go

ജേക്കബിന്റെ പക്കലുണ്ടായിരുന്ന സാധനങ്ങൾ എന്തൊക്കെ? സെല്ലിൽ തൊട്ടടുത്തു കിടന്നതാര്....?

alappuzha news
മാവേലിക്കര സ്പെഷൽ സബ് ജയിൽ കവാടം.
SHARE

മാവേലിക്കര ∙ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി എം.ജെ. ജേക്കബ് മാവേലിക്കര സ്പെഷൽ സബ് ജയിലിൽ മരിച്ചതിനെപ്പറ്റി അന്വേഷിച്ച മജിസ്ട്രേട്ടിന്റെ റിപ്പോർട്ടിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളേറെ. ജേക്കബ് സെല്ലിൽ പ്രവേശിച്ച രാത്രി 9.12 നും മരിച്ചനിലയിൽ കണ്ട രാവിലെ 6നും ഇടയിൽ എന്താണു സംഭവിച്ചത്? ജേക്കബ് സെല്ലിൽ കയറുമ്പോൾ അനുഗമിച്ച ഉദ്യോഗസ്ഥൻ ആര്? ജേക്കബിന്റെ പക്കലുണ്ടായിരുന്ന സാധനങ്ങൾ എന്തൊക്കെ? സെല്ലിൽ തൊട്ടടുത്തു കിടന്നതാര്....?

മരണ കാരണം സംബന്ധിച്ചു ജയിൽ സൂപ്രണ്ട് ജേക്കബിന്റെ സഹതടവുകാരിൽ നിന്നു രേഖപ്പെടുത്തിയ മൊഴികളെല്ലാം ഒരുപോലെയാണെന്നതിലും റിപ്പോർട്ട് സംശയം പ്രകടിപ്പിക്കുന്നു. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരിൽ ഒരാളൊഴികെ എല്ലാ ഉദ്യോഗസ്ഥരും പറഞ്ഞത് ജേക്കബ് ആത്മഹത്യ ചെയ്തെന്നാണ്. ഇതേപ്പറ്റി റിപ്പോർട്ടിലെ ചോദ്യം ഇങ്ങനെ: 39 സെന്റിമീറ്റർ നീളവും 36.5 സെന്റിമീറ്റർ വീതിയുമുള്ള തൂവാല ശബ്ദവുമുണ്ടാക്കാതെ തൊണ്ടയിൽ തിരുകി ജീവനൊടുക്കാൻ കഴിയുമോ? ഒരിക്കലും കഴിയില്ലെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞതെന്നു റിപ്പോർട്ടിലുണ്ട്.

ഇത്തരം ലക്ഷണം കാണിക്കാതിരിക്കണമെങ്കിൽ ജേക്കബ് ലഹരിയിലായിരിക്കണം അല്ലെങ്കിൽ ബലമായി ശ്വാസം മുട്ടിച്ചതായിരിക്കണമെന്നുമാണു ഡോക്ടർമാരുടെ വിശദീകരണം. എന്നാൽ, ജേക്കബ് ഒരു ശബ്ദവുമുണ്ടാക്കിയില്ലെന്നാണു ജയിൽ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴി. ഇതിൽ റിപ്പോർട്ട് സംശയം പ്രകടിപ്പിക്കുന്നു.  ജേക്കബിന്റെ വെപ്പുപല്ലുകൾ മൃതദേഹത്തിനൊപ്പം വേറെയായാണ് ആശുപത്രിയിലെത്തിച്ചത്. പല്ല് ഇളകിയതു തൂവാല തിരുകാൻ സൗകര്യമായിട്ടുണ്ടാവാം. വായിൽ മുറിവില്ലാത്തതിന്റെ കാരണം ഇതാവാമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഇതുവരെ ഇത്തരം മരണങ്ങളെല്ലാം കൊലപാതകമാണെന്നു ഫൊറൻസിക് ഗ്രന്ഥങ്ങൾ ഉദ്ധരിച്ചു ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ആത്മഹത്യ സാധ്യമല്ല. ഇതിലും തീക്ഷ്ണ സാഹചര്യങ്ങളെ ജേക്കബ് മറികടന്നിട്ടുണ്ടെന്നു മകൻ അലക്സ് മൊഴി നൽകിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

ജയിലിലെ സിസിടിവി ക്യാമറകളിൽ മാർച്ച് 20നു രാത്രി 11.41 മുതൽ 12.04 വരെയുള്ള ദൃശ്യങ്ങൾ ഇല്ലാത്തതും സംശയകരമാണ്. ക്യാമറകൾക്കു തകരാറുണ്ടെന്നു കാണിച്ചു ജയിലിൽ നിന്നു മാർച്ച് 19നും 21നും അയച്ച കത്തുകൾ ഒരേ കൈപ്പടയിലായതിലും റിപ്പോർട്ട് സംശയം പ്രകടിപ്പിച്ചു.  മരണം കൊലപാതകമാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ കേസ് ആദ്യം അന്വേഷിച്ച ഡിവൈഎസ്പിയോടു പറഞ്ഞിരുന്നു.

സെല്ലിൽനിന്നു രാത്രി നിലവിളി കേട്ടെന്നു തൊട്ടടുത്ത സെല്ലിലുണ്ടായിരുന്ന ഉണ്ണിക്കൃഷ്ണൻ മൊഴി നൽകിയിരുന്നു. മൊഴി നൽകിയത് അറിഞ്ഞ സ്റ്റീഫൻ വർഗീസ് എന്ന തടവുകാരൻ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും ഉണ്ണിക്കൃഷ്ണൻ ബോധിപ്പിച്ചു. സ്റ്റീഫൻ എന്തിന് ഉണ്ണിക്കൃഷ്ണനെ ആക്രമിക്കാൻ ശ്രമിക്കണമെന്നാണു റിപ്പോർട്ടിലെ മറ്റൊരു സംശയം. 

കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞു; പിറ്റേന്നു കേട്ടത്  മരണവാർത്ത: അനുജൻ 

മാവേലിക്കര ∙  ജേക്കബിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു അനുജൻ ജോർജ്കുട്ടി പറഞ്ഞു. തൂവാല തൊണ്ടയിൽ തിരുകി ജീവനൊടുക്കിയെന്നത് ആരും വിശ്വസിക്കില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ  ശരിയാണെന്നും ജോർജ് കുട്ടി പറഞ്ഞു.  അറസ്റ്റ് ചെയ്ത വിവരം പൊലീസ്   അറിയിച്ചിരുന്നു.    ജാമ്യത്തിൽ ഇറക്കാൻ കഴിയുമോ എന്നു ചോദിച്ചപ്പോൾ നാളെ കോടതിയിൽ ഹാജരാക്കുകയാണെന്നു പൊലീസ് പറഞ്ഞു.

പിറ്റേന്നു രാവിലെ വിളിച്ചു മരണ വിവരമാണു പറഞ്ഞതെന്നു ജോർജ് കുട്ടി പറയുന്നു.  കേസ് മുന്നോട്ടു കൊണ്ടു പോകുന്നതിനെക്കുറിച്ച് അയർലൻഡിലുള്ള മകൻ അലക്സും അമേരിക്കയിലുള്ള മകൾ ലിസയുമാണു തീരുമാനമെടുക്കേണ്ടതെന്നു ജോർജ് കുട്ടി പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിനു ഉന്നത സംഘത്തെ നിയമിക്കണമെന്നും  കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama