എടത്വ ∙ പ്രളയശേഷം നിലച്ചു പോയ പച്ചക്കറി കൃഷി വീണ്ടും സജീവമാക്കി കർഷകർ. കുട്ടനാട്ടിലെ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുടെ (വിഎഫ്പിസികെ) കീഴിൽ പ്രവർത്തിച്ചിരുന്ന വിപണികളുടെ പ്രവർത്തനം ആരംഭിച്ചു. വെള്ളപ്പൊക്കത്തെ തുടർന്നു കൃഷി നശിച്ചതോടെ വിപണിയിൽ ഒരുരൂപയുടെ കച്ചവടം പോലും നടന്നിരുന്നില്ല. കൃഷി ആരംഭിച്ചതോടെ വിപണിയിൽ സാധനങ്ങൾ എത്തിത്തുടങ്ങി.
കഴിഞ്ഞ ആഴ്ച മരിയാപുരത്ത് 70000 രൂപയുടെയും രാമങ്കരിയിൽ 32000 രൂപയുടെയും വ്യാപാരമാണു നടന്നത്. എളുപ്പം വിളവെടുക്കാൻ കഴിയുന്ന പടവലം,പാവൽ, പയർ കോവൽ എന്നീ പച്ചക്കറികളാണു കൂടുതലായി വന്നു തുടങ്ങിയത്. എന്നാൽ കഴിഞ്ഞ സീസണിൽ കൃഷി ചെയ്തിരുന്നതു പോലെ ഏത്തവാഴകൃഷി വ്യാപകമായി തുടങ്ങിയിട്ടില്ലെന്ന് മരിയാപുരം വിപണി മാനേജർ സജിമോൻ ജോസഫ് പറഞ്ഞു. കൃഷി നശിച്ച കർഷകർക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
രാമങ്കരി വിപണിയിലെ കർഷകർക്കു സൗജന്യമായി വിവിധ ഇനം പച്ചക്കറി തൈകൾ നൽകാൻ തയാറാക്കിയിട്ടുണ്ട്. 4500 തൈകളാണ് ഇതിനായി തയ്യാറാക്കുന്നത്. മുളക്, തക്കാളി, വഴുതന, വെണ്ട, കോളിഫ്ലവർ തുടങ്ങിയ തൈകളാണു നൽകുന്നത്. എടത്വ–മരിയപുരത്തും,രാമങ്കരിയിലും പ്രവർത്തിക്കുന്ന വിപണികൾക്കു പുറമെ ചെങ്ങന്നൂർ പാണ്ടനാട് വിപണികളിലും വ്യാപാരം ആരംഭിച്ചിട്ടുണ്ട്. പച്ചക്കറികൾ എത്തിത്തുടങ്ങിയതോടെ ദൂരെ നിന്നടക്കം കച്ചവടക്കാരും എത്തിത്തുടങ്ങി.
എന്നാൽ ഏത്തയ്ക്കാ വിപണി വീണ്ടും സജീവമാകണമെങ്കിൽ കുറഞ്ഞത് 8 മാസം എങ്കിലും കഴിയും. എടത്വ മരിയാപുരം വിപണിയിൽ വർഷം 1.25 കോടി രുപയുടെ വ്യാപരമാണു നടന്നിരുന്നത്. ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന മേയ് ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലാണ്. 2017 ൽ ഈ കാലയളവിൽ 53 ലക്ഷം രൂപയുടെ വിപണനം നടന്നിരുന്നു. 2018 ൽ പകുതിപോലും നടന്നിരുന്നില്ല. ജില്ലയിലെ 12 വിപണികളിലും ഇതായിരുന്നു അവസ്ഥ. എല്ലാ ആഴ്ചയും ചൊവ്വ, വെള്ളി ദിവസങ്ങളിലാണു ലേലം. മാത്രമല്ല അന്നന്നു പറിച്ചെടുക്കുന്ന സാധനങ്ങളാണു കർഷകർ എത്തിക്കുന്നത്.