go

പൊഴിമുഖത്തിന്റെ ആഴവും വീതിയും കൂട്ടുന്നു; നീരൊഴുക്ക് ഇരട്ടിയാക്കാൻ ശ്രമം

alappuzha-thottapally
തോട്ടപ്പള്ളി പൊഴിമുഖത്തിന്റെ ആഴം കൂട്ടാൻ യന്ത്രസഹായത്തോടെ മണ്ണുനീക്കുന്നു. ചിത്രം: മനോരമ
SHARE

ആലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം വഴി കടലിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു.  യന്ത്രസഹായത്തോടെ പൊഴിമുഖത്തിന്റെ ആഴവും വീതിയും കൂട്ടുന്ന ജോലികൾ തുടരുന്നുണ്ട്. മഴ കുറഞ്ഞെങ്കിലും കിഴക്കൻവെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ല. 250 മീറ്ററിനു മേലെ വീതി കൂട്ടാനാണ് ജലവിഭവ വകുപ്പിന്റെ തീരുമാനം. നീരൊഴുക്ക് ഇരട്ടിയാക്കുന്നതിനു വേണ്ടിയാണിത്. 4 യന്ത്രങ്ങളാണ് പ്രവർത്തിക്കുന്നത്. എന്നാൽ പൊഴിമുഖം മുറിച്ചുള്ള പദ്ധതി വിഭാവനം ചെയ്ത സമയത്തുള്ള ശേഷി ഇപ്പോഴില്ല.

ലീഡിങ് ചാനലിന്റെ ആഴക്കുറവാണ് പ്രധാന കാരണം. സ്പിൽവേ കനാലുകളുടെ ആഴം കൂട്ടാത്തതും തിരിച്ചടിയായി. സെക്കൻഡിൽ 65000 ഘന അടി വെള്ളം കടന്നു പോകേണ്ട സ്പിൽവേ ഷട്ടറുകളിലൂടെ 26000 ഘന അടി വെള്ളം മാത്രമാണ് ഒഴുകി പോകുന്നത്. എന്നാൽ നീരൊഴുക്ക് ശക്തമായി തുടരുന്നത് ശുഭസൂചനയാണ്.തണ്ണീർമുക്കം ഭാഗത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും കായലിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടില്ല.

തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളും ഉയർത്തിവച്ചിരിക്കുന്നതും 20, 30, 46 അടി ലോക്കുകൾ തുറന്നിട്ടിരിക്കുന്നതും കടലിലേക്കുള്ള ഒഴുക്ക് ശക്തമാക്കുന്നു. ഇപ്പോൾ കായലിലെ ജലനിരപ്പ് പരമാവധി 1.20 മീറ്ററാണ്. കഴിഞ്ഞതവണ പ്രളയമുണ്ടായപ്പോൾ 2.7 മീറ്റർവരെ ഈ ഭാഗത്ത് ജലനിരപ്പ് ഉയർന്നിരുന്നു.

തൃക്കുന്നപ്പുഴ ചീപ്പ് വഴിയുള്ള ഒഴുക്കും ശക്തമായി തുടരുന്നുണ്ട്. ശനിയാഴ്ച സെക്കൻഡിൽ 1900 ഘന അടി വെള്ളം പോയിരുന്ന സ്ഥാനത്ത് ഇന്നലെ 200 ഘന അടി വെള്ളമൊഴുകുന്നുണ്ട്. ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. വെള്ളം കലങ്ങി വരുന്നത് കുറയുന്നുണ്ട്. അന്ധകാരനഴിയിലും നീരൊഴുക്കിൽ കാര്യമായ മാറ്റമില്ല. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama