഷ്ണനും. പാലമേൽ കഞ്ചുകോട് രാജേഷ് ഭവനിൽ രാമകൃഷ്ണനും രാധാമണിയും പേടിച്ചതുപോലെ ഈ ഗ്രാമത്തിൽ പലരും ഒരേസമയം പേടിച്ച നിമിഷങ്ങളായിരുന്നു ഇന്നലെ രാവിലെ 10.30 മുതൽ ഏതാനും നിമിഷങ്ങൾ‍.ചിലയിടങ്ങളിൽ ടിപ്പർ ലോറിയിൽ പാറയിറക്കുന്നതുപോലെയുള്ള ശബ്ദമായിരുന്നു.

ചിലയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീഴുന്നതുപോലെയും. ആകാശത്ത് ഇടിവെട്ടു കേട്ടതുപോലെ തോന്നിയെന്നും ചിലർ പറയുന്നു.എല്ലാംകൂടി ഏതാനും നിമിഷങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ. തറയിൽ നിന്നു തലയിലേക്കു ചെറുതായി വൈദ്യുതി കടത്തിവിട്ടതുപോലൊരു തരുതരുപ്പും വിറയലും പലർക്കും അനുഭവപ്പെട്ടു. വീടുകളുടെ ചുമരുകളിൽ വിള്ളൽ‍ വീണ സംഭവങ്ങളുണ്ടായെങ്കിലും കാര്യമായ നാശനഷ്ടം ഒരിടത്തും സംഭവിച്ചിട്ടില്ല.

സുഭദ്ര, സുനീഷ് ഭവനം, തണ്ടാനുവിള

‘രാവിലെ 10.30ന് അടുക്കളയിൽ പാചകം ചെയ്തു നിൽക്കുമ്പോഴാണു ഭയാനകമായ ശബ്ദം കേട്ടത്. വീട്ടിലുണ്ടായിരുന്ന മരുമകൾക്കും രണ്ട് കുട്ടികൾക്കുമൊപ്പം നിലവിളിച്ചു പുറത്തേക്കോടി നാലുപാടും നോക്കി. അടുത്ത പലവീട്ടുകാരും പുറത്തേക്ക് ഓടുകയായിരുന്നു. ശബ്ദത്തോടൊപ്പം വീട് ഒന്നാകെ കുലുങ്ങി. വീടിന്റെ ഭിത്തികളിലെ പലഭാഗങ്ങളിലും വിള്ളലുകളുണ്ടായി. ആളുകൾ പലയിടത്തുമായി ഓടിക്കൂടിയെങ്കിലും ഇപ്പോഴും ശരീരമാകമാനം വിറപ്പിക്കുന്ന രീതിയിൽ കേട്ട ആ ഭയാനകമായ ശബ്ദം ഓർമയിൽ നിന്നു വിട്ടുമാറിയിട്ടില്ല. വീടിന്റെ സുരക്ഷിതത്വത്തെകുറിച്ചും ഇനിയും ഭൂമി കുലുങ്ങുമോയെന്നും പേടി ഇപ്പോഴുമുണ്ട്.

ഉണ്ണിക്കൃഷ്ണൻനായർ, പറയന്റെ വടക്കേതിൽ, മറ്റപ്പള്ളി.

‘വീടിനോടു ചേർന്നു ഷെഡ് പണി നടക്കുന്നതിനിടയിൽ മുറിക്കുള്ളിൽ നിൽക്കുകയായിരുന്നു.മേൽക്കൂരയ്ക്കു മുകളിൽ വലിയൊരു ശബ്ദം കേട്ടു. കെട്ടിടത്തിനു മുകളിൽ വലിയൊരു മരം വന്നു വീണതായാണു തോന്നിയത്. ഉടനെ പുറത്തേക്ക് ഓടിയിറങ്ങി. അടുക്കളയിലെ പാത്രങ്ങൾ താഴെ വീഴുന്ന ശബ്ദവും കേട്ടു. ഭൂചലനമാണുണ്ടായതെന്നു മറ്റു വീടുകളിൽ നിന്നു നിലവിളിക്കുന്നതു കേട്ടു. കുലുക്കം നിന്ന ശേഷം വീടിനുള്ളിൽ കയറിനോക്കിയപ്പോൾ ഭിത്തികളെല്ലാം പൊട്ടിക്കീറിയിരുന്നു.’

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama