go

ചെട്ടികുളങ്ങരയിൽ തൊഴുകൈകളോടെ...

Alappuzha News
ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശേഷം വീട്ടിലെത്തിയ പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ ചെറുമുക്ക് മനയിൽ സി.എസ്.ശ്രീകണ്ഠൻ സോമയാജിപ്പാടിനു ഭാര്യ ജയശ്രീ പത്തനാടി മധുരം നൽകുന്നു. മകൻ ജിതേന്ദ്രൻ നമ്പൂതിരി സമീപം
SHARE

ചെട്ടികുളങ്ങര ∙ ചെട്ടികുളങ്ങര പുറപ്പെടാ മേൽശാന്തി നറുക്കെടുപ്പിൽ തന്റെ പേരു വായിക്കുന്നതു കേട്ടു ക്ഷേത്രനടയിൽ പ്രാർഥനാപൂർവം നിന്ന പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ ചെറുമുക്ക് മനയിൽ സി.എസ്.ശ്രീകണ്ഠൻ സോമയാജിപ്പാട് (48) പരിസരം പോലും മറന്നു കരഞ്ഞു. തുടർന്നു ക്ഷേത്ര നടയിലെത്തി തൊഴുതു. ‘പട്ടികയിൽ ഉൾപ്പെട്ട 6 പേരിൽ നിന്ന് എന്നെ തിരഞ്ഞെടുത്തതിന്റെ അർഥം ഭഗവതി  അനുഗ്രഹിച്ചു എന്നല്ലേ, മുൻ ജന്മസുകൃതം. ദാരിദ്ര്യത്തിന്റെ വിഷമതകൾ ഏറെ അനുഭവിച്ചിട്ടുണ്ട്. 6 വർഷം മുൻപു ഒരിക്കൽ പൂജ ചെയ്തു ലഭിച്ച തുകയുമായി അച്ഛന്റെ അടുത്തെത്തിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞു.   തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. അതിനു ശേഷമാണ് ഒട്ടേറെ സൗഭാഗ്യങ്ങൾ തേടിയെത്തിയത്. 2016ൽ പട്ടാമ്പി പെരുമടിയൂർ സോമയാഗത്തിൽ യജമാന പദവി ലഭിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ചെട്ടികുളങ്ങര മേൽശാന്തി പദത്തിലേക്ക് അപേക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ വർഷം പട്ടികയിൽ ഉൾപ്പെട്ടു.  മൂന്നാമത്തെ തവണയാണു ഭഗവതി അനുഗ്രഹിച്ചത്.

അപേക്ഷ സമർപ്പിക്കുന്നതിന് എത്തിയപ്പോൾ ചെട്ടികുളങ്ങരയിലെത്തി തൊഴുതു. നിലവിലെ മേൽശാന്തി മേനാമ്പള്ളി ഇടയ്ക്കാട്ട് ഇല്ലം പി.കൃഷ്ണൻ നമ്പൂതിരിയോടു ഭഗവതിയോട് എന്റെ കാര്യം കൂടി പറയണേ എന്ന് അപേക്ഷിച്ചു. അദ്ദേഹം അതു പറഞ്ഞു, ഭഗവതി അനുഗ്രഹിച്ചു, എന്റെ ആഗ്രഹം സഫലമായി.’ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 17 വർഷമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായി സേവനം ചെയ്യുകയാണ്. തിങ്കളാഴ്ച അഭിമുഖത്തിനു എത്തിയ ശേഷം നാട്ടിലേക്കു മടങ്ങിയ ശ്രീകണ്ഠൻ ഇന്നലെ രാവിലെ 10നു ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തി. അപ്പോൾ മുതൽ ക്ഷേത്രത്തിൽ പ്രാർഥനാനിരതനായി ഇരുന്നു. നറുക്കെടുപ്പ് ചടങ്ങുകൾ ആരംഭിച്ചപ്പോഴാണു പുറത്തേക്ക് ഇറങ്ങിയത്. ഇപ്പോൾ എറണാകുളം വടക്കൻ പറവൂർ നാറാണം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. എറണാകുളത്തെത്തിയ ശേഷം കുടുംബ സമേതം പാലക്കാട്ട് പോകും. അവിടെ കുടുംബ ക്ഷേത്രങ്ങളിലും മറ്റും തൊഴുത് അനുഗ്രഹം തേടി തിരികെ വരും. 

നറുക്കെടുപ്പിന് ഭക്തജനത്തിരക്ക്

ചെട്ടികുളങ്ങര ∙ ഭഗവതിയുടെ പാദപൂജ ചെയ്യാൻ ഭാഗ്യം സിദ്ധിക്കുന്നത് ആർക്കെന്നറിയാൻ ദേവീക്ഷേത്ര സന്നിധിയിൽ ഭക്തജനത്തിരക്ക്. ഇന്നലെ ഉച്ചപൂജയ്ക്കു ശേഷമാണു നറുക്കെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചത്. പട്ടികയിൽ  ഉൾപ്പെട്ട 6 പേരുകളും മേൽശാന്തി എന്നെഴുതിയ നറുക്കും ചുരുട്ടി വ്യത്യസ്ത വെള്ളിക്കുടങ്ങളിലിട്ടു ശ്രീകോവിലിൽ കൊണ്ടുപോയി പൂജിച്ചു തിരികെയെത്തിച്ചാണു നറുക്കെടുപ്പ് ആരംഭിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് കൈലാസത്തിൽ ശ്രീരാജ്, ശ്രീജ ദമ്പതികളുടെ മകളായ 3വയസുകാരി ശ്രീപാർവതി ആണു നറുക്കെടുത്തത്. ശ്രീകണ്ഠൻ സോമയാജിപ്പാടിന്റെ പേരും മേൽശാന്തി എന്ന കുറിയും അവസാന ഊഴത്തിലാണു നറുക്കെടുത്തത്.

തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ദേവസ്വം ഡപ്യുട്ടി കമ്മിഷണർമാരായ ജി.ബൈജു, എം.ആർ.യതീന്ദ്രനാഥ്, അസിസ്റ്റന്റ് കമ്മിഷണർ രാജീവ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.ദിലീപ്കുമാർ, ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി ആർ.രാജേഷ്കുമാർ, ട്രഷറർ പി.രാജേഷ്, വൈസ് പ്രസിഡന്റ് എം.മനോജ്, ജോയിന്റ് സെക്രട്ടറി പി.കെ. റെജി കുമാർ, കൺവൻഷൻ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, കരക്കാർ, ഭക്തർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama